| Friday, 1st December 2023, 5:56 pm

അദ്ദേഹത്തിന്റെ സിനിമയിൽ പാസിങ് സീൻ തന്നാലും ഞാൻ ചെയ്യും: കാളിദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ പ്രേമികൾ ആകാംക്ഷയുടെ കാത്തിരിക്കുന്ന ചിത്രമാണ് ഉലകനായകൻ കമലഹാസന്റെ ഇന്ത്യൻ 2. ബ്രഹ്മാണ്ഡ സംവിധായകൻ ശങ്കർ ഒരുക്കുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കി കാണുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ അപ്ഡേറ്റുകൾക്കെല്ലാം വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലേക്ക് അഭിനയിക്കാനായി സംവിധായകൻ ശങ്കർ തന്നെ വിളിച്ച അനുഭവം പങ്കുവെക്കുകയാണ് മലയാളികളുടെ സ്വന്തം കാളിദാസ് ജയറാം.

മലയാളത്തിനേക്കാൾ തമിഴ് സിനിമയിൽ സജീവമായിട്ടുള്ള താരമാണ് കാളിദാസ്. മുൻപ് ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ വിക്രം എന്ന ചിത്രത്തിലും ഒരു പ്രധാന വേഷത്തിൽ കാളിദാസ് എത്തിയിരുന്നു.

ആദ്യമായി ശങ്കർ തന്നെ വിളിച്ചപ്പോൾ വളരെ വിനയത്തോടെയാണ് സംസാരിച്ചതെന്നും കുട്ടിക്കാലത്ത് താൻ ശങ്കറിന്റെ സിനിമകളാണ് കണ്ടുവളർന്നിട്ടുള്ളതെന്നും അദ്ദേഹത്തിന്റെ സിനിമയിൽ ചെറിയ വേഷമാണെങ്കിലും ചെയ്യാൻ തനിക്ക് മടിയില്ലെന്നും പറയുകയാണ് കാളിദാസ്. സിനിമ വികടനോട് സംസാരിക്കുകയായിരുന്നു താരം.

‘ഇന്ത്യൻ 2വിൽ ഒന്നോ രണ്ടോ സീൻ മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. എനിക്ക് ശങ്കർ സാറിന്റെ കാൾ വന്നു. അദ്ദേഹം വളരെ വിനയത്തോടെ എന്നോട് “കാളിദാസ് നിങ്ങൾ ഈ സിനിമയിൽ അഭിനയിക്കുമോ എന്ന് ചോദിച്ചു. അത് കേട്ട് ഞാൻ സാറോട് പറഞ്ഞത്, എന്താണ് സാർ വെറുതെ ഒരു പാസിങ് സീൻ തന്നാൽ പോലും ഞാൻ സാറിന്റെ ചിത്രത്തിൽ അഭിനയിക്കും എന്നായിരുന്നു.

എന്റെ ഓർമയിൽ ഞാൻ ആദ്യമായി തിയേറ്ററിൽ പോയി കണ്ട ചിത്രം ശങ്കർ സാറിന്റെ ജീൻസ് ആയിരുന്നു. അതുപോലെതന്നെ ഹൈസ്കൂളിൽ പഠിക്കുന്ന സമയത്ത് പെൺപിള്ളേരുടെ പിന്നാലെ നടക്കുമ്പോൾ ഞാൻ കണ്ടിരുന്ന സിനിമ അദ്ദേഹത്തിന്റെ ബോയ്സ് ആയിരുന്നു. അദ്ദേഹത്തിന്റെ സിനിമകളെല്ലാം എന്റെ കുട്ടിക്കാലത്തിന്റെ ഭാഗമാണ്.

അതുകൊണ്ടുതന്നെ അങ്ങനെ ഒരു ഫിലിം മേക്കർ എന്നെ വിളിച്ചപ്പോൾ ഒന്നും നോക്കാതെ, ഞാൻ എന്തിനും റെഡിയാണെന്ന് പറഞ്ഞാണ് ഇന്ത്യൻ 2 വിൽ ചെന്ന് അഭിനയിച്ചത്,’കാളിദാസ് പറയുന്നു.

Content Highlight: Kalidas Jayaram Talk About Indian 2 Film And Director Shankar

We use cookies to give you the best possible experience. Learn more