| Monday, 19th August 2024, 9:21 am

ആ സിനിമയില്‍ അവര്‍ ബുക്ക് ചെയ്തത് കല്‍പനയെ; അവള്‍ എനിക്ക് വേണ്ടി മാറിനിന്നു: കലാരഞ്ജിനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്രീകുമാരന്‍ തമ്പി കഥയും തിരക്കഥയും സംവിധാനവും എന്നിവ നിര്‍വഹിച്ച് 1980ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സ്വന്തമെന്ന പദം. മധു, ശ്രീവിദ്യ, സുകുമാരി, അംബിക, ജോസ് എന്നിവരായിരുന്നു ഈ സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയത്. ഒപ്പം കലാരഞ്ജിനിയും ഉര്‍വശിയും ചെറിയ വേഷങ്ങളില്‍ എത്തിയിരുന്നു.

ശ്രീകുമാരന്‍ തമ്പിയുടെ നിര്‍ബന്ധത്തിലാണ് താന്‍ സിനിമയിലേക്ക് വന്നതെന്ന് പറയുകയാണ് കലാരഞ്ജിനി. ഈ സിനിമയില്‍ കല്‍പനയെ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെന്നും കല്‍പന മാറി നിന്നിട്ട് തനിക്ക് ആ കഥാപാത്രം നല്‍കുകയായിരുന്നു എന്നും അവര്‍ പറയുന്നു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കലാരഞ്ജിനി.

‘വീട്ടിലെ ആദ്യത്തെ ആര്‍ട്ടിസ്റ്റ് കല്‍പനയാണ്. കല്‍പന കഴിഞ്ഞാണ് ബാക്കിയുള്ളവര്‍ വരുന്നത്. ഞാന്‍ ആണെങ്കില്‍ ഏറ്റവും അവസാനം വന്ന ആര്‍ട്ടിസ്റ്റാണ്. ഞാന്‍ അഭിനയിക്കുമെന്ന് പ്രതീക്ഷിച്ച് വന്നതല്ല. ശ്രീകുമാരന്‍ തമ്പി സാറിന്റെ നിര്‍ബന്ധത്തിലാണ് വന്നത്. അതില്‍ സത്യത്തില്‍ കല്‍പനയെ ആയിരുന്നു അവര്‍ ആദ്യം ബുക്ക് ചെയ്തിരുന്നത്.

അവള്‍ മാറി നിന്നിട്ട് എനിക്ക് ആ ക്യാരക്ടര്‍ തരികയായിരുന്നു. ഉര്‍വശിയും ആ സിനിമയില്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ രണ്ടുപേരും അതില്‍ ഉണ്ടായിരുന്നു. ‘സ്വന്തമെന്ന പദം’ എന്നായിരുന്നു ആ സിനിമയുടെ പേര്. കല്‍പന സ്‌കൂള്‍ മുതല്‍ മിമിക്രിയും മോണോ ആക്ടുമൊക്കെ ചെയ്യുന്ന ഒരു ആര്‍ട്ടിസ്റ്റായിരുന്നു.

വീട്ടില്‍ ഞങ്ങള്‍ പാവങ്ങളാണ്. എന്നാല്‍ അവള്‍ അങ്ങനെയല്ല, ഒരു വഴക്കാളിയായിരുന്നു. അവളെ കുറിച്ച് പറഞ്ഞു തുടങ്ങിയാല്‍ ഈ ഒരു ഇന്റര്‍വ്യൂവില്‍ തീരില്ല. അത്രയ്ക്കുണ്ട് കല്‍പനയെ കുറിച്ച് പറയാന്‍. അത്രയും സന്തോഷം തന്നിട്ട് അവള് ഞങ്ങളുടെ ജീവിതത്തില്‍ നിന്ന് ആ ചിരിയും കൊണ്ട് പോയി,’ കലാരഞ്ജിനി പറഞ്ഞു.


Content Highlight: Kalaranjini Talks About Kalpana

We use cookies to give you the best possible experience. Learn more