കലാമിന്റെ അന്ത്യകര്‍മങ്ങള്‍ വ്യാഴാഴ്ച ജന്മനാട്ടില്‍
Daily News
കലാമിന്റെ അന്ത്യകര്‍മങ്ങള്‍ വ്യാഴാഴ്ച ജന്മനാട്ടില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th July 2015, 10:07 pm

kalam-01ന്യൂദല്‍ഹി: അന്തരിച്ച മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ അന്ത്യകര്‍മങ്ങള്‍ അദ്ദേഹത്തിന്റെ ജന്മനാടായ രാമേശ്വരത്ത് വ്യാഴാഴ്ച നടക്കും. മൃതദേഹം ഇപ്പോള്‍ രാജാജി മാര്‍ഗിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്.

വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ദല്‍ഹിയില്‍ എത്തിച്ച മൃതദേഹം വിലാപയാത്രയായാണ് ഔദ്യോഗിക വസതിയിലേക്ക് കൊണ്ടുപോയത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, സൈനിക വിഭാഗങ്ങളുടെ തലവന്മാര്‍, ദല്‍ഹി പോലീസ് കമ്മീഷണര്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തുടങ്ങിയവര്‍ അദ്ദേഹത്തിന് അന്ത്യോപചാരം അര്‍പ്പിച്ചു. സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.

കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന എ.പി.ജെ അബ്ദുള്‍ കലാം അന്തരിച്ചിരുന്നത്. ഷില്ലോങിലെ ഐ.ഐ.എമ്മില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ച് സംസാരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.

കലാമിന്റെ മരണത്തില്‍ അനുശോചിക്കാന്‍ കേന്ദ്രമന്ത്രിസഭ പ്രത്യേക യോഗം ചേര്‍ന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി രാജ്യത്ത് ഏഴുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.