തിരുവനന്തപുരം: അടുത്ത വര്‍ഷം മുതല്‍ കളരിപ്പയറ്റ് സ്‌കൂള്‍ കായികമേളയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് തീരുമാനം അറിയിച്ചത്.
ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധമുണ്ടെന്നും ഒളിമ്പിക്‌സ് അസോസിയേഷന്റെ നടപടിയില്‍ പി.ടി ഉഷ ഒളിച്ചുകളിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ഉത്തരാഖണ്ഡില്‍ നടക്കാനിരിക്കുന്ന ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് മത്സരയിനമാക്കാത്ത ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കായികമന്ത്രി വി.അബ്ദുറഹിമാനും പറഞ്ഞിരുന്നു.
മലയാളിയായ പി.ടി ഉഷ അസോസിയേഷന്‍ അധ്യക്ഷനായിരിക്കെ ഇത്തരമൊരു തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.
കളരിപ്പയറ്റ് മത്സരയിനമാക്കണമെന്നും പുതുക്കിയ മത്സരക്രമം പുറത്തിറക്കണമെന്നും അസോസിയേഷനും ഉത്തരാഖണ്ഡ് സര്‍ക്കാരിനും ദല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
പിന്നാലെ വിധിയെ കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും ഇപ്പോള്‍ പുതിയ ഇനം ഉള്‍പ്പെടുത്തുന്നത് ബുദ്ധമുട്ടാണെന്നുമായിരുന്നു പി.ടി ഉഷയുടെ പ്രതികരണം.
Content Highlight: Kalaripayat to be included in school sports fair from next year: V. Shivankutty