| Monday, 10th October 2022, 12:14 pm

മലയാള സിനിമക്ക് എന്നില്‍ താല്‍പര്യമില്ല, ആ കുടുംബത്തിലെ അംഗമായി തോന്നിയിട്ടില്ല: കാളിദാസ് ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ ശോഭിച്ചില്ലെങ്കിലും തമിഴില്‍ തിളങ്ങുന്ന താരമാണ് കാളിദാസ് ജയറാം. നിലവില്‍ മലയാള സിനിമയില്‍ അഭിനയിക്കാതിരിക്കാന്‍ ചില കാരണങ്ങള്‍ ഉണ്ടെന്ന് പറയുകയാണ് കാളിദാസ്. മലയാളത്തിലെ ചില സിനിമകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ തന്റെ തെരഞ്ഞെടുപ്പുകള്‍ ശരിയായില്ലെന്ന് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ കാളിദാസ് പറഞ്ഞു.

‘മലയാളത്തില്‍ ഇപ്പോള്‍ അഭിനയിക്കാതിരിക്കാന്‍ ഒരുപാട് കാരണങ്ങളുണ്ട്. ഒന്ന്, മലയാളത്തില്‍ നിന്നും ഇതുവരെ എനിക്ക് ക്ലിക്കായ ഒരു സിനിമ കിട്ടിയിട്ടില്ല. രണ്ട്, കുറച്ച് സിനിമകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ എന്റെ തെരഞ്ഞെടുപ്പുകള്‍ ശരിയായില്ല. മലയാള സിനിമ കുടുംബത്തിലെ ഒരംഗമായി എനിക്ക് തോന്നുന്നില്ല.

മലയാളത്തില്‍ ഇതുവരെ പ്രേക്ഷകര്‍ക്ക് ഇഷ്ടം തോന്നുന്ന ഒരു സിനിമ ചെയ്യാന്‍ സാധിച്ചിട്ടില്ല. പ്രേക്ഷകര്‍ക്ക് ഏതെങ്കിലും വഴിയില്‍ കണക്ഷന്‍ തോന്നണം. ഇല്ലെങ്കില്‍ അവര്‍ക്ക് നിങ്ങള്‍ ചെയ്യുന്നത് ഇഷ്ടപ്പെടണമെന്നില്ല. ഭാഗികമായി എന്റെ പ്രശ്‌നം തന്നെയാണ്. ഇന്‍ഡസ്ട്രിക്കും എന്റെ മേലെ താല്‍പര്യമില്ലാത്ത് പോലെയാണ് തോന്നിയിട്ടുള്ളത്. എന്നാല്‍ എനിക്ക് അവിടെ നിന്നും ഒരുപാട് അവസരങ്ങള്‍ വന്നിട്ടുണ്ട്.

മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന സിനിമ അത്ര മോശം പടമായി തോന്നിയിട്ടില്ല. ചിത്രത്തിന്റെ റിലീസ് ദിനത്തില്‍ റിവ്യൂസിന് വന്ന കമന്റ്‌സ് നോക്കിയിരുന്നു. അതില്‍ ഒരുപാട് പെയ്ഡ് കമന്റ്‌സ് ഉണ്ടായിരുന്നു. ഒരേ കമന്റ്‌സ് പലയിടത്തായി കണ്ടു. ഇതുപോലെയുള്ള ചെറിയ കാര്യങ്ങള്‍ എന്നില്‍ ഒരുപാട് സംശങ്ങള്‍ ഉണ്ടാക്കി,’ കാളിദാസ് പറഞ്ഞു.

കാളിദാസ് ജയറാമിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് തമിഴ് ചിത്രമായ നച്ചത്തിരം നഗര്‍കിരത് ആണ്. പാ രഞ്ജിത്ത് ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത്. നിരൂപക പ്രശംസ നേടിയ ചിത്രത്തില്‍ നായികയായത് ദുഷറ വിജയന്‍ ആണ്. കലൈയരശന്‍, ഹരി കൃഷ്ണന്‍, സുബത്ര റോബര്‍ട്ട്, ഷബീര്‍ കല്ലറയ്ക്കല്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തി.

Content Highlight: Kalidas Jayaram says Malayalam cinema doesn’t interest me, I don’t feel like a member of that family

We use cookies to give you the best possible experience. Learn more