| Tuesday, 31st October 2023, 9:52 am

കേന്ദ്രമന്ത്രിയെ മാറ്റിനിർത്തി കെ.പി.സി.സിയുടെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ തൊടാതെ കെ.പി.സി.സിയുടെ പരാതി.

വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അടക്കമുള്ളവർക്കെതിരെയാണ് കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ   പോലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുന്നത്.

എം.വി ഗോവിന്ദൻ നടത്താത്ത വിദ്വേഷ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെടുന്ന കെ.പി.സി.സിയുടെ പരാതിയിൽ രാജീവ് ചന്ദ്രശേഖർ നടത്തിയ കൊടും വർഗീയ പരാമർശങ്ങൾ കാണാനില്ല. ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ, ഡോ.സെബാസ്റ്റ്യൻ പോൾ, റിവ തോളൂർ ഫിലിപ്പ് എന്നിവർക്കെതിരെയാണ് കെ.പി.സി.സി പരാതി നൽകിയിരിക്കുന്നത്.

രാജീവ് ചന്ദ്രശേഖർ നടത്തിയ അഭിപ്രായപ്രകടനത്തിന് ചുവടുപിടിച്ച് നിരവധി പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉണ്ടായിരുന്നു.

ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ അടക്കമുള്ളവർ ഇത്തരത്തിലുള്ള പ്രതികരണം നടത്തിയത് കെ.പി.സി.സി അറിഞ്ഞിട്ടില്ല.

വർഗീയവിഷം ചീറ്റുന്ന പരാമർശങ്ങളുമായി വാർത്തകൾ പ്രചരിപ്പിച്ച മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സക്കറിയക്കെതിരെയും കെ.പി.സി.സിക്ക് പരാതിയില്ല.

കളമശ്ശേരി യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിന് പിന്നാലെ സ്‌ഫോടനത്തെക്കുറിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ മാധ്യമങ്ങളിലൂടേയും സമൂഹമാധ്യമങ്ങളിലൂടേയും പ്രചരിച്ചതിന് പിന്നാലെയാണ് പി.സരിൻ പരാതി നൽകിയിരിക്കുന്നത്.
സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്നതരത്തിലുള്ള പ്രസ്താവനകള്‍ക്ക് എതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

‘കളമശ്ശേരി ബോംബ് സ്‌ഫോടനം സംബന്ധിച്ച് വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ വിവിധ സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രചരിപ്പിച്ച സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, ബി.ജെ.പി നേതാവ് സന്ദീപ് ജി. വാര്യര്‍, സി.പി.ഐ.എം മുന്‍ എം.പി സെബാസ്റ്റ്യന്‍ പോള്‍, തൃണമൂല്‍ കോണ്‍ഗ്രസ് ദക്ഷിണേന്ത്യന്‍ ചാപ്റ്റര്‍ കണ്‍വീനര്‍ റിവ തോളൂര്‍ ഫിലിപ്പ് എന്നിവര്‍ക്ക് എതിരെ കേസ് എടുക്കണം.

ഇത് സംബന്ധിച്ച പരാതി അല്പസമയത്തിനകം സംസ്ഥാന പൊലീസ് മേധാവിക്ക് ഔദ്യോഗികമായി നല്‍കാന്‍ പോവുകയാണ്. സമൂഹം ഒറ്റക്കെട്ടായി നില്‍ക്കേണ്ട ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്ന ഇത്തരം സാമൂഹികവിരുദ്ധര്‍ക്ക് എതിരെ പൊതുസമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം,’ കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ. സരിന്‍ പി. പറഞ്ഞു.

നേരത്തെ കളമശ്ശേരി യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിന് പിന്നാലെ സമൂഹത്തില്‍ സംഘര്‍ഷം ഉണ്ടാക്കുന്ന രീതിയില്‍ വീഡിയോ പ്രചരിപ്പിച്ച ഷാജന്‍ സ്‌കറിയക്കെതിരെ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ പരാതി നല്‍കിയിരുന്നു.

ക്രിസ്ത്യന്‍ – മുസ്‌ലിം മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് ഷാജന്‍ സ്‌കറിയ വീഡിയോ പ്രചരിപ്പിച്ചതെന്നാണ് അന്‍വറിന്റെ പരാതിയില്‍ പറയുന്നത്.

സ്‌കറിയക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഡി.ജി.പി (ലോ ആന്‍ഡ് ഓര്‍ഡര്‍)ക്കാണ് പി.വി അന്‍വര്‍ പരാതി നല്‍കിയത്.

ഞായറാഴ്ചയാണ് കൊച്ചി കളമശ്ശേരിയില്‍ യഹോവ വിശ്വാസികളുടെ പ്രാര്‍ത്ഥന കണ്‍വെന്‍ഷനില്‍ സ്ഫോടനമുണ്ടായത്. ഇതുവരെ സ്ഫോടനത്തില്‍ മൂന്നു പേരാണ് മരണപ്പെട്ടത്. 51 പേര്‍ക്ക് പരിക്കേറ്റു.

സംഘടിത ഭീകരാക്രമണമെന്ന സംശയമുണര്‍ത്തിയെങ്കിലും പിന്നീട് യഹോവ സാക്ഷികളുടെ വിശ്വാസികളില്‍ ഒരാളായിരുന്ന മാര്‍ട്ടിന്‍ ഡൊമനിക്കാണ് സ്ഫോടനം നടത്തിയത് എന്ന സ്ഥിരീകരണത്തില്‍ പൊലീസെത്തി.

താനാണ് സ്ഫോടനം നടത്തിയതെന്ന് അവകാശപ്പെട്ട മാര്‍ട്ടിന്‍ ഡൊമനിക് തൃശ്ശൂര്‍ കൊടകര സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

ഉത്തരവാദിത്തമേറ്റുകൊണ്ടുള്ള വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. സ്ഫോടനം നടത്താനുപയോഗിച്ച റിമോട്ട് കണ്‍ട്രോള്‍ ഉള്‍പ്പെടെ വീട്ടില്‍നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്തുവരികയാണ്. യു.എ.പി.എ ഉള്‍പ്പെടെ ചുമത്തി കേസെടുത്തിട്ടുണ്ട്.
പെരുമ്പാവൂര്‍ സ്വദേശി ലിയോണ പൗലോസ്(55), തൊടുപുഴ സ്വദേശി കുമാരി (52), മലയാറ്റൂര്‍ സ്വദേശി ലിബിന (12) എന്നിവരാണ് കൊല്ലപ്പെട്ടത്.

Content Highlight: Kalamassery Bomb blast sarin’s response

We use cookies to give you the best possible experience. Learn more