|

എല്‍.സി.യു. യിലെ അടുത്ത പ്രൊജക്ടിന്റെ സസ്‌പെന്‍സ് വെളിപ്പെടുത്തി കാളിദാസ് ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൈതി, വിക്രം എന്നീ സിനിമകളിലൂടെ തമിഴ് സിനിമയില്‍ ഒരു പുതിയ സിനിമാറ്റിക് യൂണിവേഴ്‌സ് ആരംഭിച്ചിരിക്കുകയാണ്. തമിഴിലെ സൂപ്പര്‍താരങ്ങളായ കമല്‍ ഹാസന്‍, സൂര്യ, കാര്‍ത്തി, വിജയ് സേതുപതി എന്നിവര്‍ ഈ രണ്ട് സിനിമകളിലൂടെ എല്‍.സി.യു. വിന്റെ ഭാഗമായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷമിറങ്ങിയ വിജയ് ചിത്രം ലിയോയിലും എല്‍.സി.യു റഫറന്‍സ് ഉണ്ടായിരുന്നു.

ഇപ്പോഴിതാ എല്‍.സി.യു. വിലെ അടുത്ത പ്രൊജക്ടിനെക്കുറിച്ചുള്ള സസ്‌പെന്‍സ് നടന്‍ കാളിദാസ് വെളിപ്പെടുത്തി. കാളിദാസും അര്‍ജുന്‍ ദാസും ഒന്നിച്ചഭിനയിക്കുന്ന പോര്‍ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന പ്രസ് മീറ്റിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. എല്‍.സി.യു. വില്‍ കാളിദാസിന്റെ പ്രപഞ്ചന്‍ എന്ന കഥാപാത്രം മരിക്കുകയും അര്‍ജുന്‍ ദാസിന്റെ കഥാപാത്രം മരിക്കാതിരിക്കുകയും ചെയ്യുന്നുണ്ട്. ഇതില്‍ വിഷമമുണ്ടോ എന്ന ചോദ്യത്തിന് കാളിദാസിന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘സത്യം പറഞ്ഞാല്‍ അധികം ആളുകള്‍ക്ക് അറിയാത്ത ഒരു കാര്യമുണ്ട്. വിക്രം സിനിമയിലേക്ക് എന്നെ റെഫര്‍ ചെയ്തത് അര്‍ജുന്‍ ദാസായിരുന്നു. പ്രപഞ്ചന്‍ എന്ന കഥാപാത്രം ആരെ വെച്ച് ചെയ്യിക്കുമെന്ന് ലോകേഷ് സംശയിച്ചപ്പോള്‍ അര്‍ജുനാണ് എന്റെ പേര് റെഫര്‍ ചെയ്തത്. ആ സമയത്ത് അര്‍ജുന് എന്നെ പരിചയമില്ലായിരുന്നു. എനിക്ക് അത്രയും വലിയ ചാന്‍സ് കിട്ടാന്‍ കാരണം അര്‍ജുനാണ്.

വേറൊരു സസ്‌പെന്‍സ് പൊട്ടിക്കാന്‍ കൂടെ ഞാനാഗ്രഹിക്കുന്നു. എല്‍.സി.യു. വിലെ അടുത്ത പ്രൊജക്ട് ഒരു ഷോര്‍ട്ട് ഫിലിമാണ്. അതില്‍ പ്രപഞ്ചനും, അന്‍പും ഉണ്ട്. ആ യൂണിവേഴ്‌സിന്റെ തുടക്കമാണ് അതില്‍ പറയുന്നത്. ലോകേഷ് സാര്‍ തന്നെയാണ് അത് സംവിധാനം ചെയ്യുന്നത്. അര്‍ജുന്‍ അതിനെപ്പറ്റി പറയാന്‍ പറഞ്ഞതുകൊണ്ട് മാത്രമാണ് ഞാനത് ഇപ്പോള്‍ പറഞ്ഞത്,’ കാളിദാസ് പറഞ്ഞു.

Content Highlight: Kalidas Jayaram reveals the next project in LCU

Video Stories