മോശം സിനിമയിലെ നായകനേക്കാള്‍ നല്ല സിനിമയിലെ ചെറിയ റോളാണ് നല്ലത്: കാളിദാസ് ജയറാം
Film News
മോശം സിനിമയിലെ നായകനേക്കാള്‍ നല്ല സിനിമയിലെ ചെറിയ റോളാണ് നല്ലത്: കാളിദാസ് ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Oct 15, 02:33 am
Saturday, 15th October 2022, 8:03 am

എപ്പോഴും നല്ല സിനിമകളുടെ ഭാഗമായിരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കാളിദാസ് ജയറാം. വിക്രം സിനിമയില്‍ ചെറിയ റോളായിരുന്നുവെങ്കിലും അത് തനിക്ക് വലിയ റീച്ചാണ് ഉണ്ടാക്കിത്തന്നതെന്നും മോശം സിനിമയില്‍ നായകനാകുന്നതിനെക്കാളും ഒരു നല്ല സിനിമയില്‍ ചെറിയ റോളിലെത്തുന്നതിനാണ് താന്‍ പ്രാധാന്യം കൊടുക്കുന്നതെന്നും ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ കാളിദാസ് പറഞ്ഞു.

‘എനിക്ക് നല്ല സിനിമകളുടെ ഭാഗമാകണമായിരുന്നു. ഉദാഹരണത്തിന് വിക്രം. അത് ഒരു കൊമേഴ്ഷ്യല്‍ മൂവി ആണ്, മെയ്ന്‍ സ്ട്രീമാണ്. അതില്‍ ഒരുപാട് സൂപ്പര്‍ സ്റ്റാറുകളുണ്ട്. ആ സിനിമയില്‍ എനിക്ക് രണ്ട് സീനുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എനിക്ക് ആ സിനിമയുടെ ഭാഗമാവണമായിരുന്നു. വലിയ റീച്ചാണ് അതിലെ കഥാപാത്രം ഉണ്ടാണ്ടാക്കിത്തന്നത്.

എവിടെപ്പോയാലും ആളുകള്‍ എന്നെ പ്രപഞ്ചാന്‍ എന്നാണ് ഇപ്പോള്‍ വിളിക്കുന്നത്. ഒരു മോശം സിനിമയില്‍ നായകനാകുന്നതിനേക്കാളും നല്ല സിനിമയില്‍ ചെറിയ റോളിലെത്തുന്നതിനാണ് ഞാന്‍ പ്രാധാന്യം കൊടുക്കുന്നത്,’ കാളിദാസ് പറഞ്ഞു.

‘ഒരു വര്‍ഷം 17 സിനിമകള്‍ വരെ അച്ഛന്‍ ചെയ്യുമായിരുന്നു. ആ സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. എങ്ങനെ അഭിനയിക്കണമെന്ന ഉപദേശമൊന്നും അച്ഛന്‍ തന്നിട്ടില്ല. പക്ഷേ ഒരു കാര്യം മാത്രം പറഞ്ഞു. പണത്തിന് വേണ്ടി സിനിമകള്‍ ചെയ്യരുത്. കാരണം പണം കൊണ്ട് നീ അനുഗ്രഹീതനാണ്. നിനക്ക് എന്താണോ ചെയ്യാന്‍ തോന്നുന്നത് അത് ചെയ്യണം. രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ ഒരു സിനിമ മാത്രമാണ് ചെയ്യുന്നതെങ്കിലും അത് നിനക്ക് ഇഷ്ടമുള്ളത് ആയിരിക്കണം. അത് ഞാന്‍ എപ്പോഴും മനസില്‍ വെക്കുന്ന ഒരു കാര്യമാണ്.

താരങ്ങളുടെ മക്കളുടെ കാര്യത്തില്‍ സാധാരണയായി സിനിമയിലേക്ക് ലോഞ്ചിങ് നടക്കാറുണ്ട്. അപ്പോള്‍ അവര്‍ക്ക് വേണ്ടി പ്രോജക്ടുകള്‍ ഡിസൈന്‍ ചെയ്യാനും അവരെ പ്രത്യേക രീതിയില്‍ അവതരിപ്പിക്കാനുമൊക്കെ ആളുകളുണ്ടാകും. പൊതു പരിപാടിക്ക് പോകുമ്പോള്‍ എങ്ങനെ വസ്ത്രം ധരിക്കണമെന്നതടക്കം പലതും അവരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ആ രീതിക്ക് തീര്‍ച്ചയായും അതിന്റേതായ ഗുണങ്ങളുണ്ട്.

എന്നാല്‍ ഭാഗ്യവശാല്‍ എന്റെ കാര്യത്തില്‍ അങ്ങനെയൊന്നുമുണ്ടായിട്ടില്ല. എനിക്ക് വേണ്ടി സിനിമകള്‍ നിര്‍മിക്കുമെന്ന് എന്റെ അച്ഛന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. അങ്ങനെയൊക്കെ നടന്നിരുന്നെങ്കിലെന്ന് എനിക്ക് ആഗ്രഹമുണ്ട്(ചിരിയോടെ).

അദ്ദേഹത്തില്‍ നിന്നും അങ്ങനെയൊരു പിന്തുണ വേണമെന്നൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ അതുണ്ടായിട്ടില്ല. ഒരു പിന്തുണയുടെയും പിന്‍ബലമില്ലാതെയാണ് അദ്ദേഹം കടന്നുവന്നത്, അതുകൊണ്ടായിരിക്കാം എന്റെ കാര്യത്തിലും ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്,’ കാളിദാസ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Kalidas Jayaram says a small role in a good film is better than a hero in a bad film