മമ്മൂക്ക പറഞ്ഞ ആ കാര്യമാണ് ഞാനിപ്പോൾ പിന്തുടരുന്നത്, നാണക്കേട് തോന്നേണ്ട ആവശ്യമില്ല: കാളിദാസ് ജയറാം
Entertainment
മമ്മൂക്ക പറഞ്ഞ ആ കാര്യമാണ് ഞാനിപ്പോൾ പിന്തുടരുന്നത്, നാണക്കേട് തോന്നേണ്ട ആവശ്യമില്ല: കാളിദാസ് ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 1st December 2023, 2:43 pm

താരപുത്രന്മാരിൽ മലയാളികളുടെ പ്രിയങ്കരനാണ് കാളിദാസ് ജയറാം. ബാലതാരമായി ബിഗ് സ്ക്രീനിലേക്ക് കടന്ന് വന്ന് നായകനായി മാറിയ താരം മലയാളത്തേക്കാൾ തമിഴ് സിനിമയിലാണ് സജീവം. ലോകേഷ് കനകരാജ് ഒരുക്കിയ കമൽഹാസൻ ചിത്രം വിക്രത്തിലും കാളിദാസ് ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് കാളിദാസ്.
തനിക്ക് ഏറെ ഇഷ്ടമുള്ള നടനാണ് മമ്മൂട്ടിയെന്നും അദ്ദേഹം ഇപ്പോഴും പല സംവിധായകരോടും സിനിമയിൽ അവസരം ചോദിക്കാറുണ്ടെന്നും കാളിദാസ് പറയുന്നു.

നടൻ എന്ന നിലയിൽ താനും ഇപ്പോൾ അതേ പാതയാണ് പിന്തുടരുന്നതെന്നും അങ്ങനെയാണ് സുധാ കൊങ്കരയുടെ ഒരു ചിത്രം തനിക്ക് ലഭിച്ചതെന്നും സിനിമ വികടനോട് താരം പറഞ്ഞു.

‘ഒരു നടൻ എന്ന നിലയിൽ എനിക്ക് എപ്പോഴും ഇഷ്ടമുള്ള ആളാണ് മമ്മൂട്ടി സാർ. അദ്ദേഹം 40 വർഷത്തിന് മുകളിലായി സിനിമയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. എന്നാൽ അദ്ദേഹം ഇപ്പോഴും ഓരോ സംവിധായകരെ വിളിച്ച് സിനിമയിലേക്ക് അവസരം ചോദിക്കാറുണ്ട്.

അദ്ദേഹം എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. ഒരു നടൻ എപ്പോഴും അവസരങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കണം, അതിൽ നാണക്കേട് ഒന്നും തോന്നേണ്ട ആവശ്യമില്ലെന്ന്.

അതാണിപ്പോൾ ഞാനും പിന്തുടരുന്നത്. അവസരങ്ങൾ ചോദിക്കാൻ എനിക്കും മടിയില്ല. അങ്ങനെയാണ് എനിക്ക് തങ്കമ്മേ എന്ന കഥാപാത്രം കിട്ടിയത്. ആദ്യമായി സുധാമേഡം എന്നെ കാണാൻ വന്നപ്പോൾ ശാന്തനു അവതരിപ്പിച്ച കഥാപാത്രമായിരുന്നു എനിക്ക് നൽകിയത്.

പിന്നീട് ഞാൻ ഒരുപാട് വട്ടം ചോദിച്ചിട്ടാണ് ഈ കഥാപാത്രം എനിക്ക് ലഭിച്ചത്. ആ സമയത്ത് മറ്റ് നടന്മാരെ കിട്ടാനില്ലായിരുന്നു.

നമുക്ക് കിട്ടുന്ന ചെറിയ അവസരം പോലും നമ്മൾ പാഴാക്കി കളയരുത്. ഒരുപാട് പേരിവിടെ നിലനിൽക്കുന്നുണ്ട് അതുകൊണ്ടുതന്നെ അവസരം ചോദിക്കുന്നത് നല്ല കാര്യമാണ്,’ കാളിദാസ് പറയുന്നു

Content Highlight: Kalidas Jayaram Talk About Mammootty