Entertainment
പ്രപഞ്ചനെ തിരിച്ചു കൊണ്ടുവരുമോയെന്ന് ലോകേഷ് സാറോട് ചോദിച്ചപ്പോൾ അതായിരുന്നു മറുപടി: കാളിദാസ് ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 11, 05:52 am
Monday, 11th December 2023, 11:22 am

മലയാളികളുടെ പ്രിയതാരപുത്രനാണ് കാളിദാസ് ജയറാം. സത്യൻ അന്തിക്കാട് ഒരുക്കിയ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലേക്ക് വന്ന കാളിദാസ് നിലവിൽ തമിഴ് സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ്.

ലോകേഷ് കനകരാജ് ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രം വിക്രത്തിൽ ഒരു പ്രധാന വേഷത്തിൽ കാളിദാസും അഭിനയിച്ചിരുന്നു. ചിത്രത്തിൽ നടൻ കമലഹാസന്റെ മകനായി വേഷമിട്ട കാളിദാസിന്റെ കഥാപാത്രം സിനിമയിൽ മരിക്കുന്നുണ്ടായിരുന്നു.

എന്നാൽ തന്റെ കഥാപാത്രമായ പ്രപഞ്ചൻ മരിച്ചത് തനിക്ക് ഇഷ്ടമായില്ലെന്നും വിക്രം സിനിമയുടെ മറ്റൊരു ഭാഗം ഉണ്ടാവുകയാണെങ്കിൽ അതിൽ ആ കഥാപാത്രം ഉണ്ടാവണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നുമാണ് കാളിദാസ് പറയുന്നത്.

ഈയിടെ ലോകേഷിനെ കണ്ടപ്പോഴും ആ കാര്യം സൂചിപ്പിച്ചെന്നും കാളിദാസ് പറയുന്നു. സിനിമാ വികടനോട് സംസാരിക്കുകയായിരുന്നു താരം.

‘എനിക്ക് വിഷമം തോന്നുന്ന കാര്യം എന്താണെന്ന് വെച്ചാൽ വിക്രം സിനിമയിൽ എന്നെ കൊന്നു എന്നതാണ്. വിക്രത്തിന് മറ്റൊരു ഭാഗം വരുകയാണെങ്കിൽ നന്നായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. അങ്ങനെയാണെങ്കിൽ എനിക്ക് വീണ്ടും അഭിനയിക്കാമല്ലോ.

സത്യം പറഞ്ഞാൽ ലോകേഷ് സാറിന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ ഒരു വലിയ സംവിധായകന്റെ കൂടെ വർക്ക് ചെയ്യുകയാണെന്ന് തോന്നില്ല. ഒരു വലിയ സിനിമയാണെന്നും നമുക്ക് ഫീൽ ചെയ്യില്ല. കൂട്ടുകാരുമൊത്ത് ഒരു ഷോർട്ട് ഫിലിം ചെയ്താൽ എങ്ങനെ ഉണ്ടാകും അങ്ങനെ ഒരു ഫീൽ ആയിരുന്നു വിക്രം സിനിമയുടെ ലൊക്കേഷൻ. അതുപോലെ അത്രയും കൂളായ ഒരു സിനിമാ സെറ്റ് ഞാൻ കണ്ടിട്ടേയില്ല. അദ്ദേഹത്തെ എപ്പോൾ കണ്ടാലും ഹാപ്പി ആയിരിക്കും.

രണ്ട് ദിവസം മുമ്പ് ലോകേഷ് സാറിനെ കണ്ടപ്പോഴും ഞാൻ പറഞ്ഞത് സാർ ആ പ്രപഞ്ചനെ ഒന്ന് തിരിച്ച് കൊണ്ട് വരുമോ എന്നായിരുന്നു. നമുക്ക് നോക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്,’കാളിദാസ് പറയുന്നു.

ബ്രഹ്മാണ്ഡ സംവിധായകൻ ശങ്കർ ഒരുക്കുന്ന സൂപ്പർ ഹിറ്റ് ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗത്തിലും കാളിദാസ് ഭാഗമാകുന്നുണ്ട്.

Content Highlight: Kalidas Jayaram Talk About Lokesh Kanakaraj And Virkam Movie