കൊച്ചി: അതിശയന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ദേവദാസ് നായകനാവുന്നു. ദേവദാസിന്റെ പിതാവും പ്രമുഖ നടനുമായ ഭാസി പടിക്കല്‍ (രാമു) കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി ദേവാമൃതം സിനിമ ഹൗസ് നിര്‍മ്മിച്ച് പി.കെ ബാബുരാജ് സംവിധാനം ചെയ്യുന്ന “കളിക്കൂട്ടുകാരി”ലാണ് ദേവദാസ് കേന്ദ്രകഥാപാത്രമാകുന്നത്.
പത്തൊമ്പത് വയസ്സുള്ള ആറ് സുഹൃത്തുക്കളുടെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് കളിക്കൂട്ടുകാര്‍ പറയുന്നത്. കുട്ടിക്കാലം മുതലേ ഒരുമിച്ച് കളിച്ചുവളര്‍ന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായി ഒരുമിച്ച് മുന്നേറുമ്പോള്‍ അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ചില സംഭവങ്ങളിലൂടെയും വ്യക്തികളിലൂടെയുമാണ് കളിക്കൂട്ടുകാര്‍ കഥ വികസിക്കുന്നതെന്ന് സംവിധായകന്‍ പി.കെ ബാബുരാജ് വ്യക്തമാക്കി.
Also Read നേര്‍ക്കാഴ്ചയുടെ ഒരു “കുപ്രസിദ്ധ” പയ്യന്‍
ആനന്ദ് (ദേവദാസ്), അഞ്ജലി (നിധി) ഇവരാണ് ഈ ഗ്രൂപ്പിന്റെ ലീഡേഴ്‌സ്. ഇവര്‍ തന്നെയാണ് കേന്ദ്രകഥാപാത്രങ്ങളും. ആറ് പേര്‍ ചേര്‍ന്നുള്ള ഒരു ടീനേജ് ഗ്രൂപ്പിന്റെ കഥ മാത്രമല്ല ഈ ചിത്രം. ക്യാമ്പസ് മൂവിയുമല്ല. മറിച്ച് ഈ പ്രായത്തില്‍ അവര്‍ നേരിടേണ്ടി വരുന്ന ചില സാമൂഹിക പ്രശ്‌നങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ആക്ഷനും സസ്‌പെന്‍സുമൊക്കെയുള്ള ചിത്രം പൂര്‍ണ്ണമായും ഒരു ഫാമിലി എന്റര്‍ടെയ്‌നറായിട്ടാണ് ഒരുങ്ങുന്നത്.
തൃശ്ശൂരിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. തൃശ്ശൂര്‍, ഗോവ, വാഗമണ്‍ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത് . എം ടി – ഹരിഹരന്‍ കൂട്ടുകെട്ടിലൂടെ കടന്നുവന്ന് ഭദ്രന്‍, പി.എന്‍ മേനോന്‍, ജി.എസ് വിജയന്‍ തുടങ്ങി ഒട്ടേറെ പ്രമുഖ സംവിധായകരുടെ ഒപ്പം പ്രവര്‍ത്തിച്ചുവന്ന പി.കെ ബാബുരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് കളിക്കൂട്ടുകാര്‍.
Also Read സുജോയ് ഘോഷിന്റെ പുതിയ നെറ്റ്ഫ്ളിക്സ് വെബ് സീരീസ് “ടൈപ്റൈറ്റര്‍”
ദേവദാസിന് പുറമെ യുവതാരങ്ങളായ നിധി, ആല്‍വിന്‍, ജെന്‍സണ്‍ ജോസ്, സ്‌നേഹ സുനോജ്, ഭാമ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. സലിംകുമാര്‍,ജനാര്‍ദ്ദനന്‍,കുഞ്ചന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, ബൈജു, ഷമ്മി തിലകന്‍, രാമു, ശിവജി ഗുരുവായൂര്‍, , വിവേക് ഗോപന്‍, സുനില്‍ സുഖദ, സുന്ദര പാണ്ഡ്യന്‍, ബിന്ദു അനീഷ്, രജനി മുരളി എന്നിവരും ഈ ചിത്രത്തിലുണ്ട്.
ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന് കീഴിലുള്ള മുംബൈയിലെ വിസിലിംഗ് വുഡ് ഇന്റര്‍നാഷണലില്‍ ബി എസ് സി ഫിലിം മേക്കിംഗില്‍ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണ് ദേവദാസ് ഇപ്പോള്‍.
ഛായാഗ്രഹണം – പ്രദീപ് നായര്‍, എഡിറ്റിംഗ് – അയൂബ് ഖാന്‍, പശ്ചാത്തല സംഗീതം – ബിജിബാല്‍, സംഗീതം- വിഷ്ണു മോഹന്‍ സിത്താര, വിനു തോമസ്, ഗാനരചന – റഫീക്ക് അഹമ്മദ്, ഹരിനാരായണന്‍, പി.ആര്‍.ഒ – പി.ആര്‍.സുമേരന്‍