| Sunday, 29th October 2023, 12:13 pm

കളമശ്ശേരി പൊട്ടിത്തെറി; ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി, ഭീകരപ്രവര്‍ത്തനമെന്ന് സംശയിക്കുന്നതായി എം.വി.ഗോവിന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കളമശ്ശേരി: കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനം ദൗര്‍ഭാക്യകരമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ ഗൗരവമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കളമശ്ശേരി യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ പൊട്ടിത്തെറി ഭീകര പ്രവര്‍ത്തനമാണെന്ന് സംശയിക്കുന്നതായും എന്നാല്‍ മുന്‍വിധിയോടെ വിഷയത്തെ സമീപ്പിക്കുന്നില്ല എന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതികരിച്ചു. ഡല്‍ഹിയില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഫലസ്തീന്‍ ജനതക്ക് കേരളത്തില്‍ നിന്ന് ലഭിക്കുന്ന പിന്തുണയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയുള്ള ശ്രമമാണോ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് ബോംബിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചതായുള്ള വിവരങ്ങളുണ്ടെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

വളരെയേറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞു. പ്രതിപക്ഷ നേതാവ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

അതേസമയം 35 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി സ്ഥിരീകരിച്ചു. ഏഴ് പേരുടെ നില ഗുരുതരമാണ്. എല്ലാ വിധത്തിലുമുള്ള ചികിത്സ സൗകര്യങ്ങളും ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവധിയിലുള്ള ആരോഗ്യ പ്രവര്‍ത്തകരോട് ജോലിയില്‍ പ്രവേശിക്കാനും നിര്‍ദേശമുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളേജിന് പുറമെ സ്വകാര്യ ആശുപത്രികളിലും സൗകര്യമൊരുക്കിയിട്ടുണ്ട്.

സംഭവത്തില്‍ എന്‍.ഐ.എ ഉള്‍പ്പടെയുള്ള അന്വേഷണ സംഘങ്ങള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി മുഖ്യമന്ത്രിയെ വിളിച്ച് വിവരങ്ങള്‍ തേടിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് രാവിലെയാണ് യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ സ്ഥലത്ത് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തില്‍ ഒരാള്‍ മരിച്ചിട്ടുണ്ട്. 2500 പേരാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് കൊണ്ടിരുന്നത്.

CONTENT HIGHLIGHTS; kalamassery blast updates

We use cookies to give you the best possible experience. Learn more