കോഴിക്കോട്: ശബരിമലയിലെ യുവതീപ്രവേശന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട ഹരജികള്‍ പരിഗണിക്കുന്നത് ഏഴംഗ ബെഞ്ചിനു വിട്ട നടപടിക്കെതിരെ സുപ്രീംകോടതി അഭിഭാഷകന്‍ കാളീശ്വരം രാജ്. കോടതിവിധി അസ്ഥിരമാണ് എന്നുവരുന്നതു ജനാധിപത്യ വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഒട്ടും ആരോഗ്യകരമല്ലെന്ന് അദ്ദേഹം പറഞ്ഞു.
പുനഃപരിശോധനാ ഹരജിയില്‍ ആദ്യവിധിയില്‍ തെറ്റുണ്ടോ ഇല്ലയോ എന്ന കാര്യം മാത്രമാണു കോടതി പരിശോധിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘വിശ്വാസം സംബന്ധിക്കുന്ന മറ്റു ചില കേസുകള്‍ കൂടി കോടതിയുടെ പരിഗണനയിലുണ്ട് എന്നതു ഭരണഘടനാ ബെഞ്ച് തീര്‍പ്പ് കല്‍പ്പിച്ചൊരു കേസ് വിശാല ബെഞ്ചിലേക്ക് അയക്കുന്നതിനുള്ള കാരണമേയല്ല. അങ്ങനെ ചെയ്താല്‍ കോടതിവിധികള്‍ക്ക്-ഭരണഘടനാ ബെഞ്ചിന്റെ വിധികള്‍ക്കു പോലും-ഒരുറപ്പും സ്ഥിരതയുമില്ല എന്ന അവസ്ഥയുണ്ടാകും.
അങ്ങനെ അസ്ഥിരമാണ് എന്നുവരുന്നതു ജനാധിപത്യ വ്യവസ്ഥയ്ക്ക് ഒട്ടും ആരോഗ്യകരമല്ല. മുന്‍പത്തെ ബെഞ്ചിലുണ്ടായിരുന്ന ഒരു ന്യായാധിപന്‍ തന്നെ ഇപ്പോള്‍ തന്റെ പഴയ നിലപാടിനു വിരുദ്ധമായ സമീപനം സ്വീകരിച്ചിരിക്കുന്നു. അതിനാകട്ടെ, മതിയായ കാരണങ്ങള്‍ പറഞ്ഞിട്ടുമില്ല. ഇതു നല്ലൊരു കീഴ്‌വഴക്കമല്ല സൃഷ്ടിച്ചിട്ടുള്ളത്.’- കാളീശ്വരം രാജ് എഴുതി.
‘പഴയ വിധി സുപ്രീംകോടതി ഏതായാലും സ്‌റ്റേ ചെയ്തിട്ടില്ല. അതിനാല്‍ യുവതീപ്രവേശനത്തിന് ഇപ്പോള്‍ നിയമപരമായ തടസ്സങ്ങളില്ല. ഈ സന്ദിഗ്ധാവസ്ഥയെ ദുരുപയോഗപ്പെടുത്താന്‍ വര്‍ഗീയവാദികള്‍ ശ്രമിക്കുമെന്ന കാര്യം ഉറപ്പാണ്, എന്നാല്‍ കേരളം പോലൊരു സമൂഹം ഇക്കാര്യത്തില്‍ നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
രാജ്യത്തു പൗരന്മാര്‍ പൊതുവേ വലിയ ഭീഷണികള്‍ നേരിടുന്ന ഇക്കാലത്ത്, മെച്ചപ്പെട്ട ഭരണഘടനാ ബോധം കാണിക്കാനുള്ള ബാധ്യത മലയാളികള്‍ക്കുണ്ട്.’- ലേഖനത്തില്‍ പറയുന്നു.