| Tuesday, 11th October 2022, 9:04 pm

ചരടുവലി നടത്തി കാര്യം നേടാന്‍ അറിയുമായിരുന്നെങ്കില്‍ അപ്പ എത്രയോ വലിയ നടനായേനെ: കാളിദാസ് ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താരങ്ങളുടെ മക്കള്‍ സിനിമയിലേക്ക് കടന്നുവരുമ്പോഴുള്ള ചില രീതികളെ കുറിച്ചും അച്ഛനായ ജയറാമിനെ കുറിച്ചും സംസാരിക്കുകയാണ് നടന്‍ കാളിദാസ് ജയറാം. സ്റ്റാര്‍ കിഡ്‌സിന് ലഭിക്കുന്ന തരം ലോഞ്ചിങ്ങൊന്നും തനിക്ക് സിനിമയില്‍ ലഭിച്ചിട്ടില്ലെന്നും ജയറാമിന് അത്തരം കാര്യങ്ങളൊന്നും അറിയില്ലെന്നും കാളിദാസ് പറഞ്ഞു.

ഗലാട്ട പ്ലസില്‍ ഭരദ്വാജ് രംഗന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. മറ്റു താരമക്കളില്‍നിന്നും വ്യത്യസ്തമായ ചിത്രങ്ങള്‍ തെരഞ്ഞെടുത്ത കാളിദാസ് ഹീറോ പരിവേഷമുള്ള കഥാപാത്രങ്ങള്‍ക്ക് വേണ്ടി ശ്രമിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നടന്‍. ജയറാം പിന്തുണ നല്‍കിയിരുന്നില്ലേയെന്നും ഭരദ്വാജ് ചോദിച്ചിരുന്നു.

‘എന്റെ ജീവിതത്തില്‍ തീരുമാനങ്ങളെടുക്കാനുള്ള അവസരം എനിക്ക് എപ്പോഴും ലഭിച്ചിരുന്നു. ഏറ്റവും വലിയ ഭാഗ്യമായി ഞാന്‍ കണക്കാക്കുന്നത് അക്കാര്യമാണ്.

താരങ്ങളുടെ മക്കളുടെ കാര്യത്തില്‍ സാധാരണയായി സിനിമയിലേക്ക് ലോഞ്ചിങ് നടക്കാറുണ്ട്. അപ്പോള്‍ അവര്‍ക്ക് വേണ്ടി പ്രോജക്ടുകള്‍ ഡിസൈന്‍ ചെയ്യാനും അവരെ പ്രത്യേക രീതിയില്‍ അവതരിപ്പിക്കാനുമൊക്കെ ആളുകളുണ്ടാകും.

പൊതു പരിപാടിക്ക് പോകുമ്പോള്‍ എങ്ങനെ വസ്ത്രം ധരിക്കണമെന്നതടക്കം പലതും അവരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ആ രീതിക്ക് തീര്‍ച്ചയായും അതിന്റേതായ ഗുണങ്ങളുണ്ട്.

എന്നാല്‍ ഭാഗ്യവശാല്‍ എന്റെ കാര്യത്തില്‍ അങ്ങനെയൊന്നുമുണ്ടായിട്ടില്ല. എനിക്ക് വേണ്ടി സിനിമകള്‍ നിര്‍മിക്കുമെന്ന് എന്റെ അച്ഛന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. അങ്ങനെയൊക്കെ നടന്നിരുന്നെങ്കിലെന്ന് എനിക്ക് ആഗ്രഹമുണ്ട്(ചിരിയോടെ).

അദ്ദേഹത്തില്‍ നിന്നും അങ്ങനെയൊരു പിന്തുണ വേണമെന്നൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ അതുണ്ടായിട്ടില്ല. ഒരു പിന്തുണയുടെയും പിന്‍ബലമില്ലാതെയാണ് അദ്ദേഹം കടന്നുവന്നത്, അതുകൊണ്ടായിരിക്കാം എന്റെ കാര്യത്തിലും ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്.

പിന്നെ അത്തരം കാര്യങ്ങള്‍ അദ്ദേഹത്തിന് അറിയുകയുമില്ല. ഇന്‍ഡസ്ട്രിയില്‍ വന്ന് 35ലേറെ വര്‍ഷമായെങ്കിലും ചരടുവലികള്‍ നടത്താനൊന്നും ആള്‍ക്കറിയില്ല. അങ്ങനെ കാര്യം നേടിയെടുക്കാന്‍ അറിഞ്ഞിരുന്നെങ്കില്‍ ഇന്നു കാണുന്നതിനേക്കാള്‍ എത്രയോ വലിയ നടനായി അദ്ദേഹം മാറിയേനെ. അതാണ് എന്റെ ഒരു തോന്നല്‍.

സഹായമോ പിന്തുണയോ കിട്ടിയില്ലെങ്കിലും ജയറാമിന്റെ മകന്‍ എന്ന പേരുണ്ടായിരുന്നു. അത് മാത്രം മതിയായിരുന്നു നമ്മളെ സമ്മര്‍ദത്തിലാക്കാന്‍.

ഞാന്‍ ചെയ്ത സിനിമകളെല്ലാം എന്റെ മാത്രം തീരുമാനമായിരുന്നു. നല്ല സിനിമകളുടെയും നല്ല കണ്ടന്റുകളുടെയും ഭാഗമാകണമെന്ന് ആദ്യം മുതലേ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് അത്തരം പടങ്ങള്‍ തെരഞ്ഞെടുത്തത്, ‘ കാളിദാസ് ജയറാം പറഞ്ഞു.

ബാലതാരമായി കരിയര്‍ തുടങ്ങിയ കാളിദാസ് 2016ലിറങ്ങിയ മീന്‍ കൊഴമ്പും മന്‍ പനിയും എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി നായകവേഷത്തിലെത്തുന്നത്.

പിന്നീട് മലയാളത്തില്‍ പൂമരം, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്, ഹാപ്പി സര്‍ദാര്‍, ജാക്ക് ആന്റ് ജില്‍, മിസ്റ്റര്‍ ആന്റ് മിസിസ് റൗഡി എന്നീ ചിത്രങ്ങള്‍ ചെയ്തു.

പാവ കഥൈകള്‍ ആന്തോളജിയിലെ തങ്കം എന്ന ചിത്രത്തിലെ വേഷമാണ് കാളിദാസിന് വലിയ ബ്രേക്ക് നല്‍കിയത്. വിക്രത്തിലെ വേഷവും ശ്രദ്ധ നേടി. നച്ചത്തിരം നഗര്‍കിരത് ആണ് താരത്തിന്റെ ഏറ്റവും ഒടുവില്‍ റിലീസായ ചിത്രം.

Content Highlight: Kalidas Jayaram about Jayaram

We use cookies to give you the best possible experience. Learn more