| Friday, 23rd September 2022, 12:29 pm

സിജു ശരിക്കും വെള്ളം കുടിച്ചുപോയി, മുട്ട് മടക്കി നിലത്ത് ഇരിക്കാന്‍ പോലും കഴിയില്ലായിരുന്നു: കളരിപ്പയറ്റ് പരിശീലകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനയന്റെ സംവിധാനത്തിലൊരുങ്ങിയ പത്തൊമ്പതാം നൂറ്റാണ്ടിലെ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കഥാപാത്രത്തെ അനായാസം സ്‌ക്രീനിലെത്തിച്ചതിലൂടെ ഒരു മാസ്സ് ആക്ഷന്‍ ഹീറോ പരിവേഷം ലഭിച്ച നടനാണ് സിജു വില്‍സണ്‍. ചിത്രത്തില്‍ അഭിനയിക്കാന്‍ പല നടന്മാരേയും സമീപിച്ചെങ്കിലും പല കാരണങ്ങളും പറഞ്ഞ് എല്ലാവരും ഒഴിയുകയായിരുന്നുവെന്ന് വിനയന്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

ആറ് മാസത്തോളം കുതിരയോട്ടവും കളരിപ്പയറ്റും ജിമ്മില്‍ വെയിറ്റ് ട്രെയിനിങും നടത്തിയതിനെ കുറിച്ചും, ആ സമയത്തെ ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചും സിനിമയ്ക്ക് വേണ്ടി എടുത്ത അധ്വാനത്തെക്കുറിച്ചൊക്കെ സിജുവും നേരത്തെ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. പരിശീലനം എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയാല്‍ പിന്നെ ഒന്നും ചെയ്യാനുള്ള എനര്‍ജി ഉണ്ടാകില്ലെന്നായിരുന്നു താരം പറഞ്ഞത്.

സിജുവിനെ വേലായുധ പണിക്കരിലേക്ക് പൂര്‍ണമായി എത്തിച്ചതില്‍ അദ്ദേഹത്തിന്റെ പരിശീലകര്‍ക്ക് വലിയ പങ്കുണ്ടായിരുന്നു. എങ്ങനെയാണ് അദ്ദേഹത്തെ വേലായുധ പണിക്കരിലേക്ക് എത്തിച്ചതെന്നും അതിനായി ഏതൊക്കെ രീതിയിലുള്ള പരിശീലനമാണ് അവര്‍ സ്വീകരിച്ചതെന്നും കഴിഞ്ഞ ദിവസം വിനയന്‍ ഷെയര്‍ ചെയ്ത വീഡിയോയില്‍ പറയുന്നുണ്ട്.

‘സിജു ഞങ്ങളുടെ അടുത്ത് വന്നപ്പോള്‍ എകദേശം 75 കിലോ ഭാരമുണ്ടായിരുന്നു. പത്ത് ദിവസം കളരിയില്‍ മാത്രമാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. ആദ്യത്തെ വാം അപ്പ് സെക്ഷന്‍ തന്നെ പൂര്‍ണമാക്കാന്‍ കുറേ ദിവസങ്ങള്‍ ബുദ്ധിമുട്ടേണ്ടി വന്നു.

തുടക്കത്തിലെ മൂന്ന് ദിവസം കടന്ന് കിട്ടാന്‍ ഏറെ കഷ്ടപ്പെട്ടു. ശരിക്കും സിജു അവിടെ വെള്ളം കുടിക്കുന്നത് ഞാന്‍ കണ്ടു. നാല് പരിശീലകരും നാല് കാര്യമാണ് സിജുവിനെ പരിശീലിപ്പിച്ചത്. നവോത്ഥാന നായകനായ വേലായുധ പണിക്കരിലേക്കാണ് സിജുവിനെ എത്തിക്കേണ്ടത്. അതായിരുന്നു ഞങ്ങളുടെ ദൗത്യം.

പക്ഷേ സിജുവിന്റെ സപ്പോര്‍ട്ട് ഇല്ലാതെ അത് സാധ്യമാക്കല്‍ എളുപ്പമല്ലായിരുന്നു. അത് ഞങ്ങള്‍ ആദ്യമേ പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഒത്തിരി കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ടായിരുന്നു. കാരണം മെയ്വഴക്കം, കൃത്യത, വേഗത, ശ്രദ്ധ ഇതെല്ലാം കളരിയില്‍ പ്രധാനമാണ്.

ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹം അതില്‍ ഒരുപാട് മുന്നോട്ട് പോയിരുന്നു. ആറുമാസക്കാലം കൊണ്ട് ഇത്ര കഷ്ടപ്പെട്ട് ചെയ്ത മറ്റൊരു കഥാപാത്രം വേറെ ഉണ്ടോയെന്ന് എനിക്കറിയില്ല. മുട്ട് മടക്കി നിലത്ത് ഒന്ന് ഇരിക്കാന്‍ പോലും കഴിയാത്ത വിധമാണ് ഞങ്ങള്‍ ക്ലാസ് നടത്തിയത്.

സാധാരണ ഗതിയില്‍ വാളും പരിചയും പഠിക്കുക എന്നത് അത്ര എളിപ്പമുള്ള കാര്യമല്ല. പക്ഷേ മെയ് വഴക്കത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയതോടെ അദ്ദേഹത്തിന് അത് എളുപ്പം കൈവശമാക്കാന്‍ കഴിഞ്ഞു,” കളരിപ്പയറ്റ് പരിശീലകന്‍ പറഞ്ഞു.

Content Highlight: Kalari trainer speaks about siju wilson while performing in pathonpatham noottandu

We use cookies to give you the best possible experience. Learn more