| Sunday, 14th March 2021, 11:58 am

കളമശ്ശേരിയില്‍ 'പെട്ട്' ലീഗ്; മത്സരിക്കാന്‍ തയ്യാറെന്ന് ടി.എ അഹമ്മദ് കബീര്‍; ഗഫൂറിനെ മാറ്റിയില്ലെങ്കില്‍ പരാജയം ഉറപ്പെന്ന് ജില്ലാ ലീഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കളമശ്ശേരി മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറെന്ന് മുതിര്‍ന്ന മുസ്‌ലിം ലീഗ് നേതാവ് ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ. മങ്കടയില്‍ നിന്ന് തന്നെ മാറ്റേണ്ട സാഹചര്യം ഇല്ലായിരുന്നെന്നും കബീര്‍ പറഞ്ഞു.

മങ്കടയില്‍ നിന്ന് ഒഴിവാക്കിയ സ്ഥിതിക്ക് തന്റെ നാടായ കളമശ്ശേരിയില്‍ നില്‍ക്കാനുള്ള സന്നദ്ധത പാര്‍ട്ടി പ്രസിഡന്റിനെയും മറ്റുള്ളവരെയും അറിയിച്ചിട്ടുണ്ടെന്നും ഇതില്‍ ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കബീര്‍ പറഞ്ഞു. താന്‍ മത്സരിക്കണമെന്നായിരുന്നു കളമശ്ശേരിയിലെ പ്രവര്‍ത്തകരുടെ പൊതുവികാരമെന്നും കബീര്‍ പറഞ്ഞു.

‘മാറി നില്‍ക്കേണ്ട ഒരു സാഹചര്യമോ മാറ്റി നിര്‍ത്തേണ്ട ഒരു സാഹചര്യമോ ഇല്ലാതിരിക്കെ മങ്കടയില്‍ നിന്ന് എന്നെ ഒഴിവാക്കിയ സ്ഥിതിക്ക് എന്റെ നാട്ടില്‍, കളമശ്ശേരിയില്‍ നില്‍ക്കാനുള്ള എന്റെ സന്നദ്ധത പാര്‍ട്ടി പ്രസിഡന്റിനെയും മറ്റുള്ളവരെയും അറിയിച്ചിട്ടുണ്ട്. ഇന്നൊരു തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്’ – കബീര്‍ പറഞ്ഞു.

കളമശ്ശേരി തന്റെ നാടല്ലേയെന്നും തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ വന്നു പറഞ്ഞ സാഹചര്യത്തില്‍ മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അതൊരു രാഷ്ട്രീയതീരുമാനമാണെന്നും അഹമ്മദ് കബീര്‍ പറഞ്ഞു. പുനലൂരില്‍ സ്ഥാനാര്‍ത്ഥിയാകില്ലെന്നും കബീര്‍ വ്യക്തമാക്കി.
പാര്‍ട്ടിക്ക് ഗുണകരമായ തീരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും അഹമ്മദ് കബീര്‍ കൂട്ടിച്ചേര്‍ത്തു.

കളമശ്ശേരിയില്‍ ഇബ്രാഹിം കുഞ്ഞിന് പകരം മകന്‍ വി.ഇ അബദുല്‍ ഗഫൂറിനെ മത്സരിപ്പിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. അബ്ദുല്‍ ഗഫൂറിനെതിരെ ജില്ലാ ലീഗ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഗഫൂറിനെ മാറ്റിയില്ലെങ്കില്‍ പരാജയം ഉറപ്പാണ് എന്നാണ് ഇവര്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:Kalamassery Seat,Disputes In Muslim League

We use cookies to give you the best possible experience. Learn more