മലയാള സിനിമകളില്‍ എന്തുകൊണ്ടാണ് അധികം കാണാന്‍ കഴിയാത്തത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നടന്‍ കാളിദാസ് ജയറാം. മലയാള സിനിമകള്‍ ചെയ്യാത്തതിന് കുറേ കാര്യങ്ങള്‍ ഉണ്ടെന്നും ശരിയായ സിനിമകള്‍ ലഭിക്കാത്തതാണ് പ്രധാന കാരണമെന്നും കാളിദാസ് ജയറാം പറഞ്ഞു. സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ തെറ്റായ തീരുമാനങ്ങള്‍ എടുത്തിരുന്നെന്നും ചെയ്ത ചില ചിത്രങ്ങള്‍ ഒഴിച്ചാല്‍ ബാക്കിയെല്ലാം മോശം സിനിമകള്‍ ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാള സിനിമയിലെ ഒരു അംഗമായി തനിക്ക് തോന്നിയിട്ടില്ലെന്നും സിനിമ ലോകവും പ്രേക്ഷകരും തന്നെ സ്വീകരിച്ചതായി ഫീല്‍ ചെയ്തിട്ടില്ലെന്നും കാളിദാസ് പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കാളിദാസ് ജയറാം.
‘മലയാളം സിനിമകള്‍ ഞാന്‍ ഇപ്പോള്‍ അധികം ചെയ്യാറില്ല. അതിന് കുറേ കാരണങ്ങള്‍ ഉണ്ട്. ആദ്യത്തെ റീസണ്‍ എനിക്ക് ശരിയായ സിനിമകള്‍ ലഭിക്കാത്തത്. രണ്ടാമത്തെ കാരണം ഞാന്‍ തെറ്റായ ചില തെരഞ്ഞെടുപ്പുകള്‍ നടത്തിയത്. ഞാന്‍ മലയാളത്തില്‍ ചെയ്തതില്‍ ചിലതൊഴിച്ചാല്‍ ബാക്കിയെല്ലാം വളരെ മോശം സിനിമകളായിരുന്നു. മൂന്നാമത്തെ കാരണം എനിക്ക് ഞാന്‍ മലയാള സിനിമ എന്ന കുടുംബത്തിലെ ഒരു അംഗം ആയി തോന്നിയിട്ടില്ല എന്നതും.
അതിന് കാരണം ഞാന്‍ മലയാളസിനിമയില്‍ ശരിയായ സിനിമകള്‍ ചെയ്യാത്തതുകൊണ്ടുതന്നെയാണ്. പ്രേക്ഷകരും ഇന്‍ഡസ്ട്രിയും എന്നെ സ്വീകരിച്ചു എന്നെനിക്ക് തോന്നിയിട്ടില്ല. എന്നാല്‍ ഞാന്‍ ശരിയായ വര്‍ക്കുകള്‍ ചെയ്താല്‍ അവരെന്നെ സ്വീകരിക്കും എന്നെനിക്കുറപ്പുണ്ട്.
ഒരു സിനിമ കണ്ടിറങ്ങുമ്പോള്‍ ആളുകള്‍ക്ക് നമ്മളുമായി കണക്ട് ആകാന്‍ കഴിയണം. അവരിലൊരാളെന്ന് തോന്നുകയും വേണം. മലയാള സിനിമയില്‍ ഞാന്‍ ഇല്ലാത്തതിന് ഒരു പരിധി വരെ ഞാന്‍ തന്നെയാണ് കാരണം. എന്നാല്‍ ഇന്‍ഡസ്ട്രിയും എന്നെ അന്യനായി കാണുന്നു എന്ന് തോന്നാറുണ്ട്,’ കാളിദാസ് ജയറാം പറയുന്നു.
Content Highlight: Kalidas Jayaram Talks About Malayalam Cinema And Malayalam Film Industry