സംവിധായകൻ ലോകേഷ് കനകരാജിനൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് നടൻ കാളിദാസ് ജയറാം. കമൽ ഹാസനെ നായകനാക്കി ലോകേഷ് ഒരുക്കിയ ‘വിക്രം’ എന്ന ചിത്രത്തിൽ കാളിദാസും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. വിക്രം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു.
മലയാളത്തിലെ പോലെ തന്നെ തമിഴിലും ശ്രദ്ധ നേടാൻ കഴിഞ്ഞ താരമാണ് കാളിദാസ്. വിക്രം സിനിമയിൽ അഭിനയിക്കുമ്പോൾ സിനിമയുടെ കഥയെ കുറിച്ച് ഒരു ഐഡിയയും ഇല്ലായിരുന്നു എന്നാണ് നടൻ പറയുന്നത്.
സിനിമ ആദ്യ ദിവസം കണ്ടപ്പോഴാണ് ചിത്രത്തിന്റെ ആദ്യ ഷോട്ടിൽ തന്നെയാണ് കാണിക്കുന്നതെന്ന് അറിഞ്ഞതെന്നും സംവിധായകൻ എന്ന നിലയിൽ ലോകേഷ് വളരെ സിമ്പിൾ ആണെന്നും കാളിദാസ് കൂട്ടിച്ചേർത്തു. സില്ലി മോങ്ക്സ് മലയാളത്തോട് സംസാരിക്കുകയായിരുന്നു താരം.
‘വിക്രം സിനിമയിൽ ചെന്ന് ആദ്യ ദിവസത്തെ ഷൂട്ട് കഴിഞ്ഞപ്പോൾ ഈ സിനിമ എന്താണെന്ന് എനിക്കൊരു ഐഡിയയും ഇല്ലായിരുന്നു. ലോകേഷ് സാർ ഇടയ്ക്ക് വന്നിട്ട് അത് ചെയ്യ് ഇത് ചെയ്യ് എന്നൊക്കെ പറയും. അത്രയേ ഉള്ളു. അതിനപ്പുറത്തേക്ക് എന്താണെന്ന് എനിക്കറിയില്ല.
സിനിമയിൽ എന്താണ് സംഭവിക്കുന്നതെന്നോ വിക്രത്തിന്റെ ലെയറുകൾ എന്താണെന്നോ എനിക്ക് ഒരു വിവരവും ഇല്ല. പിന്നെ ഞാൻ തിരിച്ച് ഷൂട്ട് കഴിഞ്ഞു വന്നപ്പോൾ എന്റെ സുഹൃത്തുക്കളോട് പറഞ്ഞത്, ഈ സിനിമയിൽ ആകെ രണ്ട് മൂന്ന് സീൻ മാത്രമേയുള്ളൂ. ചിലപ്പോൾ എഡിറ്റിങ്ങിൽ അത് ഒഴിവാക്കുമെന്നായിരുന്നു.
പക്ഷെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തിയേറ്ററിൽ വിക്രം കണ്ടപ്പോൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ടു. സിനിമയുടെ ഓപ്പണിങ് ഷോട്ട് തന്നെ എന്നെ കാണിച്ചു കൊണ്ടാണ് തുടങ്ങുന്നത്. പിന്നെ കമൽ സാറുമായുള്ള സീനിലേക്ക് വരുമ്പോഴും എനിക്ക് അപ്പോഴാണ് മനസിലാവുന്നത് ചിത്രത്തിന്റെ കഥയിൽ ഇങ്ങനെ ഒരു സാധനം ഒളിഞ്ഞിരിക്കുന്നുണ്ടെന്ന്.
ആ സമയത്ത് ലോകേഷ് സാർ എന്നോട് പറഞ്ഞത്, കണ്ണൊന്ന് ചെറുതായിട്ട് നനഞ്ഞിരിക്കണം അദ്ദേഹത്തെ കാണുമ്പോൾ ഒരു കാര്യം കമ്മ്യൂണിക്കേറ്റ് ചെയ്യണമെന്നായിരുന്നു. അത് മാത്രമേ പറഞ്ഞിട്ടുള്ളു.
ഒരു സംവിധായകൻ എന്ന നിലയിൽ ലോകേഷ് സാർ ഒരുപാട് സിമ്പിളാണ്. നമ്മൾ വലുതായി കഷ്ടപ്പെടേണ്ട ആവശ്യമില്ല കാരണം എല്ലാ പണിയും അദ്ദേഹം തന്നെ ചെയ്തോളും. ലോകേഷ് സാർ എന്ത് പറയുന്നോ അത് അതുപോലെ ചെയ്താൽ മാത്രം മതി,’ കാളിദാസ് പറയുന്നു.
Content Highlight: Kalidas Jayaram Talk About Lokesh Kanakaraj And Vikram Movie