മലയാളികളുടെ പ്രിയപ്പെട്ട താരപുത്രനാണ് കാളിദാസ് ജയറാം. മലയാളത്തിനേക്കാൾ തമിഴ് സിനിമയിൽ കൂടുതൽ സജീവമായിട്ടുള്ള കാളിദാസ്, വിക്രം അടക്കമുള്ള വമ്പൻ സിനിമകളിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.
ലോകേഷ് കനക രാജ് ഒരുക്കിയ വിക്രത്തിൽ കമൽഹാസന്റെ മകന്റെ വേഷമായിരുന്നു കാളിദാസ് ചെയ്തത്. വിക്രം സിനിമയുടെ ലൊക്കേഷനിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് താരം.
താൻ കമലഹാസന്റെ വലിയൊരു ആരാധകനാണെന്നും അദ്ദേഹത്തിന്റെ വിരുമാണ്ടി എന്ന ചിത്രം ഒരുപാട് ഇഷ്ടമാണെന്നും ആദ്യമായി കണ്ടപ്പോൾ ആ കാര്യങ്ങളൊക്കെയാണ് താൻ കൂടുതൽ സംസാരിച്ചതെന്നും കാളിദാസ് പറയുന്നു. വർഷങ്ങൾക്കു മുമ്പ് തന്നെ സൂപ്പർ ഹീറോ കഥകളെ കുറിച്ചും അദ്ദേഹം ചിന്തിച്ചിരുന്നെന്നും സിനിമ വികടന് നൽകിയ അഭിമുഖത്തിൽ കാളിദാസ് പറഞ്ഞു.
‘എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ചിത്രമാണ് അദ്ദേഹത്തിന്റെ വിരുമാണ്ടി. ആദ്യമായി കമൽ സാറിനെ കണ്ടപ്പോൾ ഞാൻ ആ സിനിമയെ കുറിച്ച് തന്നെ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരുന്നു.
ഞാൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണ്. അതുകൊണ്ടുതന്നെ ആദ്യമായി കാണുന്ന ആ ഫാൻ ബോയ് മൊമന്റിൽ എന്താണ് സംസാരിക്കേണ്ടതെന്ന ഒരു കൺഫ്യൂഷൻ നമുക്കുള്ളിൽ ഉണ്ടാകും. അദ്ദേഹത്തെ ശല്യപ്പെടുത്തിയിട്ടില്ല എന്നാണ് ഞാൻ കരുതുന്നത്.
വിക്രം സിനിമയുടെ ഷൂട്ടിങ് സമയത്താണ് മലയാളത്തിലെ മിന്നൽ മുരളി എന്ന ചിത്രം റിലീസ് ആയത്. ഞങ്ങൾ ഇങ്ങനെ ചുമ്മാ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അദ്ദേഹം പറഞ്ഞു എത്രയോ കാലങ്ങൾക്കു മുമ്പ് തന്നെ അദ്ദേഹം ഒരു സൂപ്പർഹീറോ കഥ എഴുതിവെച്ചിട്ടുണ്ടെന്ന്. ആ കഥയെല്ലാം അദ്ദേഹം പറഞ്ഞു തന്നു. എനിക്ക് ശരിക്കും അത്ഭുതം തോന്നി. അത്രയും കാലം മുൻപ് തന്നെ അങ്ങനെയുള്ള കഥകളെല്ലാം സാർ ആലോചിച്ചിട്ടുണ്ട്.