കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിലൂടെ ബാല താരമായി മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ച നടനാണ് കാളിദാസ് ജയറാം. അച്ഛനെയും അമ്മയെയും പോലെ സിനിമയിൽ തന്റേതായ വ്യക്തി മുദ്ര കാളിദാസ് പതിപ്പിച്ചിട്ടുണ്ട്. ബാല താരമായിരുന്നപ്പോൾ കിട്ടിയ കഥാപാത്രങ്ങൾ പിന്നീട് മലയാളത്തിൽ നിന്നും താരത്തിന് ലഭിച്ചിട്ടില്ല.
എന്നാൽ തമിഴിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ കാളിദാസ് ചെയ്തിട്ടുണ്ട്. കമൽ ഹാസന്റെ കൂടെ വിക്രമിൽ വരെ താരം അഭിനയിച്ചിട്ടുണ്ട്. നമിത പ്രമോദിനൊപ്പം നായകനായി എത്തുന്ന കാളിദാസിന്റെ പുതിയ മലയാള ചിത്രമാണ് രജനി.
ജയറാമുമായുള്ള രസകരമായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് കാളിദാസ്. അച്ഛന്റെ സ്റ്റിക്കർ ഉണ്ടാക്കി അയച്ചുകൊടുക്കാറുണ്ടെന്നും അത് തങ്ങളുടെ ഫാമിലി ഗ്രൂപ്പിൽ ഇട്ടുകൊണ്ട് കളിയാക്കാറുണ്ടെന്നും കാളിദാസ് പറഞ്ഞു. ട്രോളുകൾ അച്ഛൻ കണ്ടില്ലെങ്കിൽ കാണിച്ചുകൊടുക്കാറുണ്ടെന്നും കാളിദാസ് കൂട്ടിച്ചേർത്തു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘അപ്പേടെ സ്റ്റിക്കർ ഞാൻ അയച്ചു കൊടുക്കാറുണ്ട് . അപ്പേടെ കുറെ സ്റ്റിക്കർ എൻ്റെ സ്റ്റോക്കിലുണ്ട് . നമ്മുടെ ഫാമിലി ഗ്രൂപ്പിൽ ഒക്കെ ഇടക്കിടക്ക് തട്ടും. അതൊക്കെ ഇടുന്നത് ആ ഒരു ടൈമിങ്ങിൽ ഇടുന്നതാണ്. വേറെ ഇരുന്ന് ഈ സ്റ്റിക്കർ ഉണ്ടാക്കണം എന്നൊന്നും ആലോചിക്കാറില്ല. നമ്മൾക്ക് ഓൾറെഡി ഷെയർ ചെയ്യുന്ന സ്റ്റിക്കർ തന്നെ ഫോർവേഡ് ചെയ്യും. സോഷ്യൽ മീഡിയയിൽ വരുന്ന ട്രോൾ ആണെങ്കിലും എന്താണെങ്കിലും നമ്മൾ അങ്ങോട്ടുമിങ്ങോട്ടും ഷെയർ ചെയ്യാറുണ്ട്,’ കാളിദാസ് ജയറാം പറഞ്ഞു.
ജയറാം ട്രോളുകൾ എൻജോയ് ചെയ്യുന്ന ആളാണോ എന്ന ചോദ്യത്തിന് അതേ എന്നായിരുന്നു കാളിദാസ് ജയറാമിന്റെ മറുപടി.
‘അതെ അച്ഛനെല്ലാം കാണാറുണ്ട്. കണ്ടില്ലെങ്കിൽ ഞാൻ കാണിച്ചു കൊടുക്കും. ഏത് പടം ചെയ്യുമ്പോഴും എല്ലാവരും അതിൽ 100% ആത്മാർത്ഥത ഉള്ളവരായിരിക്കും. ആ പടം ഏറ്റവും നന്നായി വരണമെന്ന് ആഗ്രഹിച്ചിട്ട് ആയിരിക്കും. ചില സിനിമകൾ വർക്കാവും ചില സിനിമകൾ വർക്കാവില്ല. ഏതു പടം വർക്ക് ആകും എന്ന് പ്രതീക്ഷിച്ചു ചെയ്യാൻ പറ്റുമെങ്കിൽ ഇപ്പോൾ എല്ലാവരും സൂപ്പർസ്റ്റാർ ആവുമായിരുന്നു. എന്റെ വർക്കാവാതെ പോയ പടങ്ങളൊക്കെ അപ്പ പറഞ്ഞ് എന്നെ കളിയാക്കാറുണ്ട്,’ കാളിദാസ് ജയറാം പറയുന്നു.
വീട്ടിൽ സിനിമ ചർച്ചകൾ അങ്ങനെ വരാറില്ലയെന്നും പക്ഷേ വർക്കിനെ പറ്റി പലപ്പോഴും സംസാരിക്കാറുണ്ടെന്നും അതിലുപരി വേറെ പല കാര്യങ്ങളുമാണ് സംസാരിക്കാറുള്ളതെന്നും കാളിദാസ് ജയറാം അഭിമുഖത്തിൽ പറയുന്നുണ്ട്.
Content Highlight: Kalidas jayaram about the trolls he send to his dad