പ്രണവ് മോഹൻലാൽ ചിത്രം ഹൃദയത്തിലെ സെൽവൻ എന്ന കഥാപാത്രത്തെ പ്രേക്ഷകരാരും മറക്കാൻ ഇടയില്ല. കുറഞ്ഞ നേരം കൊണ്ട് വലിയ രീതിയിൽ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു കലേഷ് രാമാനന്ദ് അവതരിപ്പിച്ച ആ കഥാപാത്രം. മമ്മൂട്ടിയോടൊപ്പം ക്രിസ്റ്റഫർ എന്ന ചിത്രത്തിലും കലേഷ് അഭിനയിച്ചിരുന്നു.
ഹിറ്റ് കോമ്പോയായ മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന നേര് എന്ന ചിത്രത്തിലൂടെ മോഹൻലാലിനോടൊപ്പവും അഭിനയിച്ചിരിക്കുകയാണ് കലേഷ്. മോഹൻലാലിനോടൊപ്പമുള്ള അനുഭവം പങ്കുവയ്ക്കുകയാണ് താരം.
നേരിന്റെ ലൊക്കേഷനിൽ വെച്ച് ലാലേട്ടനെ കണ്ടപ്പോൾ പ്രണവ് മോഹൻലാലിനെ കുറിച്ചാണ് ചോദിച്ചതെന്നും ആദ്യം കണ്ടപ്പോൾ ഹൃദയത്തിലെ സെൽവനെ അവതരിപ്പിച്ച ആളാണ് താനെന്ന് അദ്ദേഹത്തിന് മനസ്സിലായില്ലെന്നും കലേഷ് പറയുന്നു. സെല്ലുലോയ്ഡ് മാഗസിനോട് സംസാരിക്കുകയായിരുന്നു കലേഷ്.
‘ദൃശ്യത്തിനുശേഷം മോഹൻലാൽ- ജോസഫ് കോമ്പിനേഷനിൽ വീണ്ടും തിയേറ്ററുകളിൽ ഇറങ്ങാൻ പോകുന്ന സിനിമ നേര് ആയിരിക്കും. കാരണം ദൃശ്യം 2വും ട്വിവൽത്ത് മാനുമെല്ലാം ഒ.ടി.ടി റിലീസ് ആയിരുന്നു. അതിനിടയിൽ ഷൂട്ട് ചെയ്ത റാം ഇതുവരെ റിലീസ് ചെയ്തിട്ടുമില്ല. നേര് ഡിസംബറിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിന്റെ ഷൂട്ടിങ് അനുഭവങ്ങൾ നല്ല രസമായിരുന്നു. ഞാനും ലാലേട്ടനും ഇരുന്ന് സംസാരിക്കാറുണ്ടായിരുന്നു. അപ്പു എങ്ങനെ ഉണ്ടായിരുന്നു, അപ്പുവിനോട് സംസാരിക്കാറുണ്ടോ, അടുത്ത പടത്തിലുണ്ടോ എന്നൊക്കെയായിരുന്നു ലാലേട്ടൻ ചോദിക്കാറുണ്ടായിരുന്നത്.
ലാലേട്ടന് ആദ്യം കണ്ടപ്പോൾ ഞാനാണ് ഹൃദയത്തിലെ സെൽവ എന്ന കഥാപാത്രം ചെയ്തത് എന്ന് മനസ്സിലായില്ലായിരുന്നു. ആന്റണി ചേട്ടനെ എനിക്ക് മുൻപ് തന്നെ അറിയാമായിരുന്നു. ആന്റണി ചേട്ടനാണ് ലാലേട്ടനോട് പറഞ്ഞത്, ഹൃദയത്തിൽ അപ്പുവിന്റെ കൂടെയുണ്ടായിരുന്നത് ഇയാൾ ആണെന്ന്. അത് കേട്ടപ്പോൾ ലാലേട്ടൻ സോറി കേട്ടോയെന്ന് പറഞ്ഞു. അയ്യോ എന്നോട് എന്തിനാണ് സോറി പറയുന്നതെന്ന് ഞാൻ ചോദിച്ചു.