വിനീത് ശ്രീനിവാസൻ ഒരുക്കിയ ‘ഹൃദയ’ത്തിലെ സെൽവൻ എന്ന തമിഴ് കഥാപാത്രത്തെ സിനിമ കണ്ടവരാരും മറക്കാൻ ഇടയില്ല. കലേഷ് രാമനന്ദ് ആയിരുന്നു സെൽവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
ഹൃദയത്തിലെ താരത്തിന്റെ പ്രകടനം വലിയ ശ്രദ്ധ നേടിയിരുന്നു. അതിനുശേഷം ഇറങ്ങിയ മമ്മൂട്ടി ചിത്രം ക്രിസ്റ്റഫർ, ഇമ്പം, നീരജ തുടങ്ങിയ ചിത്രങ്ങളിലും താരം പ്രധാന വേഷത്തിൽ എത്തിയിരുന്നു.
എന്നാൽ വർഷങ്ങൾക്കു മുമ്പ് ഇറങ്ങിയ മമ്മൂട്ടി ചിത്രം ‘കുഞ്ഞനന്തന്റെ കട’യാണ് തന്റെ ആദ്യചിത്രം എന്നും ആ കാര്യം മമ്മൂട്ടി തന്നെ ക്രിസ്റ്റഫർ സിനിമയുടെ വാർത്താ സമ്മേളനത്തിൽ എല്ലാരോടും പറയുകയും ചെയ്തിരുന്നുവെന്നും താരം പറയുന്നു. കാലങ്ങൾക്ക് ശേഷം വീണ്ടും മമ്മൂട്ടിയെ കണ്ടപ്പോൾ, താൻ എവിടെയായിരുന്നു, എന്നായിരുന്നു മമ്മൂട്ടി ചോദിച്ചതൊന്നും സെല്ലുലോയ്ഡ് മാഗസിന് നൽകിയ അഭിമുഖത്തിൽ കലേഷ് പറഞ്ഞു.
അദ്ദേഹം വിളിച്ചപ്പോൾ തന്നെ എന്നോട് പറഞ്ഞത്, സുകു എന്നൊരു കഥാപാത്രമാണ് നിന്റേത്. നിനക്ക് സംഭാഷണങ്ങൾ ഒന്നുമില്ല. കാരണം ചിത്രത്തിൽ സുകു ആരോടും സംസാരിക്കില്ല. എപ്പോഴും ഒരു പുള്ളുവൻ വീണ വായിച്ചു കൊണ്ടിരിക്കുന്ന വേഷമാണ്. ആളുകൾക്ക് സുകു എവിടെ നിന്നാണ് വന്നത് എന്ന് അറിയില്ല.
കുഞ്ഞനന്തന്റെ കടയിൽ എപ്പോഴും ഉണ്ടാവുന്ന ആളാണ് സുകു. ആ കടയുടെ തിണ്ണയിൽ തന്നെ കിടന്നുറങ്ങും. കുഞ്ഞനന്തേട്ടന് കിണറ്റിൽ നിന്ന് വെള്ളം കോരി കൊടുക്കും. അങ്ങനെ ആ സിനിമയിലെ മമ്മൂക്കയുടെ കഥാപാത്രവും എന്റെ കഥാപാത്രവും തമ്മിൽ നല്ല ബന്ധമുണ്ടായിരുന്നു. പക്ഷെ അന്നെനിക്ക് അദ്ദേഹമുവായി അടുത്തിടപഴകാൻ പറ്റിയില്ല.
പക്ഷെ അതിനുശേഷം 9 വർഷം കഴിഞ്ഞിട്ടാണ് വീണ്ടും മമ്മൂക്കയോടൊപ്പം ക്രിസ്റ്റഫർ എന്ന ചിത്രത്തിൽ ഞാൻ ഒന്നിച്ച് അഭിനയിക്കുന്നത്. അന്ന് വീണ്ടും മമ്മൂക്ക കണ്ടപ്പോൾ എന്നോട് ചോദിച്ചത്, എടോ താൻ എവിടെയായിരുന്നെടോ, എന്നായിരുന്നു. പക്ഷെ ക്രിസ്റ്റഫർ സിനിമയുടെ പ്രെസ്സ് മീറ്റിൽ എന്നെ കുറിച്ച് ഈ കാര്യം മമ്മൂക്ക പറയുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല.
അങ്ങനെ മമ്മുക്ക പറഞ്ഞതുകൊണ്ട് എല്ലാവരും ആ കാര്യം അറിഞ്ഞു. കലേഷിന്റെ ആദ്യത്തെ സിനിമ ഏതാണെന്ന് ചോദിക്കാൻ മമ്മൂക്ക തന്നെ എല്ലാവരോടും പറഞ്ഞു. അത് ഒരിക്കലും എനിക്ക് മറക്കാൻ കഴിയില്ല,’ കലേഷ് പറയുന്നു.
Content Highlight: Kalesh ramanand Talk About Mammootty And His First Movie