വലിയ ഇമ്പാക്റ്റുണ്ടാക്കിയ ചിത്രം; കണ്ടാല്‍ കരയുമെന്നുള്ളത് കൊണ്ട് അപ്പ ആ സിനിമ പകുതിമാത്രം കണ്ടു: കാളിദാസ് ജയറാം
Entertainment
വലിയ ഇമ്പാക്റ്റുണ്ടാക്കിയ ചിത്രം; കണ്ടാല്‍ കരയുമെന്നുള്ളത് കൊണ്ട് അപ്പ ആ സിനിമ പകുതിമാത്രം കണ്ടു: കാളിദാസ് ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 19th April 2024, 9:15 am

2003ല്‍ പുറത്തിറങ്ങിയ സിബി മലയില്‍ ചിത്രമാണ് എന്റെ വീട് അപ്പൂന്റേം. കാളിദാസ് ജയറാം, ജയറാം, ജ്യോതിര്‍മയി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കാന്‍ കാളിദാസിന് സാധിച്ചിരുന്നു.

വളരെ വ്യത്യസ്തമായ പ്രമേയമുള്ള ഈ സിനിമ തന്റെ അച്ഛനായ ജയറാം മുഴുവനായും കണ്ടിട്ടില്ലെന്ന് പറയുകയാണ് കാളിദാസ് ജയറാം. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘എന്റെ അടുത്തേക്ക് വരുന്ന സബ്ജെക്റ്റുകളില്‍ നല്ലത് മാത്രം നോക്കിയാണ് ഞാന്‍ തെരഞ്ഞെടുക്കാറുള്ളത്. ഞാന്‍ ഉദ്ദേശിക്കുന്നത് എനിക്ക് നല്ലതെന്ന് തോന്നിയ കാര്യമാണ്. ചിലപ്പോള്‍ എനിക്ക് നല്ലതാണെന്ന് തോന്നിയത് മറ്റൊരാള്‍ക്ക് നല്ലതായി തോന്നണമെന്നില്ല.

ഇതുവരെ ചെയ്തിട്ടില്ലാത്ത സബ്ജെക്റ്റാണോ എന്ന് നോക്കിയാണ് ഞാന്‍ സിനിമ തെരഞ്ഞെടുക്കുന്നത്. എനിക്ക് സ്പേസുള്ള അല്ലെങ്കില്‍ പെര്‍ഫോം ചെയ്യാന്‍ പറ്റുന്നതാകണം ആ സിനിമ. നമ്മുടെ കഥാപാത്രം കാരണം മുന്നോട്ട് പോകുന്ന കഥയാണ് ആ സിനിമയിലുള്ളതെങ്കില്‍ ഒരുപാട് സന്തോഷം.

എന്റെ പടം അപ്പ കാണാറുണ്ട്. കണ്ടിട്ട് ഇഷ്ടമായാല്‍ നന്നായിട്ടുണ്ടെന്ന് പറയാറുമുണ്ട്. അല്ലെങ്കില്‍ എന്തൊക്കെ ബെറ്ററാക്കണമെന്ന് പറഞ്ഞു തരും. എന്റെ പാരന്‍സ് വളരെ സപ്പോര്‍ട്ടീവാണ്. ഒരുപക്ഷെ എല്ലാവരും പറയുന്നതാകും ഈ കാര്യം. പാരന്‍സാണ് മെന്റലി എന്റെ ബാക്ക് ബോണ്‍.

പക്ഷെ, എന്റെ വീട് അപ്പൂന്റേം സിനിമ അപ്പ ഇതുവരെ മുഴുവനായും കണ്ടിട്ടില്ല. ആ സിനിമ പകുതി മാത്രമേ കണ്ടിട്ടുള്ളൂ. ഇതുവരെ ബാക്കി കണ്ടില്ല. കണ്ടാല്‍ കരയുമെന്നുള്ളത് കൊണ്ടാണ് അപ്പ കാണാത്തത്. കണ്ട ഭാഗം വരെ എന്റെ അഭിനയം നന്നായിട്ടുണ്ടെന്നാണ് പറഞ്ഞിട്ടുള്ളത്.

ഒരുപാട് ആളുകള്‍ ആ സിനിമ കണ്ട് കരയാറുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ആ സിനിമ ഇറങ്ങിയ സമയത്ത് സഹോദരങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ വളരെ വലുതായിരുന്നു. എനിക്ക് എന്റെ ആ പ്രായത്തില്‍ അതിന്റെ സീരീയസ്‌നെസ് മനസിലായിരുന്നില്ല.

ആ സിനിമ കണ്ട ശേഷം ചക്കി ഒരു വര്‍ഷത്തോളം എന്റെ മുറിയില്‍ വന്നിരുന്നില്ല. അവള്‍ക്ക് പേടിയായിരുന്നു. ആ സിനിമ വലിയ ഇമ്പാക്റ്റായിരുന്നു ഉണ്ടാക്കിയത്. അമ്മ എന്റെ എല്ലാ സിനിമയും കാണാറുണ്ട്. പക്ഷെ അമ്മക്ക് എന്റെ എല്ലാ സിനിമകളും ഇഷ്ടമാണ്. ഞാന്‍ എന്ത് ചെയ്താലും ഓക്കെയാണ്. എല്ലാം സൂപ്പറാണെന്ന് പറയും,’ കാളിദാസ് ജയറാം പറഞ്ഞു.


Content Highlight: Kalidas Jayaram Talks About Jayaram