കോഴിക്കോട്: കവിതാ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി കവി കലേഷ് സോം. മനുഷ്യന് മനുഷ്യനോട് മാപ്പു പറയേണ്ട ആവശ്യമുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് കലേഷ് പറഞ്ഞു. മാപ്പ് വേണ്ട. തെറ്റുതിരുത്തി മുന്നോട്ടുപോവാനാണ് വിവാദത്തില്‍ ഉള്‍പ്പെട്ടവര്‍ ശ്രമിക്കേണ്ടത്. അതേസമയം ആള്‍ക്കൂട്ടാക്രമണത്തോട് യോജിപ്പില്ലെന്നും കലേഷ് പറഞ്ഞു.
എന്റെ കവിത മോഷ്ടിച്ചവര്‍ക്ക് ചെയ്ത തെറ്റ് മനസിലായി എന്ന് ഞാന്‍ കരുതുന്നു. മനസിലായില്ലെങ്കില്‍ അത് സ്വകാര്യമായെങ്കിലും
മനസിലാക്കണം. നല്ല കവിതകളില്‍ വിശ്വസിക്കുക. ഈ വിഷയത്തില്‍ കൂടെ നിന്നവരോട് നന്ദി. കേസ് കൊടുക്കുന്ന കാര്യം നിലവില്‍ ആലോചിച്ചിട്ടില്ല. വലിയൊരു ആള്‍ക്കൂട്ടത്തെ പ്രതീക്ഷിച്ച് കവിതയുമായി കാത്തിരിക്കുന്ന കൂട്ടത്തില്ല ഞാന്‍. കവിതയെ ഇഷ്ടപ്പെടുന്ന ചെറിയ ഒരിടം. അതാണ് കവിതയുടെ ഇടമെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ കലേഷ് പറഞ്ഞു.
കുറച്ചു ദിവസങ്ങളായി കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോയത്. ഏഴ് വര്‍ഷം മുന്‍പ് എഴുതിയ ഒരു കവിത തന്റേ തന്നെയെന്ന് സ്ഥാപിക്കേണ്ടി വരുന്ന ഒരു എഴുത്തുകാരന്റെ അവസ്ഥ ദുരവസ്ഥയാണ്. നൈനികതയുടേയും സാമൂഹിക നീതിയുടേയും പ്രശ്‌നമുണ്ട് അതില്‍- കലേഷ് പറഞ്ഞു.
സംഭവം വിവാദമാകുന്നതിന്റെ തലേദിവസം ഇതേക്കുറിച്ച് അറിഞ്ഞെങ്കിലും അത് തമാശയായിട്ടായിരുന്നു കണ്ടതെന്ന് കലേഷ് പറയുന്നു. ദീപ നിശാന്തിനെ അപമാനിക്കാന്‍ എതിര്‍പക്ഷത്തുള്ളവര്‍ ചെയ്തതാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കവിത തന്റേതാണെന്ന് അവര്‍ ഇരട്ടിശക്തിയില്‍ പറഞ്ഞത് ഞെട്ടലുണ്ടാക്കി. കവിതയില്‍ മിനുക്കുപണികള്‍ നടത്തിയിട്ടുണ്ടെന്ന് ദീപാ നിശാന്ത് പറഞ്ഞത് മനസിലായില്ലെന്നും കലേഷ് പറഞ്ഞു.
കവിതാ മോഷണ വിവാദത്തില്‍ തനിക്ക് മാപ്പല്ല വേണ്ടത് മറുപടിയാണെന്ന് കലേഷ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. കലേഷിനോടു മാപ്പു പറഞ്ഞുകൊണ്ടുള്ള ശ്രീചിത്രന്റെ കുറിപ്പു വന്നതിനു പിന്നാലെയായിരുന്നു. കലേഷിന്റെ പ്രതികരണം.
“ഒരു കവിയെ സംബന്ധിച്ച് കവിത വികലമാക്കി വരികള്‍ വെട്ടി ആ കവിതയുടെ സത്ത മുഴുവന്‍ ചോര്‍ത്തിക്കളഞ്ഞ് പ്രസിദ്ധീകരിച്ചതാരാണ്? അതാണ് അറിയേണ്ടത്. അല്ലാതെ ഇതുസംബന്ധിച്ച് മാപ്പല്ല. ഒരു മനുഷ്യന്‍ ഒരു മനുഷ്യനോട് മാപ്പു പറയുന്നതില്‍ പ്രത്യേക കാര്യം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അതില്‍ എനിക്കറിയേണ്ടത് അത് വികലമാക്കിയത് എന്തിനാണ്, ആരാണ്? ആരാണെന്ന് പറയാനുള്ള മര്യാദ കാണിക്കണം.” എന്നായിരുന്നു കലേഷിന്റെ വാക്കുകള്‍.
കലേഷിന്റെ കവിത സ്വന്തം കവിതയാണെന്നു തെറ്റിദ്ധരിപ്പിച്ച് ദീപ നിശാന്തിന് അവരുടെ പേരില്‍ പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കുകയായിരുന്നെന്ന ദീപയുടെ ആരോപണം നിഷേധിക്കുന്നതായിരുന്നു ശ്രീചിത്രന്റെ ഖേദപ്രകടന കുറിപ്പ്.
സ്ഥിരമായി കവിതാ സംവാദങ്ങള്‍ നടക്കുന്ന സമയത്ത് പലര്‍ക്കും ഇഷ്ടപ്പെട്ട കവിതകള്‍ അയച്ചുകൊടുത്തിരുന്നു. അതില്‍ നിന്നൊരു കവിതയിപ്പോള്‍ ഒരു സര്‍വ്വീസ് മാഗസിനില്‍ വരാനും അതിന്റെ പേരില്‍ പ്രതിക്കൂട്ടിലെത്താനും സാഹചര്യമുണ്ടായത് ദൗര്‍ഭാഗ്യകരം എന്നേ പറയാനാവൂവെന്നാണ് ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കുറിപ്പില്‍ ശ്രീചിത്രന്‍ അവകാശപ്പെട്ടത്.
അതേസമയം, കലേഷിന്റെ കവിത തന്റെയാണെന്ന് അവകാശപ്പെട്ടുകൊണ്ട് ശ്രീചിത്രന്‍ തനിക്കു നല്‍കിയതാണെന്നു തെളിയിക്കുന്ന വാട്സ്ആപ്പ് സംഭാഷണം ദീപ നിശാന്ത് പുറത്തുവിട്ടിരുന്നു.
കവിതാ വിവാദത്തില്‍ കലേഷിനോട് നിരുപാധികം മാപ്പ് ചോദിച്ച് ദീപാ നിശാന്തും രംഗത്തെത്തിയിരുന്നു. എസ് കലേഷ് എഴുതിയ അങ്ങനെയിരിക്കെ മരിച്ചുപോയി ഞാന്‍/നീ എന്ന കവിത ദീപാ നിശാന്തിന്റെ പേരില്‍ ഒരു സര്‍വ്വീസ് സംഘടനയുടെ മാസികയില്‍ പ്രസിദ്ധീകരിച്ചുവന്നതാണ് വിവാദമായത്.