ഇപ്പോള്‍ മലയാള സിനിമകളില്‍ സ്ത്രീകള്‍ക്ക് അവസരം ലഭിക്കുന്നില്ല, അത്തരം കഥാപാത്രങ്ങളും ഇന്ന് കുറഞ്ഞു: കലാരഞ്ജിനി
Entertainment
ഇപ്പോള്‍ മലയാള സിനിമകളില്‍ സ്ത്രീകള്‍ക്ക് അവസരം ലഭിക്കുന്നില്ല, അത്തരം കഥാപാത്രങ്ങളും ഇന്ന് കുറഞ്ഞു: കലാരഞ്ജിനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st September 2024, 10:01 am

മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളായ ഉര്‍വശിയുടെയും കല്പനയുടെയും സഹോദരിയാണ് കലാരഞ്ജിനി. കലാരഞ്ജിനി തന്റെ അഭിനയജീവിതം തുടങ്ങുന്നത് 1980കളിലാണ്. 1983ല്‍ ഹിമവാഹിനി എന്ന ചിത്രത്തിലാണ് അവര്‍ ആദ്യമായി അഭിനയിക്കുന്നത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ കലാരഞ്ജിനി ഭാഗമായിട്ടുണ്ട്.

മലയാള സിനിമയില്‍ ഇപ്പോള്‍ അമ്മ കഥാപാത്രങ്ങള്‍ വളരെ കുറവാണെന്ന് പറയുകയാണ് കലാരഞ്ജിനി. അമ്മ കഥാപാത്രം ഉണ്ടെങ്കിലും അവര്‍ക്ക് ലഭിക്കുന്ന സ്‌ക്രീന്‍ ടൈമും ഇപ്പോള്‍ കുറവാണെന്ന് അവര്‍ വ്യക്തമാക്കി.

മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് അവസരം ലഭിക്കുന്നത് കുറവാണെന്നും പുരുഷ കഥാപാത്രങ്ങളാണ് കൂടുതലെന്നും കലാരഞ്ജിനി പറയുന്നു. സ്ത്രീകഥാപാത്രങ്ങളും ഇപ്പോള്‍ സിനിമയില്‍ കുറവാണെന്ന് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ കലാരഞ്ജിനി കൂട്ടിച്ചേര്‍ത്തു.

‘സിനിമകളില്‍ ഞാന്‍ അമ്മ ക്യാരക്ടര്‍ ആണ് കൂടുതലായും ചെയ്യുന്നത്. ഇത്തരം കഥാപാത്രങ്ങളെങ്കില്‍ ഇപ്പോള്‍ പല സിനിമകളിലും ഇല്ല. ഒരു അമ്മ കഥാപാത്രം വന്നാല്‍ തന്നെ കുറച്ചു നേരമേ ഉള്ളു. നായകന് ചായ കൊടുക്കുക തിരികെ പോകുക അതോടെ കഴിഞ്ഞു. അതല്ലാതെ വേറെ ഒന്നും ചെയ്യാനില്ല.

ഇപ്പോഴാണ് കൃഷ്ണദാസിന്റെ ഭരതനാട്യം സിനിമയുടെ സ്‌ക്രിപ്റ്റില്‍ അമ്മയും അച്ഛനും മക്കളും തുടക്കം മുതല്‍ അവസാനം വരെ ഉള്ള ഒരു കഥ വരുന്നത്. അങ്ങനെയാണ് ഞാന്‍ ചെയ്യാം എന്ന് സമ്മതിക്കുന്നതും. ഇനിയും ഇങ്ങനത്തെ കഥകള്‍ വരണം എന്നാലെ നമുക്കൊക്കെ ചെയ്യാനുണ്ടാകു.

സിനിമയില്‍ അമ്മയുടെ കഥാപാത്രങ്ങള്‍ വളരെ കുറവാണ്. സ്ത്രീ കഥാപാത്രങ്ങള്‍ തന്നെ കുറവാണ്. പുരുഷ കഥാപാത്രങ്ങളാണ് കൂടുതലും ഉള്ളത്. സ്ത്രീകള്‍ക്ക് അവസരം ലഭിക്കുന്നതും ഇപ്പോള്‍ കുറവാണ്,’ കലാരഞ്ജിനി പറയുന്നു.

അതേസമയം സായ്കുമാറും കലാരഞ്ജിനിയും സൈജു കുറുപ്പും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭരതനാട്യം. സൈജു കുറുപ്പ് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് കൃഷ്ണദാസ് മുരളിയാണ്. ചിത്രം ഓഗസ്റ്റ് 30ന് തിയേറ്ററുകളിലെത്തിയിരുന്നു.

Content Highlight: Kalaranjini Says Women Get Less Chance  In Malayalam Movies Today