| Friday, 1st December 2023, 4:59 pm

അച്ഛനോട് ഞാൻ അന്നേ പറഞ്ഞിരുന്നു അത് വലിയ ഹിറ്റാകുമെന്ന്: കാളിദാസ് ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ താര കുടുംബങ്ങളിൽ ഒട്ടേറെ ആരാധകരുള്ളവരാണ് ജയറാമും ഫാമിലിയും. കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന നടനാണ് ജയറാം. മകൻ കാളിദാസ് ജയറാം അന്യഭാഷകളിലടക്കം തിരക്കുള്ള താരമാണ്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചുകൊച്ചു സന്തോഷങ്ങളിലൂടെ ജയറാമിനോടൊപ്പം അഭിനയിച്ചു കൊണ്ടാണ് കാളിദാസ് സിനിമയിലേക്ക് കടന്നുവന്നത്.

ജയറാമിന്റെ മിമിക്രിയിലുള്ള കഴിവ് എല്ലാ മലയാളികൾക്കും സുപരിചിതമാണ്. മിമിക്രിയിലൂടെ സിനിമയിലേക്ക് എത്തിയ ജയറാമിന്റെ പല പ്രകടനങ്ങളും പലപ്പോഴും വലിയ ശ്രദ്ധ നേടാറുണ്ട്. പൊന്നിയിൻ സെൽവൻ സിനിമയുടെ ഒരു ചടങ്ങിനിടെ ജയറാം സംവിധായകൻ മണിരത്നത്തിനെ അനുകരിച്ചത് തമിഴ് മലയാളം സിനിമ പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. അതിനെ കുറിച്ച് സംസാരിക്കുകയാണ് കാളിദാസ്.

വേദിയിൽ അത് അവതരിപ്പിക്കുന്നതിന് മുൻപ് അച്ഛൻ വീട്ടിൽ ഉള്ളപ്പോൾ അത് ചെയ്തു നോക്കാറുണ്ടായിരുന്നു എന്നും അത് കണ്ടപ്പോൾ തന്നെ വലിയ ഹിറ്റാകും എന്ന് ഉറപ്പായിരുന്നുവെന്നും കാളിദാസ് പറയുന്നു. പുത്തം പുതുക്കാലൈ എന്ന ചിത്രത്തിൽ ഒരു സീനിൽ ജയറാം അങ്ങനെ സംസാരിക്കുന്നുണ്ടെന്നും കാളിദാസ് പറയുന്നു.

‘അച്ഛൻ സ്റ്റേജിൽ അവതരിപ്പിച്ചത് പോലെ തന്നെ ഒരിക്കൽ വീട്ടിലും പ്രകടനം നടത്തിയിരുന്നു. അത് കണ്ട ആ നിമിഷം തന്നെ ഞാൻ പറഞ്ഞിരുന്നു ഇത് സ്റ്റേജിൽ അവതരിപ്പിച്ചാൽ വലിയ രീതിയിൽ സ്വീകരിക്കപ്പെടുമെന്ന്. ആ പെർഫോമൻസ് സൂപ്പർ ആയിരുന്നു.

പുത്തം പുതുക്കാലൈ എന്ന ചിത്രത്തിൽ ഞാൻ അച്ഛന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്. അത് സംവിധാനം ചെയ്തത് സുധാ മേഡം ആയിരുന്നു. സുധാ മേഡം മണി രത്നം സാറിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു.

ആ ചിത്രത്തിൽ ഒരു സീനിൽ അച്ഛന് ഒരു കോൾ വരുമ്പോൾ ഫോൺ എടുത്തിട്ട് യോഗ ചെയ്യുകയാണ് എന്ന് ഒരു പ്രത്യേക മോഡുലേഷനിൽ പറയാൻ ഉണ്ട്. ആ സീൻ ഷൂട്ട് ചെയ്യുന്നതിന് മുൻപ് അച്ഛൻ പറഞ്ഞു ഞാൻ മണിസാർ സംസാരിക്കുന്ന പോലെ പറയാമെന്ന്.

പിന്നീട് ഷൂട്ട് എടുക്കാൻ തുടങ്ങിയപ്പോൾ മുതൽ സുധാ മാം വലിയ ചിരിയായിരുന്നു. ഇപ്പോഴും ആ സീൻ കാണുമ്പോൾ നമുക്കത് മനസ്സിലാവും. അച്ഛൻ അവിടെ മണി സാറിനെ പോലെയാണ് സംസാരിക്കുന്നത്,’ കാളിദാസ് പറയുന്നു.

Content Highlight: Kalidas Jayaram Talk About Mimicry Of Jayaram

We use cookies to give you the best possible experience. Learn more