| Thursday, 31st August 2023, 11:23 pm

ജയിലര്‍ വലിയ ലാഭം; സമ്മാനമായി ഷെയര്‍ ചെക്ക് നല്‍കി സണ്‍ പിക്‌ചേഴ്‌സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓഗസ്റ്റ് പത്തിന് റിലീസ് ചെയ്ത ജയിലര്‍ സമാനതകള്‍ ഇല്ലാതെ കളക്ഷന്‍ റെക്കോഡ് ഭേദിച്ച് മുന്നേറുകയാണ്. വലിയ ഹിറ്റായി മാറിയിരിക്കുകയാണ് സിനിമ. ജയിലറിന്റെ നിര്‍മാതാക്കളായ സണ്‍ പികിചേഴ്‌സ് 25ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ചിത്രം ഇതിനോടകം 525 കോടി രൂപ നേടിക്കഴിഞ്ഞു.

ഇപ്പോഴിതാ ചിത്രം നേടിയ വന്‍ വിജയത്തെ തുടര്‍ന്ന് പ്രതിഫലത്തിന് പുറമെ രജനികാന്തിന് ഒരു തുക കൈമാറിയിരിക്കുകയാണ് സിനിമയുടെ നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ്. സണ്‍ പിക്‌ചേഴ്‌സ് ഉടമയായ കലാനിധി മാരനാണ് തമിഴ് സൂപ്പര്‍താരത്തിന് ചെക്ക് കൈമാറിയത്. ഇതിന്റെ ചിത്രങ്ങള്‍ സണ്‍ പിക്‌ചേഴ്‌സ് തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ തുക എത്രയെന്ന് അറിയിച്ചിട്ടില്ല.

അതേസമയം ബോക്‌സ് ഓഫീസ് ട്രാക്കറായ എ. ബി ജോര്‍ജിന്റെ കണക്കനുസരിച്ച് 20 ദിവസം കൊണ്ട് കേരളത്തില്‍ ചിത്രം 24000 ഷോകള്‍ നടത്തി. ആകെ ഗ്രോസ് 53.80 കോടിയാണ്. 20 കോടിക്ക് മുകളില്‍ ഇതിനകം ചിത്രത്തിന് ഷെയര്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

റിലീസിന്റെ 22-ാം ദിവസമായ ഇന്നും ചിത്രത്തിന് മികച്ച തിയേറ്റര്‍ ഒക്കുപ്പന്‍സിയാണ് ലഭിക്കുന്നത് എന്നത് ഇനിയുമേറെ ചിത്രം കളക്റ്റ് ചെയ്യും എന്നതിന്റെ ശരിയായ സൂചനയാണ് അത്.

മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ ഒന്നിന്റെ’ കളക്ഷനെ മറികടന്നതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമെന്ന പദവി ജയിലര്‍ സ്വന്തമാക്കി കഴിഞ്ഞിരുന്നു.

തമിഴിലെ ഏറ്റവും വലിയ കളക്ഷന്‍ റെക്കോഡ് ആയ എന്തിരന്‍ 2.0 യെ ജയിലര്‍ മറികടകുമോ എന്നാണ് സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്നത്.

രജനികാന്ത് തന്നെ നായകനായ ഷങ്കറിന്റെ 2.0 യുടെ കളക്ഷന്‍ 665.8 കോടിയാണ്. മൂന്നാം സ്ഥാനത്തുള്ള പൊന്നിയിന്‍ സെല്‍വന്‍ ഒന്ന് 492 കോടി, നാലാം സ്ഥാനത്തുള്ള വിക്രം 432 കോടി എന്നിങ്ങനെയാണ് തുടര്‍സ്ഥാനങ്ങള്‍. അതേസമയം ജയിലറിന് ഇപ്പോഴും മികച്ച തിയേറ്റര്‍ ഒക്കുപ്പന്‍സി ഉണ്ട്. അതുകൊണ്ട് തന്നെ സിനിമയുടെ ലൈഫ് ടൈം കളക്ഷന്‍ എത്രയായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് അനലിസ്റ്റുകള്‍.

