മൂന്ന് കാര്യങ്ങള്‍ കൊണ്ടാണ് മലയാള സിനിമയില്‍ അഭിനയിക്കാത്തത്; അവരില്‍ ഒരാളാണ് ഞാനെന്ന് തോന്നിയിട്ടില്ല: കാളിദാസ് ജയറാം
Entertainment
മൂന്ന് കാര്യങ്ങള്‍ കൊണ്ടാണ് മലയാള സിനിമയില്‍ അഭിനയിക്കാത്തത്; അവരില്‍ ഒരാളാണ് ഞാനെന്ന് തോന്നിയിട്ടില്ല: കാളിദാസ് ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 23rd November 2024, 9:14 am

ബാലതാരമായി സിനിമയിലേക്കെത്തി രണ്ടാമത്തെ സിനിമയില്‍ തന്നെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ താരമാണ് കാളിദാസ് ജയറാം. ആദ്യത്തെ രണ്ട് സിനിമക്ക് ശേഷം പഠനത്തിലേക്ക് ശ്രദ്ധ നല്‍കിയ താരം 2018ല്‍ റിലീസായ മീന്‍ കുഴമ്പും മണ്‍പാനൈയും എന്ന സിനിമയിലൂടെ സിനിമാലോകത്തേക്ക് തിരിച്ചെത്തി. അതേ വര്‍ഷം തന്നെ പൂമരം എന്ന സിനിമയിലൂടെ മലയാളത്തിലും നായകനായി അരങ്ങേറി.

2021ല്‍ പാവക്കഥൈകള്‍ എന്ന ആന്തോളജി സീരീസിലെ തങ്കം എന്ന സെഗ്മെന്റിലെ പ്രകടനം മികച്ച പ്രശംസ നേടിക്കൊടുത്തു. രായാനാണ് കാളിദാസിന്റെ അവസാനം തിയേറ്ററുകളിലെത്തി ചിത്രം. നിലവില്‍ മലയാളത്തേക്കാള്‍ തമിഴില്‍ തിരക്കേറിയ നടനാണ് താരം.

മലയാള സിനിമകളില്‍ എന്തുകൊണ്ടാണ് ഇല്ല എന്നതിന്റെ കാരണം പറയുകയാണ് കാളിദാസ് ജയറാം. മൂന്ന് കാര്യങ്ങള്‍ കൊണ്ടാണ് താന്‍ മലയാളസിനിമയില്‍ ഇപ്പോള്‍ അഭിനയിക്കാത്തതെന്നും അതിന് ഒരു പരിധിവരെ താനും ഇന്‍ഡസ്ട്രിയുമാണ് കാരണമെന്നും കാളിദാസ് പറഞ്ഞു.

ആദ്യത്തെ കാരണം തന്റെ ചില തെറ്റായ തെരഞ്ഞെടുപ്പുകളാണെന്നും രണ്ടാമത്തെ കാരണം മലയാള സിനിമയില്‍ താനൊരു അംഗമായി തോന്നാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാളത്തില്‍ നിന്ന് നല്ല സിനിമകള്‍ ലഭിക്കാത്തതും ഒരു കാരണമാണെന്ന് കാളിദാസ് പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കാളിദാസ് ജയറാം.

‘മലയാളം സിനിമകള്‍ ഞാന്‍ ഇപ്പോള്‍ അധികം ചെയ്യാറില്ല. അതിന് കുറേ കാരണങ്ങള്‍ ഉണ്ട്. ആദ്യത്തെ റീസണ്‍ എനിക്ക് ശരിയായ സിനിമകള്‍ ലഭിക്കാത്തത്. രണ്ടാമത്തെ കാരണം ഞാന്‍ തെറ്റായ ചില തെരഞ്ഞെടുപ്പുകള്‍ നടത്തിയത്. ഞാന്‍ മലയാളത്തില്‍ ചെയ്തതില്‍ ചിലതൊഴിച്ചാല്‍ ബാക്കിയെല്ലാം വളരെ മോശം സിനിമകളായിരുന്നു. മൂന്നാമത്തെ കാരണം എനിക്ക് ഞാന്‍ മലയാള സിനിമ എന്ന കുടുംബത്തിലെ ഒരു അംഗം ആയി തോന്നിയിട്ടില്ല എന്നതും.

അതിന് കാരണം ഞാന്‍ മലയാളസിനിമയില്‍ ശരിയായ സിനിമകള്‍ ചെയ്യാത്തതുകൊണ്ടുതന്നെയാണ്. പ്രേക്ഷകരും ഇന്‍ഡസ്ട്രിയും എന്നെ സ്വീകരിച്ചു എന്നെനിക്ക് തോന്നിയിട്ടില്ല. എന്നാല്‍ ഞാന്‍ ശരിയായ വര്‍ക്കുകള്‍ ചെയ്താല്‍ അവരെന്നെ സ്വീകരിക്കും എന്നെനിക്കുറപ്പുണ്ട്.

ഒരു സിനിമ കണ്ടിറങ്ങുമ്പോള്‍ ആളുകള്‍ക്ക് നമ്മളുമായി കണക്ട് ആകാന്‍ കഴിയണം. അവരിലൊരാളെന്ന് തോന്നുകയും വേണം. മലയാള സിനിമയില്‍ ഞാന്‍ ഇല്ലാത്തതിന് ഒരു പരിധി വരെ ഞാന്‍ തന്നെയാണ് കാരണം. എന്നാല്‍ ഇന്‍ഡസ്ട്രിയും എന്നെ അന്യനായി കാണുന്നു എന്ന് തോന്നാറുണ്ട്,’ കാളിദാസ് ജയറാം പറയുന്നു.

Content Highlight: Kalidas Jayaram Talks  About Why He Is Not Doing Malayalam Cinema