പാ രഞ്ജിത്ത് അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ ജാതിക്കും മതത്തിനുമെതിരെ യുദ്ധം ചെയ്യുകയാണെന്ന് നടൻ കലൈഅരസൻ. രഞ്ജിത്ത് അദ്ദേഹത്തിന്റെ ജീവിതത്തിൽ ജാതിവിവേചനങ്ങൾ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹത്തിൽ നിന്നും ധാരാളം കാര്യങ്ങൾ തനിക്ക് പഠിക്കാൻ പറ്റിയിട്ടുണ്ടെന്നും കലൈഅരസൻ പറഞ്ഞു. പോപ്പർ സ്റ്റോപ്പ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പാ രഞ്ജിത്തിന്റെ കൂടെയുള്ള അസോസിയേഷൻ എന്നെ 100 ശതമാനം സ്വാധീനിച്ചിട്ടുണ്ട്. ഞാൻ വളരെ മാറി. കുട്ടിക്കാലം മുതൽ ഞാൻ എല്ലാവരുമായിട്ട് നല്ല സൗഹൃദമുള്ളതാണ്. എല്ലാവരോടും സംസാരിക്കും. ഞാൻ രഞ്ജിത്ത് സാറുമായിട്ട് (പാ രഞ്ജിത്ത്) സൗഹൃദത്തിൽ ആയപ്പോൾ അദ്ദേഹത്തിന്റെ ഐഡിയോളോജീസ് ഒക്കെ വളരെ മികച്ചതാണെന്ന് എനിക്ക് മനസിലായി. അദ്ദേഹം എല്ലാ കാര്യങ്ങളും വളരെ മനോഹരമായി പറഞ്ഞുതരും. എല്ലാവരോടും വളരെ നന്നായി പെരുമാറുകയും ചെയ്യും.
പാ രഞ്ജിത്ത് എപ്പോഴും ചിന്തിക്കുന്നത് സമൂഹത്തെപ്പറ്റിയാണ്. അദ്ദേഹം സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിനെപ്പറ്റിയും ആളുകൾ എല്ലാം ഒരുപോലെ കാണപ്പെടണം എന്നും ആഗ്രഹിക്കുന്ന വ്യക്തിയാണ്. ജാതി, മതം, നിറം, വർഗം എല്ലാം മാറ്റി നിർത്തി എല്ലാവരെയും അദ്ദേഹം മനുഷ്യനായി കാണാൻ ആഗ്രഹിക്കുന്നു.
അദ്ദേഹം ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട്, അതുപോലെതന്നെ ഒരുപാട് വിവേചനങ്ങൾ നേരിട്ട് കണ്ടിട്ടും അനുഭവിച്ചിട്ടും ഉണ്ട്. അദ്ദേഹം അംബേദ്കറിൽ വിശ്വസിക്കുന്ന ആളാണ്. സത്യത്തിൽ അദ്ദേഹം സിനിമ ചെയ്യുകയല്ല. സ്വന്തം സിനിമകളിലൂടെ യുദ്ധം ചെയ്യുകയാണ്. പാ രഞ്ജിത്തിനോടൊപ്പമുള്ള അസോസിയേഷൻ എന്നെ ഒരു നല്ല വ്യക്തിയാകാൻ സഹായിച്ചിട്ടുണ്ട്. അതിൽ ഒരു സംശയവുമില്ല. ഒരിക്കലും ആരെയും നമ്മുടെ ശരിയായ വശം കാണിച്ച് കൊടുത്തില്ലെങ്കിലും തെറ്റായ വശം കാണിച്ച് കൊടുക്കരുതെന്നാണ് അദ്ദേഹം പറയുന്നത്,’ കലൈഅരസൻ പറഞ്ഞു.
സുഭാഷ് ലളിത സുബ്രഹ്മണ്യം രചനയും സംവിധാനവും നിർവഹിച്ച ചാൾസ് എന്റർപ്രൈസസ് എന്ന മലയാളം ചിത്രമാണ് കലൈഅരസന്റെ ഒടുവിൽ ഇറങ്ങിയ ചിത്രം. ഉർവശി, ബാലു വർഗീസ്, സുജിത് ശങ്കർ, ഗുരു സോമസുന്ദരം എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.