'കളമശ്ശേരിയില്‍ സ്‌ഫോടനം നടത്തിയത് ഡൊമനിക് മാര്‍ട്ടിന്‍ തന്നെ'; സ്ഥിരീകരണം
കളമശ്ശേരി: കളമശ്ശേരിയില്‍ സ്‌ഫോടനം നടത്തിയത് കൊടകര സ്‌റ്റേഷനില്‍ കീഴടങ്ങിയ ഡൊമനിക് മാര്‍ട്ടിന്‍ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. റിമോര്‍ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്നും ഇന്റര്‍നെറ്റ് മുഖേനയും അല്ലാതെയും വിവരങ്ങള്‍ ശേഖരിച്ചാണ് ഇയാള്‍ ബോംബ് നിര്‍മാണമടക്കമുള്ള കാര്യങ്ങള്‍ പഠിച്ചതെന്നുമാണ് പൊലീസിനെ ഉദ്ധരിച്ച് കൊണ്ട് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഡൊമനിക് മാര്‍ട്ടിന് ചില മാനസിക പ്രശ്‌നങ്ങള്‍ കാണിക്കുന്നുണ്ടെന്നും എന്നാല്‍ അത് പൊലീസ് കാര്യമാക്കുന്നില്ലെന്നും എന്താണ് ചെയ്യുന്നത് എന്ന കാര്യത്തില്‍ കൃത്യമായ ധാരണ ഡൊമനിക്കിനുണ്ടായിരുന്നു എന്നും പൊലീസ് പറഞ്ഞു. സ്‌ഫോടനത്തിന്റേതടക്കമുള്ള ചില ദൃശ്യങ്ങള്‍ ഇയാളുടെ ഫോണിലുണ്ടായിരുന്നതായും വിവരങ്ങളുണ്ട്. ഈ വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഇയാള്‍ തന്നെയാണ് പ്രതി എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയിരിക്കുന്നത്.
ഡോമനിക് മാര്‍ട്ടിന്റെ വിവരങ്ങള്‍ നേരത്തെ പൊലീസ് പുറത്ത് വിട്ടിരുന്നു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറാണ് കൊച്ചിയില്‍ വെച്ച് മാധ്യമങ്ങളോട് കീഴടങ്ങിയ വ്യക്തിയുടെ വിവരങ്ങള്‍ കൈമാറിയത്. കൊടകരയില്‍ കീഴടങ്ങിയ വ്യക്തിയുടെ പേര് ഡൊമനിക് മാര്‍ട്ടിന്‍ എന്നാണെന്നും അദ്ദേഹം സ്വയം താനാണ് സ്‌ഫോടനം നടത്തിയത് എന്ന് അവകാശപ്പെട്ടിട്ടുണ്ട് എന്നുമായിരുന്നു എ.ഡി.ജി.പി വ്യക്തമാക്കിയിരുന്നത്.
മാത്രമല്ല ഡൊമനിക് മാര്‍ട്ടിന്‍ യഹോവ സഭയുടെ വിശ്വാസിയാണെന്നും സ്‌ഫോടനം നടത്തിയത് താനാണെന്ന് തെളിയിക്കുന്ന ചില തെളിവുകളും അദ്ദേഹം ഹാജരാക്കിയതായും എ.ഡി.ജി.പി പറഞ്ഞിരുന്നു. ഡൊമനിക് മാര്‍ട്ടിനെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിയതിന് ശേഷം മാത്രമേ ഏതെങ്കിലും തരത്തിലുള്ള തീര്‍പ്പുകളിലേക്ക് പോകാന്‍ കഴിയൂ എന്നും എ.ഡി.ജി.പി അറിയിച്ചു.
ഇന്ന് രാവിലെയാണ് കൊച്ചി കളമശ്ശേരിയില്‍ യഹോവ വിശ്വാസികളുടെ പ്രാര്‍ത്ഥനാ കണ്‍വന്‍ഷനില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ഒരു സ്ത്രീ മരണപ്പെട്ടിട്ടുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. 46 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഇതില്‍ 3 പേരുടെ നില ഗുരുതരമാണെന്നുമാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. മൂന്ന് ദിവസമായി നടന്നുവരുന്ന കണ്‍വെന്‍ഷന്റെ അവസാന ദിവസമായിരുന്നു ഇന്ന്. കളമശ്ശേരി മെഡിക്കല്‍ കോളേജിന് പുറമെ കൊച്ചിയിലെ വിവിധ സ്വകാര്യ ആശുപത്രികളിലും സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ ചികിത്സയില്‍ തുടരുന്നു.
content highlights; kalamassery blast updates, The blast was carried out by Dominic Martin himself, the police confirmed