| Sunday, 29th October 2023, 4:32 pm

കളമശ്ശേരി സ്‌ഫോടനം; കീഴടങ്ങിയ ഡൊമനിക് മാത്യു യഹോവ സാക്ഷി വിശ്വാസി, ചില തെളിവുകള്‍ ഹാജരാക്കിയെന്നും പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കളമശ്ശേരി: കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ വ്യക്തിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ട് പൊലീസ്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറാണ് കൊച്ചിയില്‍ വെച്ച് മാധ്യമങ്ങളോട് കീഴടങ്ങിയ വ്യക്തിയുടെ വിവരങ്ങള്‍ കൈമാറിയത്. കൊടകരയില്‍ കീഴടങ്ങിയ വ്യക്തിയുടെ പേര് ഡൊമനിക് മാര്‍ട്ടിന്‍ എന്നാണെന്നും അദ്ദേഹം സ്വയം താനാണ് സ്‌ഫോടനം നടത്തിയത് എന്ന് അവകാശപ്പെട്ടിട്ടുണ്ട് എന്നുമാണ് എ.ഡി.ജി.പി വ്യക്തമാക്കിയിരിക്കുന്നത്.

മാത്രമല്ല ഡൊമനിക് മാര്‍ട്ടിന്‍ യഹോവ സാക്ഷി സഭയുടെ വിശ്വാസിയാണെന്നും സ്‌ഫോടനം നടത്തിയത് താനാണെന്ന് തെളിയിക്കുന്ന ചില തെളിവുകളും അദ്ദേഹം ഹാജരാക്കിയതായും എ.ഡി.ജി.പി പറഞ്ഞു. ഡൊമനിക് മാര്‍ട്ടിനെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിയതിമ് ശേഷം മാത്രമേ ഏതെങ്കിലും തരത്തിലുള്ള തീര്‍പ്പുകളിലേക്ക് പോകാന്‍ കഴിയൂ എന്നും എ.ഡി.ജി.പി അറിയിച്ചു.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലടക്കം വ്യാജ പ്രചരണങ്ങളും സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തിലുള്ള പ്രചരണങ്ങളോ നടത്തരുതെന്നും പൊലീസ് അറിയിക്കുന്നുണ്ട്. അത്തരം പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിക്കുന്നു.

ഇന്ന് രാവിലെയാണ് കൊച്ചി കളമശ്ശേരിയില്‍ യഹോവ വിശ്വാസികളുടെ പ്രാര്‍ത്ഥനാ കണ്‍വന്‍ഷനില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ഒരു സ്ത്രീ മരണപ്പെട്ടിട്ടുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. 46 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഇതില്‍ 3 പേരുടെ നില ഗുരുതരമാണെന്നുമാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. മൂന്ന് ദിവസമായി നടന്നുവരുന്ന കണ്‍വെന്‍ഷനിന്റെ അവസാന ദിവസമായിരുന്നു ഇന്ന്. കളമശ്ശേരി മെഡിക്കല്‍ കോളേജിന് പുറമെ കൊച്ചിയിലെ വിവിധ സ്വകാര്യ ആശുപത്രികളിലും സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ ചികിത്സയില്‍ തുടരുന്നു.

content highlights; kalamassery blast updates, Information about Dominic Mathew who surrendered

We use cookies to give you the best possible experience. Learn more