| Monday, 26th August 2024, 5:24 pm

എത്ര അടുത്ത സുഹൃത്താണെന്ന് പറഞ്ഞാലും രഹസ്യങ്ങള്‍ കൈമാറരുത്; അനുഭവത്തില്‍ നിന്ന് പറയുന്നതാണ്: കലാരഞ്ജിനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളായ ഉര്‍വ്വശിയുടെയും കല്പനയുടെയും സഹോദരിയാണ് കലാരഞ്ജിനി. കലാരഞ്ജിനി തന്റെ അഭിനയജീവിതം തുടങ്ങുന്നത് 1980കളിലാണ്. 1983ല്‍ ഹിമവാഹിനി എന്ന ചിത്രത്തിലാണ് അവര്‍ ആദ്യമായി അഭിനയിക്കുന്നത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ കലാരഞ്ജിനി ഭാഗമായിട്ടുണ്ട്.

താന്‍ ജീവിതത്തില്‍ നിന്ന് പഠിച്ച ഏറ്റവും വലിയ പാഠം എത്ര അടുത്ത സുഹൃത്തുക്കള്‍ ആണെങ്കിലും രഹസ്യങ്ങള്‍ പങ്ക് വെക്കരുത് എന്നതാണെന്ന് കലാരഞ്ജിനി പറയുന്നു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

നമ്മള്‍ സ്‌നേഹത്തോടെ ഇരിക്കുമ്പോള്‍ പറയുന്നത് പിന്നീട് നമുക്ക് തന്നെ പാരയായി മാറുമെന്നും അനുഭവത്തില്‍ നിന്നാണ് താനിത് പറയുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘എത്ര അടുത്ത സുഹൃത്താണെന്ന് പറഞ്ഞാലും രഹസ്യങ്ങള്‍ കൈമാറരുത്. നമ്മള്‍ സ്‌നേഹത്തോടെ ഇരിക്കുമ്പോള്‍ നമ്മള്‍ എന്തെങ്കിലും പറയുന്നത് പിന്നെ നമുക്ക് തന്നെ പാരയായിട്ട് വരും, അനുഭവത്തില്‍ നിന്ന് പറയുന്നതാണ്,’ കലാരഞ്ജിനി പറയുന്നു.

സായ്കുമാറും താനുമായുള്ള സൗഹൃദം ജനിച്ചപ്പോള്‍ മുതലുള്ളതാണെന്നും അദ്ദേഹം നന്നായി പാട്ടുപാടുകയും കവിത എഴുതുകയും ചെയ്യുമെന്നും കലാരഞ്ജിനി പറയുന്നു.

‘വിടരുന്നമൊട്ടുകള്‍ എന്ന സിനിമക്ക് മുമ്പേ എന്റെ അച്ഛനും കൊട്ടാരക്കര അച്ഛനും നല്ല സുഹൃത്തുക്കളാണ്. അതുകൊണ്ടുതന്നെ ഞങ്ങള്‍ കുഞ്ഞിലേ മുതല്‍ തന്നെ നല്ല സുഹൃത്തുക്കളാണ്. സായ്കുമാറിന് നന്നായി പാട്ടുപാടാനും കവിത എഴുതാനും അറിയാം.

അതുപോലതന്നെ നിമിഷനേരംകൊണ്ട് ഒരാളെ ഇമിറ്റേറ്റ് ചെയ്യാനും അദ്ദേഹത്തിനറിയാം. അവരെ പോലത്തെന്നെ നടക്കുകയും അവരെ പോലെത്തന്നെ സംസാരിക്കുകയുമൊക്കെ ചെയ്യും. അദ്ദേഹത്തിന്റെ ആ കഴിവുകളൊന്നും ആര്‍ക്കും അറിയില്ല,’ കലാരഞ്ജിനി പറയുന്നു.

അതേസമയം സായ്കുമാറും കലാരഞ്ജിനിയും സൈജു കുറുപ്പും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭരതനാട്യം. സൈജു കുറുപ്പ് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് കൃഷ്ണദാസ് മുരളിയാണ്. ചിത്രം ഓഗസ്റ്റ് 30 ന് തിയേറ്ററുകളിലെത്തും.

Content Highlight: Kalaranjini speaks about lesson she learned from her experience 

Latest Stories

We use cookies to give you the best possible experience. Learn more