Kerala News
കളന്‍തോട് എം.ഇ.എസ് റാഗിങ് കേസ്; ഏഴ് വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്ന് പുറത്താക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jul 28, 03:52 am
Friday, 28th July 2023, 9:22 am

കോഴിക്കോട്: കളന്‍തോട് എം.ഇ.എസ് കോളേജിലെ റാഗിങ്ങ് കേസില്‍ ഏഴ് വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും പുറത്താക്കി. രണ്ടാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ത്ഥി മുഹമ്മദ് മിഥിലാജിനെ മര്‍ദിച്ച കേസില്‍ നേരിട്ട് കുറ്റകൃത്യത്തിലേര്‍പ്പെട്ട അഞ്ച് വിദ്യാര്‍ത്ഥികളെ പൂര്‍ണ്ണമായും അക്രമത്തിന് കൂട്ടുനിന്ന രണ്ട് പേരെ അന്വേഷണ വിധേയമായുമാണ് പുറത്താക്കിയത്. നേരത്തെ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കഴിഞ്ഞ ആഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. വിദ്യാര്‍ത്ഥികളുടെ മര്‍ദനമേറ്റ മിഥിലാജിന്റെ കാഴ്ചക്ക് തകരാര്‍ സംഭവിച്ചിരുന്നു. തുടര്‍ന്ന് കോളേജിന്റെ പരാതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കുന്ദമംഗലം പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.

മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ആദില്‍, സിറാജ്, ഷാനില്‍, ആഷിഖ്, ഇസ്ഹാഖ്, അഖില്‍ എന്നിവര്‍ക്കും കണ്ടാലറിയുന്ന മറ്റ് മൂന്ന് പേര്‍ക്കുമെതിരെയാണ് കുന്ദമംഗലം പൊലീസ് കേസെടുത്തത്. റാഗിങ് വിഷയത്തില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.ഇ.എസ് കോളേജില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്കാണ് മിഥിലാജിനെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചത്. മുടി നീട്ടിവളര്‍ത്തിയത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മിഥിലാജിനെ ഇരുമ്പ് വടി ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു.

ഇരുമ്പ് വടി ഉപയോഗിച്ചുള്ള അടിയുടെ ആഘാതത്തില്‍ മൂക്കിന്റെ പാലം തകരുകയും വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. ഇരുമ്പ് വടിക്ക് പുറമെ താക്കോല്‍കൂട്ടം, കല്ല് എന്നിവ ഉപയോഗിച്ചും മര്‍ദ്ദിച്ചിരുന്നു.

contemnt highlights: Kalanthod MIS ragging case; Seven students were expelled from the college