| Friday, 19th July 2024, 8:39 pm

അത്ര ചെറിയ പ്രായത്തില്‍ ധനുഷ് സാര്‍ എങ്ങനെയാണ് ആ സിനിമ ചെയ്തതെന്ന് ചോദിച്ച് അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്: കാളിദാസ് ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമയിലേക്കെത്തിയ താരമാണ് കാളിദാസ് ജയറാം. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് കാളിദാസ് നേടിയിരുന്നു. ബാലാജി തരണീധരന്‍ സംവിധാനം ചെയ്ത ഒരു പക്ക കഥൈ എന്ന ചിത്രത്തിലൂടെയാണ് കാളിദാസ് നായകനായി അരങ്ങേറിയത്.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തില്‍ നായകനായി മലയാളത്തിലും അരങ്ങേറി. മലയാളത്തിലും തമിഴിലുമായി ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു. ധനുഷിന്റെ അമ്പതാമത് ചിത്രമായ രായനാണ് കാളിദാസിന്റെ പുതിയ ചിത്രം. ധനുഷിന്റെ സഹോദരനായാണ് താരം രായനില്‍ എത്തുന്നത്.

ചിത്രത്തിന്റെ ഷൂട്ടിന്റെ സമയത്ത് താന്‍ ധനുഷിനോട് എപ്പോഴും സംശയങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കുമായിരുന്നെന്നും എന്നാല്‍ അതിന് എപ്പോഴും ചിരിച്ചുകൊണ്ടാണ് അദ്ദേഹം മറുപടി തന്നതെന്നും കാളിദാസ് പറഞ്ഞു. സിനിമകളെപ്പറ്റി തങ്ങള്‍ രണ്ടുപേരും മണിക്കൂറുകളോളം സംസാരിക്കാറുണ്ടായിരുന്നെന്നും താരം പറഞ്ഞു.

21ാം വയസില്‍ എങ്ങനെയാണ് പുതുപ്പേട്ടൈ പോലൊരു സിനിമ ചെയ്തതെന്ന് ചോദിച്ചിരുന്നുവെന്ന് കാളിദസ് പറഞ്ഞു. അതിന്റെ എല്ലാ ക്രെഡിറ്റും തന്റെ ജ്യേഷ്ഠന്‍ സെല്‍വരാഘവനാണെന്ന് അദ്ദേഹം പറഞ്ഞെന്നും കാളിദാസ് കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ധനുഷ് സാറിനെ ഞാന്‍ വല്ലാതെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. എപ്പോഴും എന്തെങ്കിലുമൊക്കെ ചോദിച്ചുകൊണ്ടേയിരിക്കും. രായനിലെ സംശയമൊന്നും ഞാന്‍ ചോദിക്കാറില്ല. അദ്ദേഹത്തിന്റെ പഴയ സിനിമകളെക്കുറിച്ചാണ് എന്റെ സംശയം മുഴുവനും. ആ സിനിമ സംവിധാനം ചെയ്യുന്നതിന്റെ ഇടക്ക് എന്റെ സംശയം തീര്‍ക്കുന്നത് എങ്ങനെയെന്ന് പലപ്പോഴും ആലോചിക്കാറുണ്ട്.

ധനുഷ് സാര്‍ ചെയ്ത പടങ്ങളില്‍ എനിക്ക് ഇഷ്ടമുള്ള ഒന്നാണ് പുതുപേട്ടൈ. പുള്ളിക്ക് 21ഓ 22ഓ വയസുള്ളപ്പോഴാണ് ആ സിനിമ ചെയ്തത്. അത്രയും ചെറിയ പ്രായത്തില്‍ എങ്ങനെയാണ് കൊക്കി കുമാര്‍ പോലെ ഒരു ക്യാരക്ടര്‍ ചെയ്തതെന്ന് ഞാന്‍ ധനുഷ് സാറിനോട് ചോദിച്ചു. ‘അതിന്റെ എല്ലാ ക്രെഡിറ്റും എന്റെ ചേട്ടന്‍ സെല്‍വരാഘവന് ഉള്ളതാണ്. പുള്ളി എന്നെക്കൊണ്ട് അത് ചെയ്യിച്ചു എന്നേയുള്ളൂ’ എന്നാണ് ധനുഷ് സാര്‍ മറുപടി നല്‍കിയത്,’ കാളിദാസ് പറഞ്ഞു.

Content Highlight: Kalidas Jayaram about the shooting experience with Dhanush in Raayan

We use cookies to give you the best possible experience. Learn more