| Thursday, 27th June 2024, 11:05 pm

ഞാന്‍ മരിക്കുന്ന സിനിമകളെല്ലാം ഹിറ്റാവുന്നു, അതിന്റെ കാരണം എന്താണോ എന്തോ? കാളിദാസ് ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമയിലേക്കെത്തിയ താരമാണ് കാളിദാസ് ജയറാം. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ കാളിദാസ് നായകനായി അരങ്ങേറിയത് ബാലാജി തരണീധരന്‍ സംവിധാനം ചെയ്ത ഒരു പക്ക കഥൈ എന്ന ചിത്രത്തിലൂടെയാണ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തില്‍ നായകനായി മലയാളത്തിലും അരങ്ങേറി. മലയാളത്തിലും തമിഴിലുമായി ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.

ധനുഷ് സംവിധാനം ചെയ്യുന്ന രായനാണ് കാളിദാസിന്റെ പുതിയ ചിത്രം. സിനിമയുടെ ഫസ്റ്റ് ലുക്ക് ഇറങ്ങിയ സമയത്ത് കാളിദാസിന്റെ കഥാപാത്രം മരിക്കാനുള്ളതാണെന്ന തരത്തില്‍ ട്രോളുകള്‍ വന്നിരുന്നു. അത്തരത്തിലുള്ള ട്രോളുകളോട് പ്രതികരിക്കുകയാണ് താരം. താന്‍ ചെയ്യുന്ന കഥാപാത്രം മരിക്കുന്ന സിനിമകളെല്ലാം ബ്ലോക്ക്ബസ്റ്ററാകുന്നുണ്ട് എന്നുള്ള കാര്യം ഈയടുത്താണ് മനസിലാക്കിയതെന്നും അതിന്റെ കാരണം തനിക്കറിയില്ലെന്നും കാളിദാസ് പറഞ്ഞു. രായന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യാഗ്ലിറ്റിസിന് നല്‍കിയ അഭിമുഖത്തിലാണ് കാളിദാസ് ഇക്കാര്യം പറഞ്ഞത്.

‘വിക്രം സിനിമയില്‍ ഞാന്‍ അവതരിപ്പിച്ച കഥാപാത്രം മരിക്കുന്നുണ്ട്. ആ സിനിമ സൂപ്പര്‍ ഹിറ്റായി. പാവ കഥൈകളില്‍ തങ്കം എന്ന സെഗ്മെന്റിലെ സത്താര്‍ എന്ന കഥാപാത്രവും മരിക്കുന്നുണ്ട്. തങ്കത്തിനും നല്ല അഭിപ്രായമാണ് ലഭിച്ചത്. എന്റെ കഥാപാത്രം മരിക്കുന്ന സിനിമകള്‍ക്കെല്ലാം നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. അതിന്റെ കാരണം എന്താണോ എന്തോ?

ഇനി ചെയ്യുന്ന സിനിമകളൊക്കെ നന്നാവാന്‍ വേണ്ടി എന്റെ കഥാപാത്രത്തെ കൊല്ലുമോ എന്നറിയില്ല. രായന്റെ പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ എന്റെ കഥാപാത്രം മരിക്കും എന്ന തരത്തിലുള്ള ട്രോളുകള്‍ കണ്ടിരുന്നു. ആ കാര്യത്തെപ്പറ്റി ഇപ്പോള്‍ പറയാന്‍ പറ്റില്ല സിനിമ കണ്ട് മനസിലാക്കേണ്ട കാര്യമാണത്,’ കാളിദാസ് പറഞ്ഞു.

ധനുഷ് തന്നെയാണ് രായനിലെ നായകന്‍. താരത്തിന്റെ 50ാം ചിത്രമാണിത്. എസ്.ജെ. സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവന്‍, ജയറാം, സുദീപ് കിഷന്‍, ദുഷാരാ വിജയന്‍ തുടങ്ങി വന്‍ താരനിരയാണ് രായനില്‍ അണിനിരക്കുന്നത്. എ.ആര്‍.റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ജൂണില്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ച ചിത്രം ജൂലൈ 26ലേക്ക് റിലീസ് മാറ്റി. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Kalidas Jayaram about his characters in Vikram and Paava Kadahaigal

We use cookies to give you the best possible experience. Learn more