മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സുധ മാം വിളിച്ചു ചോദിച്ചത്, നീ വല്ല കൂടോത്രോം ചെയ്‌തോയെന്നാണ്: കാളിദാസ് ജയറാം
Film News
മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സുധ മാം വിളിച്ചു ചോദിച്ചത്, നീ വല്ല കൂടോത്രോം ചെയ്‌തോയെന്നാണ്: കാളിദാസ് ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 12th October 2022, 9:33 am

അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരുന്ന ഘട്ടത്തിലാണ് പാവ കഥൈകള്‍ ആന്തോളജിയിലെ തങ്കം എന്ന ചിത്രത്തിലേക്ക് സുധ കൊങ്കാര വിളിക്കുന്നതെന്ന് കാളിദാസ്. ശരവണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പാക്കാനാണ് ആദ്യം വിളിച്ചതെന്നും സത്താറിനെ അവതരിപ്പിക്കാന്‍ മറ്റൊരു വലിയ ആക്ടര്‍ ഉണ്ടായിരുന്നുവെന്നും ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ കാളിദാസ് പറഞ്ഞു.

‘സിനിമകളൊക്കെ പരാജയപ്പെട്ടതോടെ ഇത് എന്റെ ഇന്‍ഡസ്ട്രിയല്ലെന്ന് തോന്നിത്തുടങ്ങി. അഭിനയം നിര്‍ത്താന്‍ തന്നെ തീരുമാനിച്ചു. വ്യക്തി ജീവിതത്തിലും കരിയറിലും സംഭവിക്കുന്ന കാര്യങ്ങള്‍ മൂലം വളരെ ബുദ്ധിമുട്ട് അനുഭവിച്ചു. ഇനി അഭിനയിക്കില്ലെന്ന് തീരുമാനിച്ചു. ഒരു തിയേറ്റര്‍ കോഴ്‌സ് ചെയ്യാന്‍ തുടങ്ങി.

നാല് മാസത്തിന് ശേഷം സുധ മാം എന്നെ വിളിച്ചു. കാഡ്‌ബെറിയുടെ പരസ്യം കണ്ടിട്ടാണ് സുധ മാം വിളിച്ചത്. തങ്കം സിനിമയുടെ സ്‌ക്രിപ്റ്റ് അയച്ചുതരാം, ഒന്നു വായിച്ച് നോക്കാന്‍ പറഞ്ഞു.

ശരവണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായിരുന്നു ആദ്യം ആവശ്യപ്പെട്ടത്. ശരവണന്റെ ക്യാരക്ടര്‍ നീ ചെയ്യണം, സത്താറിനെ അവതരപ്പിക്കാന്‍ വലിയൊരു ആക്ടര്‍ ഉണ്ടെന്ന് പറഞ്ഞു. എനിക്ക് സത്താറിനെ അവതരിപ്പിക്കാനാണ് താല്‍പര്യം. ഒരു ചാന്‍സ് തരൂ, നിരാശപ്പെടില്ലെന്ന് ഞാന്‍ മാമിനോട് അപേക്ഷിച്ചു. ഒരുപാട് തവണ പറഞ്ഞുനോക്കി.

എന്നാല്‍ അവര്‍ തീരുമാനത്തില്‍ ഉറച്ചുനിന്നു. സത്താറിനെ അവതരിപ്പിക്കാന്‍ തയ്യാറായിട്ടുള്ള വേറെ ചില ആളുകള്‍ അവരുടെ മനസില്‍ ഉണ്ടായിരുന്നു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മാം എന്നെ വിളിച്ചു, നീ വല്ല കൂടോത്രോം ചെയ്‌തോയെന്ന് ചോദിച്ചു. സത്താറിനെ അവതരിപ്പിക്കാന്‍ ആരേയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

നീ ഈ കഥാപാത്രം ചെയ്‌തോളൂ, പക്ഷേ എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ ഞാന്‍ പ്രോജക്ട് തന്നെ നിര്‍ത്തും. കാരണം ഒരു കമ്മ്യൂണിറ്റിയെ മുഴുവന്‍ തെറ്റായി ചിത്രീകരിക്കാന്‍ ആവില്ല. ഇത് കുട്ടിക്കളിയല്ലെന്ന് മാം പറഞ്ഞു. അക്കാര്യത്തില്‍ സുധ മാമിന് നിര്‍ബന്ധമുണ്ടായിരുന്നു. ഭാഗ്യവശാല്‍ എനിക്ക് അവരോടൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റി. അവര്‍ എനിക്ക് ഒരു സംവിധായിക മാത്രമല്ല, ഗോഡ്ഫാദറിനെ പോലെയാണ്.

അവര്‍ക്ക് അവരുടെ അഭിനേതാക്കളെ നന്നായി അറിയാം. അത് ഏത് സംവിധായകനും പ്രധാനപ്പെട്ടതാണെന്നാണ് ഞാന്‍ കരുതുന്നത്. എന്റെ പരാജയചിത്രങ്ങള്‍ക്ക് ഒരു കാരണം അതിന്റെ സംവിധായകര്‍ക്ക് എന്നെ ശരിക്ക് അറിയാത്തതാണെന്ന് തോന്നുന്നു. സംവിധായകരുമായി ഒരു ബോണ്ട് ഉണ്ടാക്കാന്‍ ഞാനും ശ്രമിച്ചില്ല,’ കാളിദാസ് പറഞ്ഞു.

Content Highlight: Kalidas jayaram said that he was initially called to play the role of Saravanan in pavai kadhaikal