മലയാള സിനിമയിലേക്ക് ബാല താരമായി കടന്നു വന്ന ആളാണ് കാളിദാസ് ജയറാം. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡും താരം സ്വന്തമാക്കിയിരുന്നു.
വ്യത്യസ്തമായ പ്രമേയത്തിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയെടുത്ത സി. ബി മലയില്‍ ചിത്രമായിരുന്നു അത്. നമിത പ്രമോദിനൊപ്പം നായകനായി എത്തുന്ന രജനിയാണ് മലയാളത്തിലെ കാളിദാസിന്റെ പുതിയ ചിത്രം.
ഇപ്പോള്‍ എന്റെ വീട് അപ്പൂന്റേം സിനിമ അച്ഛന്‍ മുഴുവനായും കണ്ടിട്ടില്ലെന്ന് പറയുകയാണ് കാളിദാസ്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘എനിക്ക് വരുന്ന സബ്‌ജെക്റ്റുകളില്‍ നല്ലത് നോക്കിയാണ് ഞാന്‍ തെരഞ്ഞെടുക്കാറുള്ളത്. ഞാന്‍ ഉദ്ദേശിക്കുന്നത് എനിക്ക് നല്ലതെന്ന് തോന്നിയ കാര്യമാണ്. ചിലപ്പോള്‍ അത് മറ്റൊരാള്‍ക്ക് നല്ലതായി തോന്നണമെന്നില്ല.
ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു സബ്‌ജെക്റ്റ് നോക്കിയാണ് ഞാന്‍ സിനിമ തെരഞ്ഞെടുക്കുന്നത്. ഇപ്പോള്‍ രജനി കഴിഞ്ഞ് ചെയ്യുന്ന സിനിമ രജനിയേക്കാള്‍ വ്യത്യസ്തമാകണം. രജനിയുടെ ഒരു ഷെയ്ഡ് വരാന്‍പാടില്ലെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്.
എനിക്ക് സ്‌പേസുള്ള അല്ലെങ്കില്‍ പെര്‍ഫോം ചെയ്യാന്‍ പറ്റുന്നതാകണം ആ സിനിമ. നമ്മുടെ കഥാപാത്രം മുന്നോട്ട് പോകുന്ന കഥയാണ് ആ സിനിമയിലുള്ളതെങ്കില്‍ സന്തോഷം.
എന്റെ പടം അപ്പ കാണാറുണ്ട്. കണ്ടിട്ട് ഇഷ്ടപ്പെട്ടാല്‍ നന്നായിട്ടുണ്ടെന്ന് പറയാറുമുണ്ട്. അല്ലെങ്കില്‍ എന്തൊക്കെ ബെറ്ററാക്കണമെന്ന് പറഞ്ഞു തരും. എന്റെ പാരന്‍സ് വളരെ സപ്പോര്‍ട്ടീവാണ്. ഒരുപക്ഷെ എല്ലാവരും പറയുന്നതാകും ഈ കാര്യം. പാരന്‍സാണ് മെന്റലി എന്റെ ബാക്ക് ബോണ്‍.
പക്ഷെ, എന്റെ വീട് അപ്പൂന്റേം സിനിമ അപ്പ ഇതുവരെ മുഴുവനായും കണ്ടിട്ടില്ല. പകുതി മാത്രമേ കണ്ടിട്ടുള്ളൂ. ഇതുവരെ ബാക്കി കണ്ടില്ല. കണ്ടാല്‍ കരയുമെന്നുള്ളത് കൊണ്ടാണ് അപ്പ കാണാത്തത്. കണ്ട ഭാഗം വരെ എന്റെ അഭിനയം നന്നായിട്ടുണ്ടെന്നാണ് പറഞ്ഞിട്ടുള്ളത്,’ കാളിദാസ് ജയറാം പറഞ്ഞു.
Content Highlight: Kalidas Jayaram Talks About Jayaram