'ഈ പോര്‍ ആരംഭിച്ചത് നീയാണ്' കാളിദാസും അര്‍ജുനുമൊന്നിക്കുന്നു; വമ്പന്‍ ഫൈറ്റുമായി ടീസര്‍; ചിത്രം ഹിന്ദിയിലും
Film News
'ഈ പോര്‍ ആരംഭിച്ചത് നീയാണ്' കാളിദാസും അര്‍ജുനുമൊന്നിക്കുന്നു; വമ്പന്‍ ഫൈറ്റുമായി ടീസര്‍; ചിത്രം ഹിന്ദിയിലും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 27th January 2024, 6:31 pm

കാളിദാസ് ജയറാമും അര്‍ജുന്‍ ദാസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘പോര്‍’. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഹിന്ദി-തമിഴ് ദ്വിഭാഷ സിനിമയായിട്ടാണ് എത്തുന്നത്.

ഇരുഭാഷകളിലുമുള്ള ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഏകദേശം ഒന്നര മിനിട്ടിലധികം ദൈര്‍ഘ്യമുള്ള ടീസറില്‍ കോളേജ് വിദ്യാര്‍ത്ഥികളായാണ് നായകന്മാര്‍ എത്തുന്നത്.

കാളിദാസ് ജയറാമും അര്‍ജുന്‍ ദാസും തമ്മിലുള്ള വമ്പന്‍ ഫൈറ്റുകളാണ് ഇതില്‍ കാണുന്നത്. ടീസറിന് അവസാനം അര്‍ജുന്‍ കാളിദാസിനോട് ‘ഈ പോര്‍ ആരംഭിച്ചത് നീയാണ്, ഇതിന് ശേഷം സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല’ എന്നും പറയുന്നത് കാണാം.


ഒരു ഹൈ-ഒക്ടെയ്ന്‍ ആക്ഷന്‍ യൂത്ത് ഡ്രാമയായെത്തുന്ന ചിത്രം തമിഴില്‍ ‘പോര്‍’ എന്ന പേരിലാണെങ്കില്‍ ഹിന്ദിയില്‍ ‘ഡങ്കേ’ എന്ന പേരിലാണ് എത്തുക. ഒരേസമയം രണ്ട് ഭാഷയിലായാണ് ചിത്രം ചിത്രീകരിച്ചിട്ടുള്ളത്.

കാളിദാസ് ജയറാമും അര്‍ജുന്‍ ദാസും തമിഴില്‍ ഒന്നിക്കുമ്പോള്‍ ഹിന്ദിയില്‍ ഹര്‍ഷവര്‍ദ്ധന്‍ റാണെയും ഇഹാന്‍ ഭട്ടുമാണ് ഒന്നിക്കുന്നത്.


നികിത ദത്തയും ടി.ജെ ഭാനുവുമാണ് ഹിന്ദിയില്‍ നായികമാരായെത്തുന്നത്. തമിഴിലും ടി.ജെ ഭാനു നായികായെത്തുന്നുണ്ട്, നികിത ദത്തക്ക് പകരം സഞ്ചന നടരാജനാണ് നായികയാകുന്നത്.

ടി-സീരീസ്, ബിജോയ് നമ്പ്യാര്‍, പ്രഭു ആന്റണി, മധു അലക്‌സാണ്ടര്‍, ഭൂഷണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇരുചിത്രങ്ങളും ഒന്നിക്കുന്നത്.

Content Highlight: Kalidas Jayaram’s And Arjun Das’s Por Movie Teaser Out