കൊച്ചി: കവിതാ മോഷണ വിവാദത്തില്‍ തനിക്ക് മാപ്പല്ല വേണ്ടത് മറുപടിയാണെന്ന് കവി കലേഷ്. കലേഷിനോടു മാപ്പു പറഞ്ഞുകൊണ്ടുള്ള ശ്രീചിത്രന്റെ കുറിപ്പു വന്നതിനു പിന്നാലെയാണ് കലേഷിന്റെ പ്രതികരണം.
കലേഷിന് ഇപ്പോള്‍ അനുഭവിക്കേണ്ടിവന്ന മാനസിക പ്രയാസത്തിനും അപമാനത്തിനും ഞാന്‍ കലേഷിനോട് മാപ്പു പറയുന്നു എന്നു പറഞ്ഞുകൊണ്ട് ശ്രീചിത്രന്‍ ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു കലേഷ്.
“ആരാണ് എന്റെ കവിതയുടെ വരികള്‍ വെട്ടി വഴിയിലുപേക്ഷിച്ചത്? സുഹൃത്തേ, മാപ്പ് വേണ്ട. മറുപടി മതി. അത് ഞാനര്‍ഹിക്കുന്നു.” എന്നാണ് കലേഷിന്റെ പ്രതികരണം.
“ഒരു കവിയെ സംബന്ധിച്ച് കവിത വികലമാക്കി വരികള്‍ വെട്ടി ആ കവിതയുടെ സത്ത മുഴുവന്‍ ചോര്‍ത്തിക്കളഞ്ഞ് പ്രസിദ്ധീകരിച്ചതാരാണ്? അതാണ് അറിയേണ്ടത്. അല്ലാതെ ഇതുസംബന്ധിച്ച് മാപ്പല്ല. ഒരു മനുഷ്യന്‍ ഒരു മനുഷ്യനോട് മാപ്പു പറയുന്നതില്‍ പ്രത്യേക കാര്യം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അതില്‍ എനിക്കറിയേണ്ടത് അത് വികലമാക്കിയത് എന്തിനാണ്, ആരാണ്? ആരാണെന്ന് പറയാനുള്ള മര്യാദ കാണിക്കണം.” എന്നും കലേഷ് പറഞ്ഞു.
കലേഷിന്റെ കവിത സ്വന്തം കവിതയാണെന്നു തെറ്റിദ്ധരിപ്പിച്ച് ദീപ നിശാന്തിന് അവരുടെ പേരില്‍ പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കുകയായിരുന്നെന്ന ദീപയുടെ ആരോപണം നിഷേധിക്കുന്നതായിരുന്നു ശ്രീചിത്രന്റെ ഖേദപ്രകടന കുറിപ്പ്.
Also Read:“അപ്പു എത്തി”; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് അര്‍ജന്റീനിയന്‍ വാര്‍ത്താ ചാനല്‍
സ്ഥിരമായി കവിതാ സംവാദങ്ങള്‍ നടക്കുന്ന സമയത്ത് പലര്‍ക്കും ഇഷ്ടപ്പെട്ട കവിതകള്‍ അയച്ചുകൊടുത്തിരുന്നു. അതില്‍ നിന്നൊരു കവിതയിപ്പോള്‍ ഒരു സര്‍വ്വീസ് മാഗസിനില്‍ വരാനും അതിന്റെ പേരില്‍ പ്രതിക്കൂട്ടിലെത്താനും സാഹചര്യമുണ്ടായത് ദൗര്‍ഭാഗ്യകരം എന്നേ പറയാനാവൂവെന്നാണ് ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കുറിപ്പില്‍ ശ്രീചിത്രന്‍ അവകാശപ്പെട്ടത്.
അതേസമയം, കലേഷിന്റെ കവിത തന്റെയാണെന്ന് അവകാശപ്പെട്ടുകൊണ്ട് ശ്രീചിത്രന്‍ തനിക്കു നല്‍കിയതാണെന്നു തെളിയിക്കുന്ന വാട്‌സ്ആപ്പ് സംഭാഷണം ദീപ നിശാന്ത് പുറത്തുവിട്ടിട്ടുണ്ട്. കവിതാ വിവാദവുമായി ബന്ധപ്പെട്ട് നവംബര്‍ 29ന് ശ്രീചിത്രനും ദീപയും നടത്തിയ വാട്‌സ്ആപ്പ് സംഭാഷണങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്.
എസ് കലേഷ് എഴുതിയ അങ്ങനെയിരിക്കെ മരിച്ചുപോയി ഞാന്‍ എന്ന കവിത ദീപാ നിശാന്തിന്റെ പേരില്‍ ഒരു സര്‍വ്വീസ് സംഘടനയുടെ മാസികയില്‍ പ്രസിദ്ധീകരിച്ചുവന്നതാണ് വിവാദമായത്.