ആ സൂപ്പർ ഹിറ്റ്‌ ആൽബത്തിലാണ് ആദ്യമായി ഞാൻ അഭിനയിച്ചത്, അതൊരുക്കിയത് വിനീതേട്ടനാണ്: കലേഷ് രാമാനന്ദ്
Entertainment
ആ സൂപ്പർ ഹിറ്റ്‌ ആൽബത്തിലാണ് ആദ്യമായി ഞാൻ അഭിനയിച്ചത്, അതൊരുക്കിയത് വിനീതേട്ടനാണ്: കലേഷ് രാമാനന്ദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 8th October 2024, 4:50 pm

വിനീത് ശ്രീനിവാസൻ ഒരുക്കിയ ഹൃദയം എന്ന ചിത്രത്തിലെ ഷെൽവൻ എന്ന കഥാപാത്രത്തെ സിനിമ കണ്ടവരാരും മറക്കാൻ സാധ്യതയില്ല. നടൻ കലേഷ് രാമാനന്ദ് അവതരിപ്പിച്ച വേഷം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഹൃദയത്തിലൂടെയാണ് കലേഷിനെ മലയാളികൾ അറിഞ്ഞു തുടങ്ങിയത്. ഈയിടെ വർഷങ്ങൾക്ക് ശേഷത്തിലും കലേഷ് അഭിനയിച്ചിരുന്നു.

എന്നാൽ 13 വർഷങ്ങൾക്ക് മുമ്പ് യുവതി യുവാക്കൾക്കിടയിൽ തരംഗമായി എല്ലാവരും പാടി നടന്ന ‘മിന്നലഴകേ മിന്നുമഴകേ’ എന്ന വിനീത് ശ്രീനിവാസൻ തന്നെ ഒരുക്കിയ ആൽബം സോങ്ങിലും താൻ അഭിനയിച്ചിരുന്നു എന്നാണ് കലേഷ് പറയുന്നത്. ആദ്യമായി ക്യാമറയുടെ മുന്നിൽ നിൽക്കുന്നത് ആ പാട്ടിലാണെന്നും കലേഷ് പറഞ്ഞു.

തന്റെ ചിരി നല്ല രസമുണ്ടെന്ന് അന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞെന്നും പിന്നീട് തനി ഒരുവൻ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രം വിനീത് ശ്രീനിവാസൻ ശ്രദ്ധിച്ചെന്നും കലേഷ് പറഞ്ഞു. സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട്‌ സംസാരിക്കുകയായിരുന്നു കലേഷ്.

‘കൊച്ചിൻ രാജഗിരി സ്‌കൂൾ ഓഫ് എൻജിനീയറിങ് ആന്റ് ടെക്നോളജിയിലാണ് ഞാൻ പഠിച്ചത്. അവിടെ വെച്ചായിരുന്നു വിനീതേട്ടൻ്റെ ‘മിന്നലഴകേ’ എന്ന ആൽബം സോങ് ചിത്രീകരിച്ചത്. പാട്ടുസീനിൽ നിൽക്കാൻ നാല് പയ്യൻമാരെ വേണമെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ കുറച്ചുപേർ പോയി.

ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുന്നത് ആ പാട്ടിലാണ്, നിന്റെ ചിരി നല്ല രസമുണ്ട്’ എന്നൊക്കെ വിനീതേട്ടൻ അന്ന് പറഞ്ഞിരുന്നു. പിന്നീട് കുറെ വർഷങ്ങൾക്കുശേഷം ചെന്നൈ എയർപോർട്ടിൽ വെച്ച് ഞങ്ങൾ കണ്ടുമുട്ടി.

‘തനി ഒരുവൻ’ സിനിമയിലെ എന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതുകൊണ്ട് വിനീതേട്ടൻ എന്നെ തിരിച്ചറിഞ്ഞു. എനിക്ക് അദ്ദേഹത്തിന്റെ നമ്പർ തന്നു. ഞാൻ ചെയ്‌ത ഷോർട്ട് ഫിലിമുകളുടെയൊക്കെ ലിങ്ക് അദ്ദേഹത്തിന് അയച്ചുകൊടുക്കുമായിരുന്നു. ഒടുവിൽ ഹൃദയത്തിലേക്ക് വിനീതേട്ടൻ വിളിച്ചു. അതുകഴിഞ്ഞ് വർഷങ്ങൾക്ക് ശേഷത്തിലേക്കും,’കലേഷ് പറയുന്നു.

 

Content Highlight: Kalesh Ramanandh Talk About Minnalazhake Album Song