തമിഴ് സിനിമയിലെ ഏറ്റവും മികച്ച ആദ്യദിന കളക്ഷന്‍ നേടിയ ചിത്രം, അതിവേഗത്തില്‍ തമിഴ്നാട്ടില്‍ നിന്ന് 150 കോടി കളക്ഷന്‍ നേടിയ ചിത്രം, ഒരാഴ്ചയ്ക്കുള്ളില്‍ 400 കോടി ക്ലബ്ബിലെത്തുന്ന ആദ്യ തമിഴ് ചിത്രം, 2023-ലെ ഏറ്റവും ഉയര്‍ന്ന തമിഴ് ഗ്രോസര്‍ എന്നിങ്ങനെയുള്ള റെക്കോഡുകളും ജയിലര്‍ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു.

കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയ തമിഴ് ചിത്രം എന്ന നിലയില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ ജയിലര്‍ ഉള്ളത്. കമല്‍ഹാസന്റെ വിക്രമാണ് ഒന്നാമത്. വരും ദിവസങ്ങളില്‍ ഈ റെക്കോഡും ചിത്രം മടുകടക്കുമെന്നാണ് കരുതുന്നത്.

കര്‍ണാടകയിലും അധികം വൈകാതെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമായി ജയിലര്‍ മാറുമെന്നാണ് റിപ്പോര്‍ട്ട്.

തെലുങ്കിലും ചിത്രം രണ്ടാം സ്ഥാനത്തോ മൂന്നാം സ്ഥാനത്തോ ആകുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നു. യു.എസില്‍ എക്കാലത്തെയും മികച്ച കളക്ഷന്‍ നേടുന്നതില്‍ രണ്ടാം സ്ഥാനത്താണ് ജയിലര്‍.

യു.എ.ഇയില്‍ ആകട്ടെ കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രമാണ് ജയിലര്‍. ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും രണ്ടാം സ്ഥാനമാണ് ജയിലര്‍. അത്തരത്തില്‍ ലോകമെമ്പാടും വലിയ ലാഭം നേടിയാണ് സിനിമ പ്രദര്‍ശനം തുടരുന്നത്. കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്.

രമ്യ കൃഷ്ണന്‍, ജാക്കി ഷ്‌റോഫ്, വിനായകന്‍, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അതേസമയം ചിത്രത്തിന്റെ ഒ.ടി.ടി റിലീസിന് മുമ്പ് എച്ച്.ഡി ക്വാളിറ്റി പ്രിന്റുകള്‍ വ്യാജ ടോറന്റ് സൈറ്റുകളിലും, ടെലഗ്രാം ഉള്‍പ്പടെയുള്ള സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.

പ്രിന്റുകള്‍ ചോര്‍ന്നതിന് പിന്നാലെ എക്സ് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റഫോമുകളില്‍ സിനിമയുടെ നിര്‍മാണ കമ്പനിയായ സണ്‍ പികിചേഴ്‌സിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

ഇത്രയും വലിയ വിജയമായി ഇപ്പോഴും പ്രദര്‍ശനം തുടരുന്ന സിനിമയുടെ എച്ച്.ഡി ക്വാളിറ്റി പ്രിന്റുകള്‍ ചോര്‍ന്നത് തിയേറ്ററില്‍ നിന്ന് സിനിമ കാണാന്‍ ആളുകളെ പിന്തിരിപ്പിക്കും എന്നാണ് വിമര്‍ശനം.

നിര്‍മാണ കമ്പനിയുടെ ശ്രദ്ധക്കുറവ് കൊണ്ടാണ് ഇത്തരത്തില്‍ പ്രിന്റുകള്‍ ചോര്‍ന്നതെന്നും നിരവധി പേര്‍ ചൂണ്ടിക്കാട്ടുന്നു.

Content Highlight: Kalanithi Maran met rajinikanth and handed over a cheque for celebrating the success of jailer movie
We use cookies to give you the best possible experience. Learn more