വിനീത് ശ്രീനിവാസൻ ഒരുക്കിയ ഹൃദയത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് കലേഷ് രാമാനന്ദൻ. പ്രേക്ഷകർ എന്നും ഓർക്കുന്ന ഹൃദയത്തിലെ സെൽവൻ എന്ന തമിഴ് കഥാപാത്രത്തെ അവതരിപ്പിച്ചത് കലേഷ് ആയിരുന്നു.
മമ്മൂട്ടി ചിത്രം കുഞ്ഞനന്തന്റെ കടയിലാണ് കലേഷ് ആദ്യമായി അഭിനയിക്കുന്നത്. എന്നാൽ അതിനു മുൻപ് മോഹൻലാലിനൊപ്പം സ്പിരിറ്റ് എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി താൻ അഭിനയിച്ചിട്ടുണ്ട് എന്ന് പറയുകയാണ് കലേഷ്.
മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം നേരിലും മോഹൻലാലിനോടൊപ്പം താരം അഭിനയിക്കുന്നുണ്ട്. സ്പിരിറ്റിൽ ലാലേട്ടനോടൊപ്പം 11വർഷം മുൻപ് ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചതിന് ശേഷം വീണ്ടും അഭിനയിക്കുന്നതും ആദ്യചിത്രമായ കുഞ്ഞനന്തന്റെ കടയ്ക്ക് ശേഷം ഈയിടെ ക്രിസ്റ്റഫർ എന്ന സിനിമയിൽ മമ്മൂട്ടിയോടൊപ്പം വീണ്ടും അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചതിനെ കുറിച്ചും സെല്ലുലോയ്ഡ് മാഗസിനോട് താരം പറഞ്ഞു.
‘ഞാൻ ആദ്യമായി അഭിനയിച്ച സിനിമ സലീം അഹമ്മദിന്റെ സംവിധാനത്തിൽ മമ്മൂക്ക നായകനായ കുഞ്ഞനന്തന്റെ കടയായിരുന്നു. പക്ഷേ ഞാൻ ആ ചിത്രം ചെയ്യുന്നതിനും രണ്ടുമൂന്നു കൊല്ലം മുൻപ് ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അങ്ങനെ ഞാൻ ജൂനിയർ ആർട്ടിസ്റ്റായി നിന്ന സിനിമയാണ് സ്പിരിറ്റ്.
കോളേജ് കഴിഞ്ഞ ഉടനെ തന്നെ എവിടെ പോകണം എന്തുചെയ്യണമെന്ന് അറിയാത്ത ഒരു അവസ്ഥയിൽ ചെയ്ത ചിത്രമായിരുന്നു സ്പിരിറ്റ്. സ്പിരിറ്റിൽ ജൂനിയർ ആർട്ടിസ്റ്റായി നിന്നിട്ട് ഒരു 11 വർഷങ്ങൾക്ക് ശേഷം ലാലേട്ടന്റെ ഒപ്പം വീണ്ടും അഭിനയിക്കാൻ പറ്റുന്നു.
അതുപോലെ കുഞ്ഞനന്തന്റെ കട എന്ന എന്റെ ആദ്യത്തെ സിനിമയ്ക്ക് ശേഷം ഇപ്പോൾ വീണ്ടും മമ്മൂക്കയോടൊപ്പം അഭിനയിച്ചു.
സ്ട്രഗിൾ ചെയ്ത ആ കാലത്തെ കുറിച്ച് ഇപ്പോൾ ആലോചിക്കുമ്പോൾ, അതൊരുപാട് ബുദ്ധിമുട്ട് നിറഞ്ഞതാണെന്ന് എനിക്ക് തോന്നുന്നില്ല. സിനിമയിലേക്കുള്ള ഒരു തയ്യാറെടുപ്പിനുള്ള കാലമായിട്ടാണ് ഞാൻ അതിനെ കാണുന്നത്. ഒരു ഡിഗ്രി എടുക്കാനായി നാലുവർഷം പഠിക്കണം അതുപോലെ സ്കൂൾ പഠനം പൂർത്തിയാക്കണമെങ്കിൽ 12 വർഷം പഠിക്കണം.
എന്ന് പറഞ്ഞ പോലെയാണ് സിനിമയും. സിനിമയും അഭിനയവുമെല്ലാം പഠിക്കണം. എല്ലാവർക്കും തുടക്കത്തിൽ തന്നെ ഒരു ഭാഗ്യം ലഭിക്കണമെന്നില്ല. ഞാൻ സിനിമയെ കൂടുതൽ പഠിക്കുകയായിരുന്നു ആ കാലത്ത്,’ കലേഷ് പറയുന്നു.
Content Highlight: Kalesh Ramanand Says That He Was Junior Artist In Mohanlal’s Spirit Movie