ആ നടന്‍ ചെയ്യേണ്ട റോളിലേക്കാണ് ധനുഷ് എന്നെ വിളിച്ചത്; കാളിദാസ് ജയറാം
Entertainment
ആ നടന്‍ ചെയ്യേണ്ട റോളിലേക്കാണ് ധനുഷ് എന്നെ വിളിച്ചത്; കാളിദാസ് ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 1st July 2024, 10:42 pm

ബാലതാരമായി സിനിമയിലേക്കെത്തിയ താരമാണ് കാളിദാസ് ജയറാം. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് കാളിദാസ് നേടിയിരുന്നു. ബാലാജി തരണീധരന്‍ സംവിധാനം ചെയ്ത ഒരു പക്ക കഥൈ എന്ന ചിത്രത്തിലൂടെയാണ് കാളിദാസ് നായകനായി അരങ്ങേറിയത്.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തില്‍ നായകനായി മലയാളത്തിലും അരങ്ങേറി. മലയാളത്തിലും തമിഴിലുമായി ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.

ധനുഷ് സംവിധാനം ചെയ്യുന്ന രായനാണ് കാളിദാസിന്റെ പുതിയ ചിത്രം. ധനുഷിന്റെ 50ാമത് ചിത്രം കൂടിയാണ് രായന്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ധനുഷിന്റെ സഹോദരന്റെ വേഷമാണ് കാളിദാസ് അവതരിപ്പിക്കുന്നത്. എസ്.ജെ. സൂര്യ, സെല്‍വരാഘവന്‍, പ്രകാശ് രാജ്, അപര്‍ണ ബാലമുരളി, ദുഷാര വിജയന്‍, സന്ദീപ് കിഷന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

കാളിദാസിന്റെ വേഷത്തിലേക്ക് തമിഴ് നടന്‍ വിഷ്ണു വിശാലിനെയായിരുന്നു പരിഗണിച്ചത്. എന്നാല്‍ താന്‍ ഈ പ്രൊജക്ടിന്റെ ഭാഗമായപ്പോള്‍ വിഷ്ണുവിനെപ്പോലെ ഒന്നും ചെയ്യേണ്ടെന്നും തനിക്ക് പറ്റുന്ന കാര്യം ചെയ്താല്‍ മാത്രം മതിയെന്ന് ധനുഷ് പറഞ്ഞെന്നും കാളിദാസ് കൂട്ടിച്ചേര്‍ത്തു. രായന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സിനിമാ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘രായനിലെ എന്റെ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് വിഷ്ണു വിശാലിനെയായിരുന്നു. ആ വാര്‍ത്ത പത്രത്തില്‍ വായിച്ചത് എനിക്ക് നല്ല ഓര്‍മയുണ്ട്. പിന്നീടാണ് ആ വേഷത്തിലേക്ക് എന്നെ പരിഗണിച്ചത്. എന്തുകൊണ്ട് വിഷ്ണു ഈ സിനമയില്‍ നിന്ന് പിന്മാറി എന്നെനിക്കറിയില്ല. ഈ സിനിമയില്‍ ഞാന്‍ ജോയിന്‍ ചെയ്തപ്പോള്‍ ധനുഷ് സാര്‍ എന്റെയടുത്ത് നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു.

അദ്ദേഹം എന്നോട് പറഞ്ഞ ഒരേയൊരു കാര്യം, ‘നിനക്ക് എന്താണോ ചെയ്യാന്‍ സാധിക്കുന്നത് അതുപോലെ ചെയ്താല്‍ മതി. വേറെ ആരെയും അനുകരിക്കാന്‍ നോക്കണ്ട. അങ്ങനെ ചെയ്യാന് നോക്കിയാല്‍ നിന്റെ പെര്‍ഫോമന്‍സ് ആരും ഓര്‍ക്കില്ല,’ എന്നായിരുന്നു. അദ്ദേഹവുമായി വര്‍ക്ക് ചെയ്തപ്പോള്‍ വളരെ കംഫര്‍ട്ടായിരുന്നു. ധനുഷ് ഫാന്‍സിന് ആഘോഷിക്കാനുള്ള എല്ലാം രായനില്‍ ഉണ്ടാകും,’ കാളിദാസ് പറഞ്ഞു.

Content Highlight: Kalidas Jayaram saying that Vishnu Vishal was considered for his role in Raayan