മലയാള സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണോ അതോ മലയാളത്തില്‍ കഥകള്‍ വരാത്തതാണോയെന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് കാളിദാസ് ജയറാം. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘എന്നോട് ചോദിച്ചാല്‍ എല്ലാ സിനിമകളും എനിക്ക് റിസ്‌ക്കാണ്. കാരണം ഞാന്‍ ഒരു ആക്ടറായിട്ട് ആലോചിക്കുമ്പോള്‍, അടുത്ത സിനിമ ഇപ്പോള്‍ ചെയ്ത രജനി സിനിമയില്‍ നിന്ന് വ്യത്യസ്തമാകണം എന്നാണ് ആഗ്രഹം.
അത് റിസ്‌ക്കുള്ള കാര്യമാണ്. അതുകൊണ്ടാണ് എല്ലാ സിനിമയും റിസ്‌ക്കുള്ളതാണെന്ന് ഞാന്‍ പറഞ്ഞത്. എന്നാല്‍ നമ്മള്‍ ഒരുപാട് എഫേട്ടിട്ട് ചെയ്ത് ആ സിനിമ പ്രേക്ഷകരുടെ മുന്നിലെത്തുമ്പോള്‍ അവര്‍ക്കത് ഇഷ്ടപെട്ടേക്കാം.
നടനെന്ന നിലയില്‍ അപ്പോള്‍ കിട്ടുന്ന സംതൃപ്തിയുണ്ട്. അത് നമ്മളെടുക്കുന്ന റിസ്‌ക് ഫാക്ടറിനേക്കാള്‍ വലുതാണ്. അതുകൊണ്ട് ആ റിസ്‌ക്കിനെ നമ്മള്‍ മൈന്‍ഡ് ചെയ്യാറില്ല.
ഞാന്‍ മലയാള സിനിമളേക്കാള്‍ കൂടുതല്‍ ചെയ്തിട്ടുള്ളത് തമിഴ് സിനിമകളാണ്. മലയാള സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണോ അതോ കഥകള്‍ വരാത്തതാണോയെന്ന് ചോദിച്ചാല്‍, ഒരിക്കലും മാറി നില്‍ക്കുകയല്ല.
ഞാന്‍ ബാലതാരമായിട്ട് എന്റെ അഭിനയം തുടങ്ങിയത് തന്നെ മലയാളത്തില്‍ നിന്നാണ്. പിന്നീട് ഹീറോയായിട്ട് വന്നതും ഇതേ മലയാളത്തിലാണ്.
മലയാളത്തില്‍ വന്ന ഗ്യാപ് ശരിക്കും പ്ലാന്‍ ചെയ്യാതെ ഉണ്ടായതാണ്. തമിഴില്‍ പാവകഥൈകളും വിക്രവും വന്നു. അത്തരത്തില്‍ പ്ലാന്‍ ചെയ്തിട്ടില്ലാത്ത കുറേ സിനിമകള്‍ തമിഴില്‍ വന്നിരുന്നു.
സത്യം പറഞ്ഞാല്‍ ആ സമയത്ത് എനിക്ക് പെര്‍ഫോം ചെയ്യാന്‍ കഴിയുന്ന, എനിക്ക് കുറച്ച് കൂടെ കണ്‍വീന്‍സിങ്ങായിട്ടുള്ള സിനിമയൊന്നും കിട്ടിയിരുന്നില്ല. നേരത്തെയെടുത്ത ഡിസിഷന്‍സില്‍ ചിലത് ശരിയായില്ലെന്നും തോന്നിയിട്ടുണ്ട്. ഇനി ചെയ്യുമ്പോള്‍ നല്ല സിനിമകള്‍ ചെയ്യണം,’ കാളിദാസ് ജയറാം പറഞ്ഞു.
Content Highlight: Kalidas Jayaram About His Malayalam Movies