മലയാളികളുടെ പ്രിയ താര പുത്രനാണ് കാളിദാസ് ജയറാം. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ കാളിദാസ് നിലവിൽ തമിഴ് സിനിമയിലും സജീവമാണ്.
ലോകേഷ് കനകരാജ് ഒരുക്കിയ വിക്രത്തിലും ബ്രഹ്മാണ്ഡ സംവിധായകൻ ശങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനുള്ള ഇന്ത്യൻ 2വിലും എല്ലാം കാളിദാസ് ഭാഗമാണ്.
അച്ഛൻ ജയറാമിനെ പോലെ മിമിക്രിയിലുള്ള കാളിദാസിന്റെ കഴിവ് താരം മുമ്പ് തന്നെ തെളിയിച്ചതാണ്. വിജയ് അടക്കമുള്ള താരങ്ങളുടെ ശബ്‌ദാനുകരണത്തിലൂടെ കയ്യടി നേടിയ കാളിദാസ് മിമിക്രിയോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് പറയുകയാണ്.
അഭിമുഖത്തിൽ ഒക്കെ ആരെങ്കിലും ചോദിച്ചാൽ മാത്രമേ ഇപ്പോൾ താൻ മിമിക്രി ചെയ്യാറുള്ളതെന്നും വിജയ് സാറിനെ അനുകരിക്കുമ്പോൾ തന്നോട് ഒരുപാട് പേർ നന്നായിട്ടുണ്ടെന്ന് പറയാറുണ്ടെന്നും കാളിദാസ് പറയുന്നു. സിനിമാ വികടനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അഭിമുഖത്തിലൊക്കെ ആരെങ്കിലും ചോദിച്ചാൽ മാത്രമേ ഞാൻ മിമിക്രി ചെയ്യാറുള്ളൂ. മിമിക്രിയും മാജിക്കും എല്ലാം പെട്ടെന്ന് ആളുകളുടെ ശ്രദ്ധ ആകർഷിക്കാൻ പറ്റുന്ന കാര്യങ്ങളാണ്. അതിന് അങ്ങനെയൊരു പവർ ഉണ്ട്.
സത്യം പറഞ്ഞാൽ അത് എനിക്ക് കിട്ടിയ ഒരു ഗിഫ്റ്റ് ആണ്. മിമിക്രി കണ്ടിട്ട് ഒരുപാട് പേര് എന്റെ അടുത്ത് വന്ന് പറഞ്ഞിട്ടുണ്ട്, നിങ്ങൾ വിജയ് സാറിനെ പോലെ നന്നായി സംസാരിക്കുന്നുണ്ടെന്ന്.
വിജയ് സാർ, എൻ നെഞ്ചിൽ കുടിയിരിക്കും എന്ന് പറയുമ്പോൾ ആളുകൾ എങ്ങനെയാണോ അതിന് റിയാക്റ്റ് ചെയ്യുന്നത് അതുപോലെ ഞാൻ അത് പറയുമ്പോൾ ഒന്നോ രണ്ടോ സെക്കന്റ് ആ ഫീൽ കിട്ടും.
ഒരുപാട് സംവിധായകർ എന്നോട് പറഞ്ഞിട്ടുണ്ട്, മിമിക്രി വേണ്ടായെന്ന്. കാരണം അങ്ങനെ ചെയ്യുമ്പോൾ ഒരു അഭിനേതാവിന്റെ സ്വാധീനം നമ്മളിൽ വരുമെന്നാണ് അവർ പറയുന്നത്. പക്ഷെ എനിക്ക് മിമിക്രി ചെയ്യുന്നത് ഒരുപാട് ഇഷ്ടമാണ്,’കാളിദാസ് ജയറാം പറയുന്നു.
Content Highlight: Kalidas Jayaram Talk About His Mimicry