| Tuesday, 29th December 2020, 3:36 pm

എന്തുകൊണ്ട് സിനിമ വേണ്ടെന്ന് വെച്ചു? കാരണം വെളിപ്പെടുത്തി കാളിദാസ് ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സമീപകാലത്തിറങ്ങിയ പുത്തംപുതു കാലൈ, പാവ കഥൈകള്‍, ഒരു പക്കാ കഥൈ എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയ കാളിദാസ് ജയറാം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു എന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

സിനിമയില്‍ നിന്ന് മാറി ലോസ് ആഞ്ചലസിലേക്ക് പോയ സമയത്താണ് സുധാ കൊങ്കാര പാവ കഥൈകളിലെ തങ്കം എന്ന സിനിമയുടെ കഥയുമായി സമീപിച്ചതെന്നും തുടര്‍ന്ന് സിനിമ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നെന്നും കാളിദാസ് തന്നെ പറഞ്ഞിരുന്നു. ഇപ്പോള്‍ സിനിമയില്‍ നിന്നും പിന്മാറാന്‍ തോന്നിയതിന്റെ കാരണങ്ങള്‍ തുറന്നുപറയുകയാണ് നടന്‍. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കാളിദാസ്.

‘ഒരുപാട് പ്രതീക്ഷയോടെ ചെയ്യുന്ന ചില സിനിമകള്‍ വര്‍ക്ക് ചെയ്യാതായപ്പോള്‍ സിനിമ പറ്റിയ ഫീല്‍ഡ് അല്ലെന്ന് തോന്നുമല്ലോ. അത് വളരെ നോര്‍മലായ കാര്യമാണ്. എല്ലാവരും എല്ലാത്തിലും വിജയിക്കണമെന്നില്ല. ഇത് നമുക്ക് പറ്റിയ മേഖലയല്ലെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ഈ പടം വന്നത്.’ കാളിദാസ് പറഞ്ഞു.

നെറ്റ്ഫ്‌ളിക്‌സ് തമിഴ് ആന്തോളജി ചിത്രമായ പാവ കഥൈകളിലെ സുധാ കൊങ്കാരയുടെ തങ്കം എന്ന ചിത്രത്തില്‍ സത്താര്‍ എന്ന കഥാപാത്രത്തെ അതിമനോഹരമായാണ് കാളിദാസ് ചെയ്തിരിക്കുന്നതെന്ന് അഭിപ്രായങ്ങളുയര്‍ന്നിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെയാണ് തങ്കത്തില്‍ കാളിദാസ് അവതരിപ്പിച്ചിരിക്കുന്നത്.

ശരവണന്‍ എന്ന കഥാപാത്രത്തിന് വേണ്ടിയാണ് കാളിദാസിനെ ആദ്യം സമീപിച്ചതെന്നും സത്താറിനെ ചെയ്യാന്‍ മലയാളത്തിലും തമിഴിലുമുള്ള നടന്‍മാര്‍ തയ്യാറാവാത്തപ്പോള്‍ കാളിദാസിനെ ഏല്‍പ്പിക്കുകയായിരുന്നുവെന്നും സംവിധായക സുധാ കൊങ്കാര നേരത്തെ പറഞ്ഞിരുന്നു. ചിത്രീകരണം കഴിഞ്ഞു മാസങ്ങള്‍ക്ക് ശേഷമാണ് സത്താറില്‍ നിന്നു മുക്തനായതെന്നും ആ കഥാപാത്രം തനിക്ക് ഏറെ സന്തോഷം തന്നെന്നും കാളിദാസ് ജയറാം മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

പ്രണയം, അഭിമാനം, ബഹുമാനം തുടങ്ങി ബന്ധങ്ങളുടെ സങ്കീര്‍ണതയാണ് പാവകഥൈകളില്‍ നാല് സിനിമകളിലൂടെ പറയുന്നത്. ലെസ്ബിയന്‍ പ്രണയം, ദുരഭിമാനം കൊണ്ട് ഉണ്ടാവുന്ന പ്രണയ തകര്‍ച്ച, ബന്ധങ്ങളുടെ സങ്കീര്‍ണത, ട്രാന്‍സ്ജെന്‍ഡര്‍ പ്രണയം എന്നിവയെല്ലാം ചിത്രത്തില്‍ വിഷയമാകുന്നുണ്ട്.

ആമസോണ്‍ ആന്തോളജി ചിത്രമായ പുത്തന്‍ പുതുകാലൈയില്‍ സുധാ കൊങ്കാര ചെയ്ത ഇളമൈ ഇതോ ഇതോ എന്ന ചിത്രത്തില്‍ ജയറാം ചെയ്ത കേന്ദ്ര കഥാപാത്രത്തിന്റെ ചെറുപ്പക്കാലമായിരുന്നു കാളിദാസ് അവതരിപ്പിച്ചിരുന്നത്.

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം കാളിദാസ് ജയറാം ആദ്യമായി നായകനായ ആദ്യ ചിത്രം ഒരു പക്കാ കഥൈ ഡിസംബര്‍ 25നാണ് ഒ.ടി.ടിയിലെത്തിയത്. ബാലാജി തരണീധരനാണ് ഒരു പക്കാ കഥൈ സംവിധാനം ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kalidas Jayaram about why he wanted to quit cinema Paava kadhaigal interview

We use cookies to give you the best possible experience. Learn more