| Sunday, 28th July 2024, 12:55 pm

സിനിമ വിട്ടുകളയാമെന്ന് തീരുമാനിച്ച നിമിഷം; അന്നത്തെ ഒരു ഫോണ്‍ കോള്‍ എന്റെ കരിയര്‍ മാറ്റി: കാളിദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ ഏഴാം വയസില്‍ സിനിമയിലേക്ക് എത്തി മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് കാളിദാസ് ജയറാം. 2000ത്തില്‍ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് കാളിദാസ് സിനിമയിലേക്ക് എത്തുന്നത്. 2003ല്‍ അഭിനയിച്ച എന്റെ വീട് അപ്പുവിന്റെയും എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടാനും നടന് സാധിച്ചു. പിന്നീട് കരിയറില്‍ വലിയ ഗ്യാപ്പെടുത്ത കാളിദാസ് 2016ലാണ് അടുത്ത സിനിമയില്‍ അഭിനയിക്കുന്നത്.

കരിയര്‍ ഗ്യാപ്പിന് ശേഷം തിരിച്ച് വന്നപ്പോള്‍ ഒരു സിനിമയും പ്രതീക്ഷിച്ചത് പോലെ വര്‍ക്കായില്ലെന്ന് പറയുകയാണ് കാളിദാസ്. അഭിനയം നിര്‍ത്തി പിന്മാറാന്‍ തീരുമാനിച്ച ഒരു നിമിഷം തനിക്ക് ഉണ്ടായിരുന്നുവെന്നും നടന്‍ പറയുന്നു. ക്രിക്കറ്റ് താരമായ ശ്രീശാന്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കാളിദാസ് ജയറാം. സിനിമ വിട്ടുകളയാമെന്ന തീരുമാനത്തില്‍ നില്‍ക്കുമ്പോഴാണ് സുധ കൊങ്കര പാവ കഥൈകളിലേക്ക് വിളിക്കുന്നതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

‘ഒരു ബാലതാരമായി കരിയര്‍ ആരംഭിച്ച വ്യക്തിയാണ് ഞാന്‍. അന്ന് എല്ലാം മികച്ചതായിരുന്നു. എനിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടി. ഞാന്‍ ചെയ്ത രണ്ട് സിനിമകളും വളരെ വലിയ ഹിറ്റായിരുന്നു. പിന്നീടാണ് കരിയറില്‍ വലിയ ഒരു ഗ്യാപ് വരുന്നത്. എനിക്ക് ഇതിനിടയില്‍ എന്റെ പഠനം പൂര്‍ത്തിയാക്കാന്‍ ഉണ്ടായിരുന്നു. അതിന് ശേഷം വലിയ ഗ്യാപ് കഴിഞ്ഞ് തിരിച്ച് വന്നപ്പോള്‍ ലീഡില്‍ റോളില്‍ അഭിനയിച്ചു. പക്ഷെ ഒന്നും വര്‍ക്കായില്ല. ഒരു സിനിമ കഴിഞ്ഞു, രണ്ടും മൂന്നും സിനിമകള്‍ ചെയ്തു. പക്ഷെ ഒരു സിനിമയും പ്രതീക്ഷിച്ചത് പോലെ വര്‍ക്കായില്ല. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍, അഭിനയം നിര്‍ത്തി പിന്മാറാന്‍ തീരുമാനിച്ച ഒരു നിമിഷം എനിക്ക് ഉണ്ടായിരുന്നു.

എനിക്ക് ഒരുപാട് കാര്യങ്ങള്‍ വര്‍ക്കാകാതെ നില്‍ക്കുന്ന സമയമായിരുന്നു അത്. കരിയറിലും ജീവിതത്തിലും ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പ്രതീക്ഷിച്ചത് പോലെ ആയിരുന്നില്ല നടന്നിരുന്നത്. അതുകൊണ്ട് സിനിമ വിട്ടുകളയാം എന്ന് തീരുമാനിച്ച നിമിഷത്തിലാണ് എനിക്ക് ഒരു കോള്‍ വരുന്നത്. സുധ കൊങ്കര മേമായിരുന്നു അന്ന് എന്നെ വിളിച്ചത്. അങ്ങനെയാണ് ഞാന്‍ നെറ്റ്ഫ്‌ളിക്‌സ് മൂവിയായ പാവ കഥൈകളിലേക്ക് എത്തുന്നത്. അതാണ് എന്റെ കരിയര്‍ ആകെ മാറ്റിമറിച്ചത്. ആ സിനിമ എനിക്ക് എന്റെ 2.0 വേര്‍ഷന്‍ നല്‍കി,’ കാളിദാസ് ജയറാം പറഞ്ഞു.


Content Highlight: Kalidas Jayaram Talks About Sudha Kongara

We use cookies to give you the best possible experience. Learn more