ഈ വര്‍ഷമിറങ്ങിയ ചിത്രങ്ങളില്‍ ഏറെ മികച്ച സിനിമയായിരുന്നു ഉള്ളൊഴുക്ക്. കറി ആന്‍ഡ് സയനൈഡ് എന്ന ഡോക്യുമെന്ററിയൊരുക്കിയ ക്രിസ്റ്റോ ടോമിയാണ് ഈ സിനിമ സംവിധാനം ചെയ്തത്. ചിത്രത്തില്‍ ഉര്‍വശിയും പാര്‍വതി തിരുവോത്തുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അവര്‍ക്ക് പുറമെ അര്‍ജുന്‍ രാധാകൃഷ്ണന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, പ്രശാന്ത് മുരളി, ജയ കുറുപ്പ് എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തിയിരുന്നു. മികച്ച പ്രതികരണങ്ങള്‍ സ്വന്തമാക്കിയ ഉള്ളൊഴുക്കിന് മൂന്ന് സ്റ്റേറ്റ് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. സിനിമയിലെ അഭിനയത്തിന് ഉര്‍വശിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. ഇപ്പോള്‍ ഉള്ളൊഴുക്കിനെ കുറിച്ച് സംസാരിക്കുകയാണ് നടിയും ഉര്‍വശിയുടെ സഹോദരിയുമായ കലാരഞ്ജിനി.
ഉള്ളൊഴുക്ക് താന്‍ പൂര്‍ണമായും കണ്ടിട്ടില്ലെന്നും പകുതി കണ്ട തനിക്ക് സിനിമയുടെ ബാക്കി കാണാന്‍ പറ്റുന്നില്ലെന്നും കലാരഞ്ജിനി പറയുന്നു. ഉര്‍വശിയുടെ തന്നെ ‘കരിമ്പിന്‍ പൂവിന്നക്കരെ’ എന്ന സിനിമയും തനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് നടി കൂട്ടിച്ചേര്‍ത്തു. മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കലാരഞ്ജിനി.
‘ഉള്ളൊഴുക്ക് സിനിമ ഞാന്‍ കണ്ടിട്ടില്ല. ആ സിനിമ പകുതി കണ്ടിട്ട് ബാക്കി കാണാനായി എന്നെ കൊണ്ട് പറ്റുന്നില്ല. അതുകൊണ്ട് ഉള്ളൊഴുക്ക് പൂര്‍ണമായും ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ അവളെ വിളിച്ച് ഈ കാര്യം പറഞ്ഞിരുന്നു. ഉള്ളൊഴുക്ക് മാത്രമല്ല ‘കരിമ്പിന്‍ പൂവിനക്കരെ’ എന്ന സിനിമയും അങ്ങനെ തന്നെയാണ്.
ഈ സിനിമകളൊന്നും കാണാന്‍ പറ്റില്ല. അതിലൊന്നും ഒരു ആശ്വാസമില്ല, മുഴുവനായി ദുഖമാണ് കാണാന്‍ കഴിയുക. അയ്യോ, എനിക്ക് കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റില്ല. അതുകൊണ്ട് ഉള്ളൊഴുക്കിന്റെ പകുതി കണ്ടു. ബാക്കിയുള്ള പകുതി പിന്നെ കാണാമെന്ന് കരുതി,’ കലാരഞ്ജിനി പറഞ്ഞു.
1985ല്‍ പി. പത്മരാജന്‍ എഴുതി ഐ.വി. ശശി സംവിധാനം ചെയ്ത ചിത്രമാണ് കരിമ്പിന്‍ പൂവിനക്കരെ. മമ്മൂട്ടി, മോഹന്‍ലാല്‍, ഭരത് ഗോപി, സീമ, ഉര്‍വശി എന്നിവര്‍ ഒന്നിച്ച സിനിമയാണ് ഇത്. കുറച്ച് ഗ്രാമീണരുടെ ജീവിതവും പരസ്പരമുള്ള അവരുടെ പ്രതികാരവുമാണ് കരിമ്പിന്‍ പൂവിനക്കരെ പറഞ്ഞത്.
Content Highlight: Kalaranjini Talks About Ullozhukk And Urvashi