ബാലതാരമായി സിനിമയിലേക്കെത്തി രണ്ടാമത്തെ സിനിമയില്‍ തന്നെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ താരമാണ് കാളിദാസ് ജയറാം. ആദ്യത്തെ രണ്ട് സിനിമക്ക് ശേഷം പഠനത്തിലേക്ക് ശ്രദ്ധ നല്‍കിയ താരം 2018ല്‍ റിലീസായ മീന്‍ കുഴമ്പും മണ്‍പാനൈയും എന്ന സിനിമയിലൂടെ സിനിമാലോകത്തേക്ക് തിരിച്ചെത്തി. അതേ വര്‍ഷം തന്നെ പൂമരം എന്ന സിനിമയിലൂടെ മലയാളത്തിലും നായകനായി അരങ്ങേറി. 2021ല്‍ പാവക്കഥൈകള്‍ എന്ന ആന്തോളജി സീരീസിലെ തങ്കം എന്ന സെഗ്മെന്റിലെ പ്രകടനം മികച്ച പ്രശംസ നേടിക്കൊടുത്തു.
ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന പോര്‍ ആണ് താരത്തിന്റെ പുതിയ ചിത്രം. കൈതി എന്ന സിനിമയിലൂടെ പരിചിതനായ അര്‍ജുന്‍ ദാസും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പോണ്ടിച്ചേരിയിലെ രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള ഈഗോ ക്ലാഷിന്റെ കഥയാണ് സിനിമ പറയുന്നത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കരിയറിനെക്കുറിച്ച് സംസാരിച്ചു. മീന്‍കുഴമ്പും മണ്‍പാനൈയും എന്ന സിനിമയില്‍ കമല്‍ ഹാസനോടൊപ്പം അഭിനയിച്ചത് എങ്ങനെയുണ്ടായിരുന്നു എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
‘ശരിക്കും അത് ഞാന്‍ നായകനായ രണ്ടാമത്തെ സിനിമയാണ്. ആദ്യ സിനിമ ഒരു പക്ക കഥൈ ആണ്. പക്ഷേ അത് റിലീസാകാന്‍ വൈകി. അതുകൊണ്ടാണ് മീന്‍കുഴമ്പും മണ്‍പാനൈയും ആദ്യം റിലീസായത്. കമല്‍ സാറിനോട് സെറ്റില്‍ വെച്ച് മിണ്ടാന്‍ എനിക്ക് പേടിയായിരുന്നു. കുട്ടിക്കാലം മുതല്‍ക്കേ
അദ്ദേഹത്തെ കാണാറുണ്ടെങ്കിലും ഷൂട്ടിങ് സ്‌പോട്ടില്‍ കണ്ടിട്ടില്ല. അതുകൊണ്ട് അദ്ദേഹത്തോട് സംസാരിക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല. വിക്രം സിനിമയുടെ സെറ്റില്‍ വെച്ചാണ് ഞാന്‍ ആദ്യമായി സാറിനോട് മിണ്ടുന്നത്. രണ്ട് സിനിമയുടെ സെറ്റും രണ്ട് തരം അനുഭവമായിരുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ പോലും എനിക്ക് അത്ഭുതമാണ്.
സത്യം പറഞ്ഞാല്‍ അപ്പായ്ക്ക് കിട്ടാത്ത കുറച്ചു ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്. ഞാന്‍ ഇടക്ക് അപ്പായോട് പറയും, അപ്പാ ഇത്രയും കാലത്തെ കരിയറിന്റെ ഇടയില്‍ കമല്‍ സാറിന്റെ കൂടെ മൂന്ന് സിനിമ മാത്രമേ ചെയ്തിട്ടുള്ളൂ. ചാണക്യന്‍, പഞ്ചതന്ത്രം, തെന്നാലി. പക്ഷേ ഞാന്‍ ഇപ്പോള്‍ തന്നെ കമല്‍ സാറിന്റെ കൂടെ മൂന്ന് സിനിമ ചെയ്തുകഴിഞ്ഞു. അതുപോലെ ശങ്കര്‍ സാറിന്റെ പടം അങ്ങനെ കുറച്ച് ഭാഗ്യങ്ങള്‍ ഈ ചെറിയ കാലം കൊണ്ട് എനിക്ക് കിട്ടി. അതില്‍ ഞാന്‍ ഹാപ്പിയാണ്,’ കാളിദാസ് പറഞ്ഞു.
Content Highlight: Kalidas Jayaram saying that he is more luckier than his father