കോഴിക്കോട്: മഞ്ജു വാര്യര്‍ നായികയായ മജിദ് യഹിയ സംവിധാനം ചെയ്യുന്ന “മോഹന്‍ലാല്‍” എന്ന ചിത്രത്തിനെതിരെ സംവിധായകനും തിരക്കഥാകൃത്തുമായ കലവൂര്‍ രവികുമാര്‍.
“മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്” എന്ന തന്റെ കഥാസമാഹാരത്തെ അനുകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ഈ കഥ മോഷ്ടിച്ചാണ് മോഹന്‍ലാല്‍ എന്ന സിനിമ ഇറക്കുന്നതെന്നും രവികുമാര്‍ പറയുന്നു. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പുതന്നെ താന്‍ ഫെഫ്കയില്‍ പരാതി നല്‍കിയിരുന്നെന്നും കലവൂര്‍ രവികുമാര്‍ പറയുന്നു.
“മോഹന്‍ലാല്‍” എന്റെ കഥയുടെ പകര്‍പ്പാണെന്ന് അന്ന് ഫെഫ്ക കണ്ടെത്തുകയും എനിക്ക് പ്രതിഫലം നല്‍കണമെന്നും കഥയുടെ അവകാശം നല്‍കണമെന്നും വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതെല്ലാം അവഗണിച്ചുകൊണ്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മുന്നോട്ടുപോവുകയായിരുന്നു.
ഇപ്പോള്‍ അവര്‍ ഒത്തുതീര്‍പ്പിന് വരികയാണ്. എനിക്ക് നന്ദി എഴുതി കാണിക്കാം എന്നാണ് അവര്‍ പറയുന്നത്. അതിനെകൊണ്ട് എന്താണ് കാര്യം? ഒരാളുടെ കഥ മോഷ്ടിച്ചിട്ട് നന്ദി പറഞ്ഞിട്ട് എന്താണ് കാര്യമെന്നും കലവൂര്‍ രവികുമാര്‍ ചോദിക്കുന്നു.
സ്വന്തം കഥ മറ്റൊരാളുടെ പേരില്‍ വരുന്നതിനേക്കാള്‍ വലിയ ദുഖം മറ്റൊന്നിനുമില്ല. അത്തരം ഒരു അവസ്ഥ ഒരു എഴുത്തുകാരനും സഹിക്കാന്‍ കഴിയില്ല. എനിക്ക് ആരുടെയും നന്ദി വേണ്ട. എഴുത്തുകൊണ്ട് ജീവിക്കുന്നവരുടെ കുടുംബത്തിന്റെ അവസ്ഥ എന്താകുമെന്ന് ഇവരാരും ചിന്തിക്കുന്നില്ല. മാന്യമായ പ്രതിഫലം നല്‍കാന്‍ ഇവര്‍ മടിക്കുന്നതെന്തിനാണെന്നും രവികുമാര്‍ ചോദിക്കുന്നു.
വിഷയത്തില്‍ പകര്‍പ്പാവകാശം നിയമം അനുസരിച്ചാണ് കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് രവികുമാറിന്റെ അഭിഭാഷകന്‍ പ്രശാന്ത് പറഞ്ഞു.
തൃശ്ശൂര്‍ ജില്ലാകോടതിയിലാണ് ഹര്‍ജി നല്‍കിയത്. സിനിമയുടെ വരുമാനത്തിന്റെ 25 ശതമാനം നഷ്ടപരിഹാരമായി നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്‍ജങ്ഷന്‍ ഹര്‍ജിയില്‍ അണിയറ പ്രവര്‍ത്തകരില്‍ നിന്ന് കോടതി അടിയന്തരമായി മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്.
ഏപ്രില്‍ അഞ്ചിന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ ഒത്തുതീര്‍പ്പിന് തയ്യാറായില്ലെങ്കില്‍ സിനിമയുടെ റിലീസ് തടയുന്നതടക്കമുള്ള നടപടികളിലേക്ക് പോകേണ്ടിവരുമെന്നും അഭിഭാഷന്‍ പറഞ്ഞു.
മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങിയവരാണ് “മോഹന്‍ലാലി”ല്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. മോഹന്‍ലാല്‍ ആരാധികയായ മീനൂട്ടി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മഞ്ജു അവതരിപ്പിക്കുന്നത്.
Watch DoolNews Video