| Tuesday, 31st May 2022, 1:56 pm

എ സര്‍ട്ടിഫിക്കറ്റുള്ള ആ ചിത്രം കാണാന്‍ അച്ഛന് ക്ഷണം കിട്ടി, 18 വയസാകാത്ത ഞാന്‍ കൂടെ പോവാന്‍ വാശി പിടിച്ചു: കാളിദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് കമല്‍ ഹാസന്‍ നായകനാവുന്ന വിക്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ മൂന്നിനാണ് തിയേറ്ററുകളിലെത്തുക. ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം തുടങ്ങിയ മലയാളി താരങ്ങളും വിക്രത്തില്‍ എത്തുന്നുണ്ട്.

കമല്‍ ഹാസന്റെ വലിയ ഫാന്‍ കൂടിയായ കാളിദാസ് ജയറാം തന്നെ ഏറ്റവുമധികം സ്വാധീനിച്ച സിനിമയെ പറ്റി പറയുകയാണ്. കമല്‍ ഹാസന്റെ വിരുമാണ്ടി എന്ന ചിത്രം തന്നില്‍ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ഒരു നടനെന്ന നിലയിലും ഒരു സിനിമാ പ്രേമി എന്ന നിലയ്ക്ക് നോക്കിയാലും അതില്‍ ഒരുപാട് കാര്യങ്ങളുണ്ടെന്നും സിനിമാ വികടന് നല്‍കിയ അഭിമുഖത്തില്‍ കാളിദാസ് പറഞ്ഞു.

‘ഒരുപാട് കാത്തിരുന്ന് തിയേറ്ററില്‍ പോയി കണ്ട കമല്‍ സാറിന്റെ സിനിമ വിരുമാണ്ടിയാണ്. ആ സിനിമ കാണണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു. പക്ഷേ ആ സമയത്ത് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് കൊടുത്തു. എനിക്ക് അപ്പോള്‍ 18 വയസായിട്ടില്ല. തിയേറ്ററില്‍ പോയി കാണാനാവില്ല. എനിക്ക് സങ്കടമായി.

സുഹൃത്തുക്കളുടെ കൂടെ പോയി കാണാമെന്ന് വിചാരിച്ച് പ്ലാന്‍ ചെയ്‌തെങ്കിലും നടന്നില്ല. സത്യം തിയേറ്ററില്‍ കമല്‍ സാര്‍ തന്നെ ഒരു ഷോ നടത്തുന്നുണ്ടായിരുന്നു. അതിലേക്ക് അച്ഛന് ക്ഷണം വന്നു. അന്ന് വീട്ടില്‍ അച്ഛനെ കുറെ ടോര്‍ച്ചര്‍ ചെയ്തു, എന്നെ കൂടെ കൊണ്ടുപോവാന്‍ വാശി പിടിച്ചു. അങ്ങനെ ഫസ്റ്റ് ഡേ തന്നെ ഞാനും പോയി. സിനിമ കണ്ട് പുറത്ത് വന്നപ്പോള്‍ എന്നെ കണ്ട് കമല്‍ സാര്‍ അച്ഛനോട് പറഞ്ഞു, ഇത് കുട്ടികള്‍ക്ക് പറ്റിയ പടമാണെന്ന് തോന്നുന്നില്ലെന്ന്. ആ സംഭവം ഞാന്‍ നന്നായി ഓര്‍ക്കുന്നുണ്ട്,’ കാളിദാസ് പറഞ്ഞു.

‘ഒരു സിനിമ എന്ന നിലയില്‍ എന്നില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ സിനിമ വിരുമാണ്ടിയാണ്. ഇന്നും എന്റെ ഡി.വി.ഡി കളക്ഷനില്‍ വിരുമാണ്ടിയുണ്ട്. ഒരു നടനെന്ന നിലയിലും ഒരു സിനിമാ പ്രേമി എന്ന നിലയ്ക്ക് നോക്കിയാലും അതില്‍ ഒരുപാട് കാര്യങ്ങളുണ്ട്. അതൊക്കെ ഞാന്‍ കോപ്പിയടിക്കാന്‍ നോക്കിയിട്ടുണ്ട്.

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് കമല്‍ സാറിന് വേണ്ടി വഴക്ക് പിടിച്ചിട്ടുണ്ട്. രജനി കാന്ത്- കമല്‍ ഹാസന്‍ ഫാന്‍ ഫൈറ്റ് നടക്കാത്ത സ്‌കൂളേ ഇല്ല. എല്ലാവരുടെയും സിനിമകള്‍ കാണാറുണ്ട്. പക്ഷേ കമല്‍ സാറിന്റെ സിനിമകളോട് കുറച്ച് കൂടുതല്‍ ഇഷ്ടമുണ്ട്,’ കാളിദാസ് കൂട്ടിച്ചേര്‍ത്തു.

അനിരുദ്ധ് രവിചന്ദറാണ് വിക്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlight: kalidas jayaram says Kamal Haasan’s movie Viramandi has influenced him a lot

We use cookies to give you the best possible experience. Learn more